നീലക്കുറിഞ്ഞി പറിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; തീരുമാനം വനംവകുപ്പിന്റേത്
ശാന്തന്‍പാറയില്‍ എത്തുന്നവരില്‍ പലരും നീലക്കുറിഞ്ഞി നശിപ്പിക്കുന്നതായി നേരത്തെ തന്നെ പരാതികള്‍ ലഭിച്ചിരുന്നു
19 Oct 2022 3:16 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: നീലക്കുറിഞ്ഞി പറിക്കുന്നവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ്. പൂക്കള്‍ പറിക്കുകയോ, വില്ക്കുകയോ, നശിപ്പിക്കുകയോ ചെയ്താല്‍ പിഴയടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് വനംനകുപ്പ് മേധാവി അറിയിച്ചു.
ശാന്തന്‍പാറയില്‍ എത്തുന്നവരില്‍ പലരും നീലക്കുറിഞ്ഞി നശിപ്പിക്കുന്നതായി നേരത്തെ തന്നെ പരാതികള്‍ ലഭിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും നിരന്തരം കണ്ടുവരുന്ന പോസ്റ്റുകളെ തുടര്‍ന്നാണ് വനംവകുപ്പ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്ന തീരുമാനമെടുത്തത്.
കഴിഞ്ഞ ദിവസങ്ങളില്‍ നടന് നീരജ് മാധവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റും വലിയ ചര്‍ച്ചക്കിടയാക്കിയിരുന്നു. നീലകുറിഞ്ഞി കാണാനെത്തിയ സന്ദര്‍ശകര്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വലിച്ച് എറിയുന്നതിനെതിരെ ആയിരുന്നു പോസ്റ്റ്. നീലക്കുറിഞ്ഞി ചെടികള്‍ക്കിടയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂമ്പാരമായി കിടക്കുന്നതായിരുന്നു നീരജ് മാധവ് പങ്കുവെച്ച ചിത്രം. ഈ സംഭവത്തെ ഗൗരവമായി കണക്കിലെടുത്തു കൊണ്ടാണ് വനംവകുപ്പിന്റെ ഈ തീരുമാനം.
Story highlights: severe action will take to those who pluck Neelakurinji