കൊലക്കേസ് പ്രതിക്ക് സംരക്ഷണം; രേഷ്മയ്ക്ക് സസ്‌പെന്‍ഷന്‍
നിജില്‍ ദാസിന് ഒളിവിൽ കഴിയാൻ വീട് നൽകിയെന്ന കേസിനെ തുടർന്നാണ് സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തത്
25 April 2022 5:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്ണൂർ: സിപിഐഎം പ്രവര്‍ത്തകന്‍ പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയെ സംരക്ഷിച്ച അധ്യാപിക രേഷ്മയെ അമൃത വിദ്യാലയത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രതിയായ ആര്‍എസ്എസ് നേതാവ് നിജില്‍ ദാസിന് ഒളിവിൽ കഴിയാൻ വീട് നൽകിയെന്ന കേസിനെ തുടർന്നാണ് സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
വധക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് നിജില്‍ ദാസിന് രേഷ്മ ഒളിത്താവളം ഒരുക്കിയതെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിജില്‍ ദാസും രേഷ്മയും തമ്മില്‍ ഒരു വര്‍ഷത്തെ ബന്ധമുണ്ടെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. തലശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച രേഷ്മ ഇപ്പോള്‍ അണ്ടലൂരിലെ വീട്ടിലാണുള്ളത്. സംഭവത്തെ തുടർന്ന് രേഷ്മയുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു.
സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും സിപിഐഎം നേതാവ് കാരായി രാജനുമെതിരെ രേഷ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. എംവി ജയരാജന്‍ തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് രേഷ്മ പരാതി നൽകിയത്.
ഒളിവില്‍ കഴിയുമ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ മകളുടെ പേരിലുള്ള സിം കാര്‍ഡ് രേഷ്മ നിജില്‍ ദാസിന് നല്‍കിയിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. രേഷ്മയുടെ വീട്ടില്‍ ഈ സിം കാര്‍ഡാണ് നിജില്‍ ഉപയോഗിച്ചത്. ഈ സിം ഉപയോഗിച്ച് നിജില്‍ നിരവധി തവണ ഭാര്യയെ വിളിച്ചിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. നിജിലും രേഷ്മയും ഉപയോഗിച്ച മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഹരിദാസന്‍ വധക്കേസില്‍ 14, 15 പ്രതികളാണ് നിജിലും രേഷ്മയും.
STORY HIGHLIGHTS: school suspended Reshma in a case to provide Protection for rss leader nijil das in the haridasan murder