'പ്രാഥമിക യോഗ്യതയില്ല'; വിവരാവകാശ രേഖ അടിസ്ഥാനമാക്കി കെകെ രാഗേഷിന്റെ ഭാര്യയുടെ നിയമനത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി സമിതി
പ്രിയക്ക് പിഎച്ച്ഡി നേടിയ ശേഷം ഒരു മാസത്തെ അധ്യാപന പരിചയം മാത്രമേയുള്ളൂവെന്നാണ് സേവ് യൂണിവേഴ്സിറ്റി ആരോപണം
7 Jan 2022 2:37 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കെ കെ രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ പ്രാഥമിക യോഗ്യതയില്ലെന്ന് ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി സമിതി പരാതിയുമായി രംഗത്ത്. ഗവര്‍ണര്‍ക്കും വൈസ് ചാന്‍സലര്‍ക്കുമാണ് പരാതി നല്‍കിയത്. സെനറ്റ് അംഗം ആര് കെ ബിജുവിന് ലഭിച്ച വിവരാവകാശ രേഖയെ അടിസ്ഥാനമാക്കിയാണ് പരാതി.
പ്രിയക്ക് പിഎച്ച്ഡി നേടിയ ശേഷം ഒരു മാസത്തെ അധ്യാപന പരിചയം മാത്രമേയുള്ളൂവെന്നാണ് സേവ് യൂണിവേഴ്സിറ്റി ആരോപണം. എല്ലാ നിയമനങ്ങള്‍ക്കും നിശ്ചയിച്ച കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷമുള്ള പ്രവര്‍ത്തി പരിചയമാണ് പരിഗണിക്കേണ്ടതെന്ന് സമിതി ചൂണ്ടികാട്ടുന്നു. പ്രിയ വര്‍ഗീസ് 2019ലാണ് പിഎച്ച്ഡി നേടിയത്. രണ്ട് വര്‍ഷം കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സ്റ്റ്യൂഡന്റ്സ് സര്‍വ്വീസസ് ഡയറക്ടറായി ഡെപ്യൂട്ടേഷനില്‍ നിയമിക്കപ്പെട്ടു. 2021 ജൂണില്‍ തൃശൂര്‍ കേരള വര്‍മ്മ കോളെജില്‍ അധ്യാപക തസ്തികയില്‍ പുനഃപ്രവേശനം. 2021 ജൂലൈയില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഡയറക്ടറായി ചുമതലയേറ്റു എന്നീ കാര്യങ്ങളാണ് വിവരാവകാശത്തില്‍ പറയുന്നത്. ഇത് പ്രകാരം പ്രിയക്ക് പിഎച്ച്ഡി നേടിയ ശേഷം ഒരു മാസത്തെ അധ്യാപന പരിചയം മാത്രമാണുള്ളത്.
അതേസമയം അപേക്ഷയോടൊപ്പം പ്രിയ സമര്‍പ്പിച്ച സാക്ഷ്യപത്രത്തില്‍ 2012 മാര്‍ച്ച് മുതല്‍ 2021 വരെ 9 വര്‍ഷം കേരള വര്‍മ്മ കോളെജില്‍ അധ്യാപക പരിചയം ഉണ്ടെന്ന് പറയുന്നു. 2018 ലെ യുജിസി ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ 8 വര്‍ഷത്തെ അധ്യാപന പരിശീലനം വേണമെന്ന് മാത്രമേ പറയുന്നൂള്ളൂവെന്നാണ് പ്രിയയുടെ പക്ഷം. അത് പിഎച്ച്ഡി ലഭിച്ച ശേഷം ആകണമെന്ന് നിഷ്കര്‍ഷിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.