Top

'കെ എൻ എ ഖാദറിനെതിരെ ഉയരുന്ന വിമർശനങ്ങൾ അനാവശ്യം'; ശബ്ദരേഖയിലെ നിലപാടിലുറച്ച് ഷാഫി ചാലിയം

25 Jun 2022 7:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെ എൻ എ ഖാദറിനെതിരെ ഉയരുന്ന വിമർശനങ്ങൾ അനാവശ്യം; ശബ്ദരേഖയിലെ നിലപാടിലുറച്ച് ഷാഫി ചാലിയം
X

കൊച്ചി: മുസ്ലീം ലീഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെഎൻഎ ഖാദർ ആർഎസ്എസ് പശ്ചാത്തലമുള്ള സംവാദത്തിൽ പങ്കെടുത്തതിനെ പിന്തുണച്ച് സംസാരിക്കുന്ന ശബ്ദ സന്ദേശത്തിലെ നിലപാടിലുറച്ച് ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. കെഎൻഎ ഖാദറിനെതിരെ അനാവശ്യമായ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് അത്തരത്തിൽ സംസാരിച്ചത്. അദ്ദേഹത്തെ പോലുളള വ്യക്തികൾ പാർട്ടിയിൽ നിന്നും പോകുന്നതിനെ പ്രയാസത്തിൽ കാണുന്ന വ്യക്തിയാണ് താൻ. തന്റെ സഹപ്രവർത്തകന് പാർട്ടിയിൽ നിന്ന് പുറത്തേക്കുളള വഴിയൊരുക്കുന്നുണ്ടെങ്കിൽ അതിലുള്ള ദുഃഖം തന്റെ ഫോൺ സംഭാഷണത്തിൽ കണ്ടേക്കാം. അതേസമയം വിഷയത്തിൽ സാദിഖലി ശിഹാബ് തങ്ങൾ എടുക്കുന്ന നിലപാടിനോട് ഒപ്പം താൻ നിൽക്കുമെന്നും ഷാഫി ചാലിയം റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

കെ എൻ എ ഖാദറിനെ മനസിലാക്കാത്തത് മുസ്ലീം ലീഗ് മാത്രമാണെന്നും തന്റെ അഭിപ്രായത്തിൽ കെഎൻഎ ഖാദറിന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നുമായിരുന്നു ഫോൺ സംഭാഷണത്തിലെ ഷാഫി ചാലിയത്തിന്റെ പ്രതികരണം. സംവാദത്തെ ഭയക്കുന്നവർ ഭീരുക്കളാണ്. ഖാദറിന്റെ അറിവിനോളം നിൽക്കാൻ പറ്റുന്നവർ നമ്മുടെ പാർട്ടിയിലില്ല. മുസ്ലീം ലീഗിന്റെ കേരള യാത്രയിൽ കെ എൻ എ ഖാദറിന് ഒരു അവസരവും നൽകിയില്ല,' മറ്റ് പാർട്ടിയിലായിരുന്നെങ്കിൽ കെ എൻ എ ഖാദർ ഗവർണറോ മന്ത്രിയോ ആയേനെയെന്നും ഷാഫി ചാലിയം ശബ്ദ സന്ദേശത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഷാഫി ചാലിയത്തിന്റെ വാക്കുകൾ

മനുഷ്യർ തമ്മിൽ പരസ്പരം സംസാരിക്കുന്നതൊക്കെ, അതിലെ ചില ഭാഗങ്ങൾ ഒഴിവാക്കി മാധ്യമങ്ങൾക്ക് നൽകുന്നത് വിശ്വാസ വഞ്ചന ആണ്. അതിനെ പ്രോത്സാഹിപ്പിക്കുകയല്ലെ മാധ്യമങ്ങളും ചെയ്യുന്നത്. പാർട്ടിയെ ന്യായീകരിക്കുന്ന ഭാഗങ്ങൾ ഒക്കെ ഒഴിവാക്കി, അതിൽ വിവാദത്തിന് സാധ്യതയുളളതൊക്കെ ഉൾപ്പെടുത്തി നൽകുന്നത് തെറ്റാണ്. ഒരു പ്രചാരകൻ എന്ന നിലയിൽ പാർട്ടിയെ പ്രതിരോധിക്കുക എന്നതാണ് ഞങ്ങളുടെയൊക്കെ ജോലി. മാധ്യമങ്ങളിലായാലും പ്രസംഗ വേദിയിലായാലും ഞാൻ എന്നും പാർട്ടിക്കൊപ്പമാണ്. സഹപ്രവർത്തകർക്ക് ഇടയിൽ ഓരോ വിഷയങ്ങൾ വരുമ്പോൾ പാർട്ടിക്ക് ഒരു നിലപാട് ഉണ്ടാവും.

