Top

'അവള്‍ക്കൊപ്പം ആരുമില്ലാത്തതുപോലെ'; നീതി ന്യായവകുപ്പുപോലും നോക്കിനില്‍ക്കുന്നെന്ന് തമ്പി ആന്റണി

"അവള്‍ക്കൊപ്പം ഇപ്പോള്‍ ആരൊക്കെയാണ്? ആരുമില്ലാത്തതുപോലെയാണ് കാര്യങ്ങളുടെ പോക്ക്."

25 April 2022 5:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അവള്‍ക്കൊപ്പം ആരുമില്ലാത്തതുപോലെ; നീതി ന്യായവകുപ്പുപോലും നോക്കിനില്‍ക്കുന്നെന്ന് തമ്പി ആന്റണി
X

കൊച്ചി: നടിയെ ആക്രമിച്ച കേസിലും വധ ഗൂഢാലോചന കേസിലും അന്വേഷണം തുടരവെ ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയതിനോട് പ്രതികരിച്ച് നടനും നിര്‍മ്മാതാവുമായ തമ്പി ആന്റണി. ആക്രമിക്കപ്പെട്ട നടി ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് എഴുത്തുകാരന്‍ പറഞ്ഞു. അവള്‍ക്കൊപ്പം ഇപ്പോള്‍ ആരൊക്കെയാണ്? ആരുമില്ലാത്തതുപോലെയാണ് കാര്യങ്ങളുടെ പോക്ക്. നീതിന്യായ വകുപ്പുപോലും കയ്യും കെട്ടി നോക്കിനില്‍ക്കേണ്ടി വരുന്ന ദുരവസ്ഥ! ആരാണ് ഇതിന് ഉത്തരവാദിയെന്നും തമ്പി ആന്റണി ചോദിച്ചു.

കാലാവധിയായി ആഴ്ച്ചകള്‍ മാത്രം അവശേഷിക്കെ എസ് ശ്രീജിത്തിനെ മാറ്റിയത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കവെയുണ്ടായ ഈ മാറ്റത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ പറഞ്ഞു. എല്ലാവിധ പ്രതീക്ഷകളേയും അട്ടിമറിക്കും വിധമാണ് പൊലീസ് തലപ്പത്ത് നടത്തിയ അഴിച്ചുപണി. കേസ് അട്ടിമറിക്കാന്‍ പ്രതിഭാഗം അഭിഭാഷകരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന സഹപ്രര്‍ത്തകയുടെ പരാതി ശരിവെക്കുന്ന തെളിവുകളാണ് പുറത്തുവന്നത്. അന്വേഷണം ആ ദിശയില്‍ നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം അഭിഭാഷകര്‍ പരാതിയുമായി സര്‍ക്കാരിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ നിലയ്ക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുകയാണ്. അട്ടിമറി ശ്രമത്തിനെതിരെ സ്ത്രീ പക്ഷ കേരളം ജാഗരൂകരായിരിക്കണമെന്നും ഡബ്ല്യുസിസി പ്രതികരിച്ചു.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് മുതല്‍ കാണുന്ന 'ആചാരം' തുടരുകയാണെന്നായിരുന്നു തിരക്കഥാകൃത്ത് ദീദീ ദാമോദരന്റെ പ്രതികരണം. പ്രബലര്‍ കുറ്റവാളികളായി വരുന്ന ഏത് കേസിലും ഇത് സ്വാഭാവികമാണ്. നീതി നടപ്പായില്ലെങ്കില്‍ പോലും സത്യം ജ്വലിക്കും. കോടതികള്‍ അവസാന വാക്കല്ലെന്നും ദീദി ചൂണ്ടിക്കാട്ടി. സിപിഐ നേതാവ് ആനി രാജ, ആര്‍എംപി നേതാവും എംഎല്‍എയുമായ കെ കെ രമ, മനുഷ്യാവകാശ പ്രവര്‍ത്തക കെ അജിത തുടങ്ങിയവരും ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയതില്‍ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി.

Story Highlights: judiciary is just a spectator thampy antony on s sreejiths transfer

Next Story