Top

'അനില്‍ ആന്റണിയുടെ രാജി ആശയപരമായ അനിവാര്യത': യൂത്ത് കോണ്‍ഗ്രസ്

ബിബിസി ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട് അനില്‍ ആന്റണി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് പാര്‍ട്ടി ചുമതലകളില്‍ നിന്നും രാജിവെക്കുന്നത്.

25 Jan 2023 6:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അനില്‍ ആന്റണിയുടെ രാജി ആശയപരമായ അനിവാര്യത: യൂത്ത് കോണ്‍ഗ്രസ്
X

പാലക്കാട്: അനില്‍ കെ ആന്റണിയുടെ രാജി ആശയപരമായ അനിവാര്യതയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രത്തില്‍ നിന്നുകൊണ്ട് അനിലിന്റേത് പോലുള്ള ഒരു പരാമര്‍ശം നടത്താനാകില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.കോണ്‍ഗ്രസ് ഒരു സംഘടനമാത്രമല്ല, അതിനൊരു അടിത്തറയുണ്ട്. ഡോക്യൂമെന്ററിയുടെ പേരില്‍ കോണ്‍ഗ്രസ് വീണ്ടും വിഭജിക്കേണ്ടതില്ല. അത്തരം പ്രവണതകള്‍ ഇല്ലാതിരിക്കാനുള്ള ജാഗ്രത പൊതു സമൂഹത്തിന് ഉണ്ടാവണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

മോദിയെ മരണത്തിന്റെ വ്യാപാരിയെന്ന് വിളിച്ച പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. അത് ഒരു വ്യക്തിയുടെ നിലപാട് കൊണ്ട് അതിന്റെ ആത്മാര്‍ത്ഥത കുറഞ്ഞ് പോകില്ലെന്നും ഷാഫി പറമ്പില്‍ കൂട്ടിചേര്‍ത്തു.

'ഇന്ത്യയുടെ പരമാധികാരം നീര്‍കുമിളയല്ല, സ്വാതന്ത്ര്യസമരത്തിലൂടേയും ഭരണഘടന വിഭാവനം ചെയ്ത അവകാശങ്ങളിലൂടേയും പതിറ്റാണ്ടുകളായി ശക്തമായ അടിത്തറയില്‍ കെട്ടിപ്പടുക്കപ്പെട്ടിട്ടുള്ള ഒന്നാണത്. അതിന്റെ ഏക ചിഹ്നം നരേന്ദ്രമോദിയാണെന്ന ചിന്ത യൂത്ത് കോണ്‍ഗ്രസിനില്ല. സ്റ്റേറ്റ് എന്നാല്‍ ഭരണകൂടവും മോദിയുമാണെന്ന ധാരണയിലല്ല കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ മോദിക്കെതിരായ വിമര്‍ശനങ്ങള്‍ ഇന്ത്യക്കെതിരായ വിമര്‍ശനങ്ങളാണെന്ന് ധരിക്കാന്‍ തയ്യാറല്ല. അത് ഉള്‍കൊള്ളാനും കഴിയില്ല. അന്നത്തെ ഭരണകൂടവും അന്നത്തെ മുഖ്യമന്ത്രിയും കലാപം തടയുന്ന കാര്യത്തിലും അത് പടരുന്ന കാര്യത്തിലും ബോധപൂര്‍വ്വമായ വീഴ്ച്ചകള്‍ വരുത്തിയത് അന്നും ഇന്നും കോണ്‍ഗ്രസ് തുറന്ന് പറഞ്ഞിട്ടുണ്ട്. അത് ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കുന്ന ഒന്നാണ് എന്ന് കരുതണമെങ്കില്‍ ഇന്ത്യയുടെ പരമാധികാരം മോദിയാണ് എന്ന ചിഹ്നത്തിലേക്ക് കൊണ്ടുപോകുന്ന തരത്തിലുള്ള ഭക്തരെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്നില്ല.' എന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ബിബിസി ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട് അനില്‍ ആന്റണി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് പാര്‍ട്ടി ചുമതലകളില്‍ നിന്നും രാജിവെക്കുന്നത്. പാര്‍ട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് രാജി. 'മുഖസ്തുതിക്കാര്‍ക്കും പാദവേസവകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനാണ് നിങ്ങള്‍ക്കും നിങ്ങളുടെ ഒപ്പമുള്ളവര്‍ക്കും കഴിയുകയെന്ന് എനിക്ക് ബോധ്യപ്പെട്ടു' എന്ന് കത്തില്‍ അനില്‍ ആരോപിക്കുന്നു. എന്നാല്‍ ആരെ അഭിസംബോധന ചെയ്താണ് കത്ത് എന്നത് വ്യക്തമല്ല. പാര്‍ട്ടി ചുമതലകളില്‍ നിന്നും രാജി വെച്ചുള്ള കത്തിലാണ് നേതൃത്വത്തിനെതിരേയും വിമര്‍ശനം ഉന്നയിക്കുന്നത്. ഈ കാലയളവില്‍ തന്നെ പിന്തുണച്ചവര്‍ക്ക് നന്ദിയും അനില്‍ കെ ആന്റണി അറിയിച്ചു. കേരള നേതൃത്വത്തിന് നന്ദി അറിയിച്ചതിന് പുറമേ ശശി തരൂര്‍ എംപിയുടെ പേര് പ്രത്യേകം ഇവിടെ പരാമര്‍ശിക്കുന്നുണ്ട്.

ഇന്ത്യയുടെ പരമാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്ററിയിലെ പരാമര്‍ശങ്ങള്‍ എന്നായിരുന്നു അനില്‍ ആന്റണിയുടെ പ്രതികരണം. ബിബിസിയേക്കാള്‍ രാജ്യത്തെ സ്ഥാപനങ്ങളെയാണ് തനിക്ക് വിശ്വാസമെന്നും അനില്‍ ആന്റണി പറഞ്ഞിരുന്നു.

Story Highlights: shafi parambil reaction over anil k antony resignation

Next Story