'ഡിബി കോളേജിലെ കെഎസ്യു നേതാക്കള്‍ക്ക് ലഹരിമാഫിയ ബന്ധം'; തെളിവുകള്‍ പുറത്തുവിട്ട് എസ്എഫ്ഐ
സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും എസ്എഫ്ഐ കുന്നത്തൂര്‍ ഏരിയാ കമ്മിറ്റി.
18 May 2022 11:38 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ശാസ്താംകോട്ട ഡിബി കോളേജിലെ കെഎസ്യു നേതാക്കള്‍ക്ക് ലഹരിമാഫിയ ബന്ധമുണ്ടെന്ന് ആരോപിച്ച് എസ്എഫ്ഐ കുന്നത്തൂര്‍ ഏരിയാ കമ്മിറ്റി. കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വാട്സ്ആപ്പ് ചാറ്റ് സഹിതമുള്ള തെളിവുകള്‍ പുറത്തുവിട്ടു കൊണ്ടാണ് എസ്എഫ്ഐ ഇക്കാര്യം വ്യക്തമാക്കിയത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും, കെ.എസ്.യു മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ അലന് ജേക്കബ്, ഡി.ബി കോളേജ് യൂണിറ്റ് ഭാരവാഹിയും, കെ.എസ്.യു ബ്ലോക്ക് സെക്രട്ടറിയുമായ അനന്ദു മല്ലശ്ശേരി എന്നിവരുടെ ദൃശ്യങ്ങളാണ് എസ്എഫ്ഐ പുറത്തുവിട്ടത്.
കൊല്ലം ജില്ലയിലെ വിവിധ സ്കൂളുകളിലും എംഡിഎംഎ അടക്കമുള്ള ലഹരിമരുന്ന് കച്ചവടത്തിന് നേതൃത്വം നല്‍കുന്നത് ഡിബി കോളേജിലെ കെഎസ്യു നേതാക്കളാണ്. ലഹരിമരുന്ന് കച്ചവടും മാത്രമല്ല, പ്രദേശത്തെ നിരവധി സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും ഇവരാണെന്ന് എസ്എഫ്ഐ ആരോപിച്ചു. അലനും അനന്തുവും യൂത്തുകോണ്‍ഗ്രസ് നേതാക്കളുടെ ഏജന്റുന്മാരാണ്. ലഹരിമരുന്ന് കച്ചവടത്തിലൂടെ ലഭിക്കുന്ന പണം കൈകാര്യം ചെയ്യുന്നത് മുതിര്‍ന്ന നേതാക്കളാണ്. വിദ്യാര്‍ത്ഥികളെ ലഹരിമരുന്ന് കച്ചവടത്തിന് ഈ സംഘം ഉപയോഗപ്പെടുത്തുന്നുണ്ടോയെന്ന് സംശയമുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും എസ്എഫ്ഐ കുന്നത്തൂര്‍ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
വിഷയത്തില്‍ ഡിവൈഎഫ്ഐ കുന്നത്തൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസ്താവന: ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജും, കൊല്ലം ജില്ലയിലെ വിവിധ സ്കൂളുകളും കേന്ദ്രീകരിച്ചു കുന്നത്തൂരിലെ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് കെ.എസ്.യു മയക്കുമരുന്ന് ഗുണ്ടാ മാഫിയ നേതാക്കള്‍ നടത്തി വരുന്ന ലഹരി മരുന്ന് കച്ചവടം അവസാനിപ്പിക്കണമെന്നും, കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ കുന്നത്തൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും, കെ.എസ്.യു മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ അലന് ജേക്കബ്, ഡി. ബി കോളേജ് യൂണിറ്റ് ഭാരവാഹിയും, കെ.എസ്.യു ബ്ലോക്ക് സെക്രട്ടറിയുമായ അനന്ദു മല്ലശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ MDMA, കഞ്ചാവ് ഉള്‍പ്പെടെയുള്ള മാരക മയക്കുമരുന്നുകള്‍ കച്ചവടം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ആഡംബര ജീവിതം നയിക്കുന്ന ഇവരുടെ സാമ്പത്തിക സ്രോതസ് ഇതിനോടകം ചര്‍ച്ചാ വിഷയമായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിയുമായിരുന്ന ദിനേശ് ബാബു, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കൂടിയായ തുണ്ടില്‍ നൗഷാദ്, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷാനവാസ് എന്നിവരുടെ വാഹനകളാണ് ഇവര്‍ നിരന്തരം ഉപയോഗിച്ച് വരുന്നത്. ഇവരുടെ മയക്കുമരുന്ന് മാഫിയ ബന്ധം അന്വേഷിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതാണ്. ഡി.ബി കോളേജിലെ യൂണിയന് പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് ഭീമമായ തുകയാണ് ഓരോ വര്‍ഷവും ഇവര്‍ ചിലവാക്കി വന്നിരുന്നത്. കുടുംബപരമായി യാതൊരു സാമ്പത്തിക ശേഷിയും പേരിന് ഒരു തൊഴില്‍ പോലുമില്ലാത്ത ഇവരുടെ ആഡംബര വാഹനങ്ങളിലെ യാത്രയും ജീവിത ശൈലിയും ഇതിനോടകം നിരവധി തവണ ചര്‍ച്ചയായിട്ടുള്ളതാണ്.
കഞ്ചാവും MDMA ശേഖരിച്ചു സ്കൂളുകളിലും കോളേജുകളിലും വില്‍പ്പന നടത്തുകയും, ആശയ വിനിമയത്തിനായി ചില കോഡുകളും ഉപയോഗിച്ചു വന്നിരുന്നു. പെണ്കുട്ടികളെയടകം ഇവര്‍ സൗഹൃദം നടിച്ചു മയക്കുമരുന്നിന് അടിമയാക്കുന്നതായും ഇത്തരം ലഹരി വസ്തുക്കള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതായും ഇതിനോടകം പരാതികള്‍ പുറത്തു വന്നു. ഇത്തരം കൊടും ക്രിമിനലുകളാണ് DB കോളേജിലും പുറത്തും കഴിഞ്ഞ കാലങ്ങളില്‍ സംഘര്‍ഷങ്ങള്‍ നടത്തി വന്നിരുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് മഠത്തില്‍ അനസ് ഖാന് ചാരായ കേസില്‍ പ്രതിയാണ്. ബോംബ് ഏറു കേസിലെ പ്രതിയാണ് കഴിഞ്ഞ കെ.എസ്.യു യൂണിയന്റെ യൂ.യൂ.സി ആയിരുന്നത്.
ഇതിലൂടെ ജില്ലയിലെയും ദേവസ്വം ബോര്‍ഡ് കോളേജിലെയും മഹാ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളെയും മാരക ലഹരി മരുന്നുകള്‍ക്ക് അടിമാക്കി അവരുടെ ജീവിതം ഇല്ലാതാകുന്ന സാമൂഹ്യ ദ്രോഹികളാണ് ഇവര്‍. ഇവര്‍ സമൂഹത്തിന്റെ നിലനില്‍പ്പിന് തന്നെ അപകടകാരികളാണ്. വ്യക്തമായ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇത്തരം കൊടും ക്രിമിനലുകളെ ഒറ്റപ്പെടുത്താന്‍ പൊതു സമൂഹവും DB കോളേജിലെ പ്രബുദ്ധരായ വിദ്യാര്‍ത്ഥികളും തയ്യാറാകണമെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.
- TAGS:
- SFI
- KSU
- DB College
- drug mafia
- Drug Case