'അവരെ തുറുങ്കിലടയ്ക്കണം'; ചേര്‍ത്തല എസ് എച്ച് നഴ്സിംഗ് കോളേജ് വെബ് സൈറ്റ് തകര്‍ത്ത് ഹാക്കര്‍മാര്‍
'പ്രിന്‍സിപ്പാളിനെ സസ്പെന്‍ഡ് ചെയ്യുക. ലൈംഗീക അതിക്രമത്തിന് പിന്നിലുള്ള എല്ലാ സ്റ്റാഫുകളും ജയിലില്‍ അടയ്ക്കപ്പെടണം' എന്ന വാചകമാണ് ഹോം പേജിന് പകരമായി വരുന്നത്.
13 May 2022 4:13 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആലപ്പുഴ: വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന ആരോപണം ഉയര്‍ന്ന ചേര്‍ത്തല എസ് എച്ച് നഴ്സിംഗ് കോളേജിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. 'www.shcollegeofnursing.com' എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ കയറുമ്പോള്‍ ഹാക്ക് ചെയ്തിരിക്കുന്നു എന്ന വിവരമാണ് ലഭിക്കുക. 'പ്രിന്‍സിപ്പാളിനെ സസ്പെന്‍ഡ് ചെയ്യുക. ലൈംഗീക അതിക്രമത്തിന് പിന്നിലുള്ള എല്ലാ സ്റ്റാഫുകളും ജയിലില്‍ അടയ്ക്കപ്പെടണം' എന്ന വാചകമാണ് ഹോം പേജിന് പകരമായി വരുന്നത്. ഹാക്കര്‍മാര്‍ ഉപയോഗിക്കാറുള്ള ഗയ് ഫോക്സ് മുഖംമൂടി ചിത്രങ്ങളും ഇതിനോടൊപ്പമുണ്ട്.
ആരോപണങ്ങളേത്തുടര്‍ന്ന് ചേര്‍ത്തല എസ് എച്ച് നഴ്സിങ്ങ് കോളേജ് വൈസ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. നഴ്സിംഗ് കൗണ്‍സിലാണ് നടപടി സ്വീകരിച്ചത്. നഴ്സിംഗ് കോളേജിനെതിരെയും നടപടി ഉണ്ടായേക്കും. ഗുരുതര ആരോപണങ്ങളായിരുന്നു ചേര്‍ത്തല എസ്എച്ച് നഴ്സിംഗ് കോളേജ് വൈസ്പ്രിന്സിപ്പിലിനെതിരെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചത്. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ നഴ്സിങ് വിദ്യാഭ്യാസ ഡീനിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തിരുന്നു. കോളേജിനെതിരെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നഴ്സിംഗ് കൗണ്‍സില്‍ ആരോഗ്യ സര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഒരുമിച്ച് നടക്കുകയോ പഠിക്കുകയോ ചെയ്താല്‍ സ്വവര്‍ഗ ലൈംഗിക ബന്ധമാണെന്ന് വൈസ് പ്രിന്‍സിപ്പാള്‍ ചിത്രീകരിക്കുന്നു, അധ്യാപകരുടെ ചെരുപ്പും ഓപ്പറേഷന് തിയ്യറ്ററിലെ ശുചിമുറിയും വരെ വിദ്യാര്‍ത്ഥികളെക്കൊണ്ട് വൃത്തിയാക്കിച്ചു, ദിവസേന നിര്‍ബന്ധമായും പ്രാര്‍ത്ഥനാചടങ്ങുകളില്‍ പങ്കെടുക്കണം, വീട്ടില്‍ പോകാന്‍ പോലും അനുവദിക്കാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറഞ്ഞിരുന്നു.
'വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് പഠിക്കുന്നത്, സംസാരിക്കുന്നത്, നടക്കുന്നത് ഒക്കെ കണ്ടാല്‍ സ്വവര്‍ഗ ലൈംഗിക ബന്ധമായി വൈസ് പ്രിന്‍സിപ്പല്‍ ചിത്രീകരിക്കും എന്നായിരുന്നു ആരോപണം. വസ്ത്രത്തില്‍ ചുളിവുകള്‍ കണ്ടാലും ഇതേ സ്ഥിതിയാണെന്നാണ് മൂന്നാം വര്‍ഷ, നാലാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നത്. ക്ലിനിക്കല്‍ ഡ്യൂട്ടിയിലുള്ള കുട്ടികള്‍ ലേബര്‍ റൂമിലെയും സര്‍ജിക്കല്‍ വാര്‍ഡിലെയും ഓപ്പറേഷന് തിയേറ്ററിലെയും വരെ വാഷ്ബേസിനും ടോയ്ലറ്റും വൃത്തിയാക്കണം'.
ജയിലിന് സമാനമെന്നാണ് ഹോസ്റ്റലിനെ നഴ്സിംഗ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചത്. അവധി ദിനത്തില്‍ പോലും വീട്ടില്‍ പോവാന്‍ സാധിക്കില്ല. പോയാല്‍ പിഴ ഈടാക്കും, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ഒരു മണിക്കൂര്‍ മാത്രമാണ് അനുമതി, ഹോസ്റ്റല്‍ മുറി തിങ്ങി നിറഞ്ഞതില്‍ പരാതിപ്പെട്ടാല്‍ ഇരുട്ടു മുറിയിലേക്ക് മാറ്റും. വിദ്യാര്‍ത്ഥികള്‍ നേരിടുന്നത് കടുത്ത മാനസിക പീഡനവും മനുഷ്യാവകാശ ലംഘനവും എന്ന് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ സര്‍വകലാശാലയുടെ കൂടി ഇടപെടല്‍ കൗണ്‍സില്‍ തേടിയത്. കോളേജില്‍ നേരിടുന്ന ദുരനുഭവങ്ങള്‍ സംബന്ധിച്ച് ഒരു വിദ്യാര്‍ത്ഥി നഴ്സിംഗ് കൗണ്‍സിലിനയച്ച ശബ്ദ സന്ദേശമാണ് നടപടിയിലേക്ക് നയിച്ചത്.
Story Highlights: Sexual harassment allegation cherthala s h nursing college website hacked