ഖാദർ സാഹിബ് പോലുളള വ്യക്തികൾ പാർട്ടിയിൽ നിന്നും പോകുന്ന സാഹചര്യത്തെ പ്രയാസത്തിൽ കാണുന്ന വ്യക്തിയാണ് ഞാൻ. അദ്ദേഹം മാത്രമല്ല ആരും തന്നെ പാർട്ടിയിൽ നിന്നും പുറത്തേക്ക് പോവുന്നതിൽ സങ്കടം തന്നെയാണ്. പാർട്ടിയിൽ ആളെ നിലനിർത്താനും പുതിയ ആളുകളെ കൊണ്ടുവരാനും പരിശ്രമിക്കുന്നവരാണ് ഞങ്ങൾ. അതുകൊണ്ട് ഒരു സഹപ്രവർത്തകന് പാർട്ടിയിൽ നിന്ന് പുറത്തേക്കുളള വഴിയൊരുക്കുന്നുണ്ടെങ്കിൽ അതിലുള്ള ദുഃഖം എന്റെ ഫോൺ സംഭാഷണത്തിൽ കണ്ടേക്കാം.

ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയും മുസ്ലീം ലീഗ് വിരുദ്ധരും ബിജെപിയും സോഷ്യൽ മീഡിയയിൽ ഖാദർ സാഹിബിന്റെ വിഷയത്തിനെ ഒരു പരിധിക്ക് അപ്പുറത്തേക്ക് കൊണ്ടുപോയപ്പോൾ, അതിനെയെല്ലാം പ്രതിരോധിക്കാനുളള സ്വകാര്യ സംഭാഷണങ്ങളാണ് ഇതെല്ലാം. ഏതൊരു വിഷയത്തിലും ഒരു മനുഷ്യന് ചില വിലയിരുത്തലുകൾ ഉണ്ടാവും. പക്ഷെ പാർട്ടി ആ വിഷയത്തിൽ ഒരു നിലപാട് എടുത്താൽ അതിനൊപ്പം നിൽക്കും. അതിന്റെ പ്രാചരകനായി മാറും. പാർട്ടി ഇന്നാണ് വിഷയം ചർച്ച ചെയ്യുന്നത്. സാദിഖലി ശിഹാബ് തങ്ങൾ വിഷയത്തിൽ എന്ത് നിലപാട് എടുത്താലും അതിനൊപ്പം നിൽക്കും.

ഖാദർ സാഹിബിനെതിരെ അനാവശ്യമായ വിമർശനങ്ങൾ ഉയർന്നപ്പോഴാണ് അങ്ങനെ സംസാരിച്ചത്. പാർട്ടി ഒരു തീരുമാനം എടുത്ത് കഴിഞ്ഞാൽ എന്റെ വിലയിരുത്തലുകൾക്കൊന്നും സ്ഥാനമില്ല. ഇതൊല്ലാം പാർട്ടി പ്രവർത്തകുടെ ഇടയിൽ ഉയർന്നു വരുന്ന ചില സ്വകാര്യ വിലയിരുത്തലുകളാണ്. വിളിക്കുന്ന ആളുകളുടെ ആശങ്കകൾക്കും ചോദ്യങ്ങൾക്കും ചില മറുപടികൾ കൊടുക്കും. പാർട്ടി നിലപാട് എങ്ങനെയായിരിക്കണം എന്ന ആഗ്രഹത്തിന്റെ പുറത്തുളള മറുപടികളാണ് അതൊക്കെ. ഫോൺ എടുത്തില്ലെങ്കിൽ തലക്കനം ഉളളവനാണെന്ന് പറയും. പാർട്ടിയുടെ വക്താവ് എന്ന നിലയിൽ ചർച്ചയിൽ സംസാരിക്കുമ്പോൾ ഇങ്ങനെയുളള നീക്കങ്ങളിൽ ദുഃഖമുണ്ട്. ഇത്തരത്തിൽ വിശ്വാസ വഞ്ചന നടത്തി പൊതു സമൂഹത്തിൽ അപമാനിക്കുന്നത് ദുഃഖകരമാണ്. ഞാൻ പാർട്ടിയുടെ ഉൽപ്പന്നമാണ്. എന്റെ പാർട്ടിയും പ്രവർത്തകരും എനിക്ക് പ്രിയപ്പെട്ടവരാണ്.

STORY HIGHLIGHTS: Shafi Chaliyam says criticisms against KNA Khader was unnecessary

Next Story