Top

'സര്‍ക്കാര്‍ ഒരിക്കലും അമ്മയ്ക്ക് ഒപ്പമായിരുന്നില്ല'; സിപിഐഎമ്മിന് ഇത്ര അധഃപതിക്കാനാകുമോയെന്ന് ഷാഫി പറമ്പില്‍

സിപിഐഎം ജനങ്ങളോട് മറുപടി പറയണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

24 Nov 2021 1:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സര്‍ക്കാര്‍ ഒരിക്കലും അമ്മയ്ക്ക് ഒപ്പമായിരുന്നില്ല; സിപിഐഎമ്മിന് ഇത്ര അധഃപതിക്കാനാകുമോയെന്ന് ഷാഫി പറമ്പില്‍
X

അനുപമക്ക് സ്വന്തം കുഞ്ഞിനെ ലഭിക്കരുത് എന്ന തീരുമാനമെടുത്തത് കേരളത്തിലെ സിപിഐഎം ആണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്പില്‍. സിപിഐഎമ്മന്റെ നിര്‍ദ്ദേശമാണ് ശിശുക്ഷേമ സമിതി നടപ്പിലാക്കിയതെന്നും ഷാഫി പറഞ്ഞു. ഇക്കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നത്. സിപിഐഎമ്മും സര്‍ക്കാരും ഒരിക്കലും അമ്മക്കൊപ്പം നിന്നിട്ടില്ലെന്നും ഷാഫി പറമ്പില്‍ തൃശൂരില്‍ പറഞ്ഞു.

വിഷയം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലോ ശിശുക്ഷേമ സമിതിയിലോ ഷിജു ഖാനെന്ന നേതാവിലോ അവസാനിക്കുന്ന ഒന്നല്ല. ഷിജു ഖാന്‍ നടപ്പിലാക്കിയത് പാര്‍ട്ടി നിലപാടാണെന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ഒരു സര്‍ക്കാരിനെങ്ങനെയാണ് ഇത്തരത്തില്‍ പെരുമാറാന്‍ സാധിക്കുന്നതെന്നും ഷാഫി ചോദിച്ചു. സിപിഐഎം എന്നൊരു പ്രസ്ഥാനം ഇങ്ങനെ അധഃപതിക്കാന്‍ പാടുണ്ടോ എന്നും, അതിന് പാര്‍ട്ടി ജനങ്ങളോട് മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദത്ത് വിവാദത്തില്‍ സിഡബ്ല്യുസിയ്ക്കും ശിശുക്ഷേമ സമിതിയ്ക്കും ഗുരുതര വീഴ്ച ഉണ്ടായെന്ന വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ രംഗത്തെത്തിയത്.

സിഡബ്ല്യുസിയെയും ശിശുക്ഷേമ സമിതിയെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് വീഴ്ചകളാണ് വകുപ്പുതല റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നത്.

കുഞ്ഞിനെ അന്വേഷിച്ച് അനുപമ പരാതി നല്‍കിയ ശേഷവും ദത്ത് നടപടികളുമായി മുന്നോട്ടു പോയി. പരാതിയില്‍ സിറ്റിംഗ് നടത്തിയിട്ടും ദത്ത് തടയാന്‍ സിഡബ്ല്യൂസി ഇടപെട്ടില്ല. സിറ്റിങിന് ശേഷവും സിഡബ്ല്യുസി പൊലീസിനെ അറിയിച്ചില്ലെന്നുമാണ് ആക്ഷേപം. വനിതാ ശിശു വികസന ഡയറക്ടര്‍ ടി.വി അനുപമ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. വകുപ്പ് മന്ത്രി വീണാ ജോര്‍ജിനും സെക്രട്ടറിയ്ക്കുമാണ് റിപ്പോര്‍ട്ട് കൈമാറുക.

ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ എന്‍ സുനന്ദ എന്നിവരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. അമ്മ കുഞ്ഞിനെ തിരയുന്ന വിവരം സിഡബ്ല്യൂസിയും ശിശുക്ഷേമ സമിതിയും നേരത്തെ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാണ്. പത്രപ്പരസ്യം കണ്ട ശേഷം അജിത്ത് പല തവണ ഷിജുഖാനെ കണ്ടിരുന്നു. എന്നാല്‍ രേഖകളില്‍ ഈ സന്ദര്‍ശനം സന്ദര്‍ശനം സംബന്ധിച്ച് പരാമര്‍ശമില്ല. ശിശുക്ഷേമ സമിതി രജിസ്റ്ററില്‍ ഒരു ഭാഗം ചുരണ്ടി മാറ്റിയ നിലയിലാണെന്നും അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Next Story

Popular Stories