Top

'നടക്കാന്‍ തുടങ്ങി, തിരിച്ചുവരും ശക്തമായി'; അപര്‍ണ ഗൗരിയുടെ ചിത്രം പങ്കുവച്ച് പിതാവ്

പിവി അന്‍വര്‍ എംഎല്‍എ, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ തുടങ്ങിയവര്‍ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്.

27 Jan 2023 1:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നടക്കാന്‍ തുടങ്ങി, തിരിച്ചുവരും ശക്തമായി; അപര്‍ണ ഗൗരിയുടെ ചിത്രം പങ്കുവച്ച് പിതാവ്
X

കല്‍പ്പറ്റ: മേപ്പാടി പോളിടെക്‌നിക് കോളേജില്‍ മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന എസ്എഫ്‌ഐ നേതാവ് അപര്‍ണ ഗൗരിയുടെ ചിത്രം പങ്കുവച്ച് പിതാവ്. മകള്‍ നടക്കാന്‍ തുടങ്ങിയെന്നും ശക്തമായി തിരിച്ചുവരുമെന്നും പിതാവ് ഫേസ്ബുക്കിലൂടെ അറിയിച്ചു. പിവി അന്‍വര്‍ എംഎല്‍എ, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ തുടങ്ങിയവര്‍ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഡിസംബര്‍ ആദ്യവാരമാണ് ക്യാമ്പസിലെ മയക്കുമരുന്ന് മാഫിയക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ അപര്‍ണയ്ക്ക് നേരെ ആക്രമണമുണ്ടായത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെയാണ് എസ്എഫ്‌ഐ ജില്ലാ നേതാവായ അപര്‍ണയെ സംഘം ക്രൂരമായി മര്‍ദിച്ചത്. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുന്‍പായിരുന്നു അക്രമണം. കോളേജില്‍ എസ്എഫ്‌ഐ ചുമതലയുണ്ടായിരുന്ന അപര്‍ണയെ ക്യാമ്പസ് പരിസരത്ത് ഇരിക്കുന്നതിനിടെയാണ് 'ട്രാബിയൊക്ക്്' എന്ന പേരില്‍ അറിയപ്പെടുന്ന മയക്കുമരുന്ന് സംഘം ആക്രമിച്ചത്. മുടിക്ക് കുത്തി പിടിച്ച് കോളേജ് മതിലിനോട് ചേര്‍ത്ത് നിര്‍ത്തി വടികൊണ്ട് അടക്കം അടിക്കുകയും മതിലില്‍ നിന്ന് താഴെക്ക് തള്ളിയിടുകയും ചെയ്തു. ദേഹത്ത് ചവിട്ടുകയും ചെയ്തു. ബഹളം കേട്ടെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് അപര്‍ണയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ആഴ്ചകളായി ചികിത്സയില്‍ കഴിയുകയാണ് അപര്‍ണ.


കോളേജിലെ എംഎസ്എഫും കെഎസ്‌യുവും വളര്‍ത്തിയ ട്രാബിയൊക്ക് എന്ന സംഘമാണ് അപര്‍ണയെ ആക്രമിച്ചതെന്ന് എസ്എഫ്‌ഐ വ്യക്തമാക്കിയിരുന്നു. തന്നെ ആക്രമിച്ചവര്‍ക്ക് സംരക്ഷണം ഒരുക്കിയത് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധീഖാണെന്ന് അപര്‍ണ പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥിക്കായി സമരം ചെയ്യുന്നത് യുഡിഎഫ് ജില്ലാ നേതൃത്വമാണെന്നും അപര്‍ണ പറഞ്ഞിരുന്നു. കേസില്‍ പ്രതികളായ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ അഭിനന്ദ്, അഭിനവ്, കിരണ്‍രാജ്, അലന്‍ ആന്റണി, മുഹമ്മദ് ഷിബിലി തുടങ്ങിയവരെ കോളേജില്‍ നിന്ന് പുറത്താക്കിയിരുന്നു.


Next Story