Top

'മരണം കുഞ്ഞനന്തനെ മാടപ്രാവാക്കും, കോടിയേരിയെ മഹാനാക്കും'; രവി ചന്ദ്രൻ ശരിയെന്ന് സന്ദീപ് വാര്യർ

5 Oct 2022 10:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മരണം കുഞ്ഞനന്തനെ മാടപ്രാവാക്കും, കോടിയേരിയെ മഹാനാക്കും; രവി ചന്ദ്രൻ ശരിയെന്ന് സന്ദീപ് വാര്യർ
X

പാലക്കാട്: അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനെതിരെ അഭിപ്രായ പ്രകടനം നടത്തിയവർക്കെതിരെ സർക്കാർ സ്വീകരിച്ചത് ഫാസിസ്റ്റ് നടപടികളാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. മരണത്തിലൂടെ വിശുദ്ധരാകുന്നത് കേരളത്തിൽ ഇടതു പക്ഷക്കാർ മാത്രമാണ്. ഇടതു വിരുദ്ധർ ആ പദവിക്ക് അർഹരല്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്ദീപിന്റെ പ്രതികരണം. ബിജെപിയെ അത്ര ഭയക്കേണ്ട എന്ന പ്രസ്താവന നടത്തിയ പ്രമുഖ യുക്തിവാദി പ്രഭാഷകന്‍ സി രവിചന്ദ്രനെയും സന്ദീപ് പിന്തുണയ്ക്കുന്നുണ്ട്.

'മരണം പികെ കുഞ്ഞനന്തനെ മാടപ്രാവാക്കും. കോടിയേരി ബാലകൃഷ്ണനെ മഹാനാക്കും. കോടിയേരിക്കെതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട ചിതറ സബ് റജിസ്ട്രാര്‍ ഓഫിസിലെ ഹെഡ് ക്ലര്‍ക്ക് സന്തോഷ് രവീന്ദ്രൻ, പൊലീസുകാരനായ ഉറൂബ് എന്നിവരെ സസ്‌പെൻഡ് ചെയ്ത്. കേസെടുത്തു. അഭിപ്രായ സ്വാതന്ത്ര്യത്തിന് പുല്ലു വില കൊടുത്ത് നല്ല ഒന്നാന്തരം ഫാസിസം കേരളത്തിൽ നടപ്പിലാവുമ്പോൾ സാംസ്കാരിക നായകരും മാധ്യമ വരയൻ പുലികളും ഉത്തർപ്രദേശിലേക്ക് നോക്കിയിരിക്കുകയാണ്. പോരാതെ രവിചന്ദ്രനെതിരെ ഉറഞ്ഞ് തുള്ളുന്നു . കേരളത്തിൽ ഒന്നും രണ്ടും ഭീഷണി കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും ആണെന്ന് രവി ചന്ദ്രൻ പറഞ്ഞത് മഹാപരാധമത്രെ. സത്യമല്ലേ രവിചന്ദ്രൻ പറഞ്ഞത് ? ഭയം ജനിപ്പിക്കുന്നതല്ലേ ഭീഷണി ? കേരളത്തിൽ ആർക്കെതിരെ എഴുതാനും പറയാനുമാണ് ഭയം തോന്നുന്നത് ? ഒന്നാമതായി കമ്മ്യൂണിസ്റ്റുകാർക്കെതിരെയും രണ്ടാമതായി ഇസ്‌ലാമിസ്റ്റുകൾക്കെതിരെയും തന്നെ. ജീവനിൽ കൊതി ഉള്ളത് കൊണ്ട് കേരളത്തിൽ ഇരുവർക്കുമെതിരെ ആരും ഒന്നും പറയില്ല. രവിചന്ദ്രൻ പറഞ്ഞ അഭിപ്രായത്തെ ഊട്ടിയുറപ്പിക്കുന്നതാണ് കോടിയേരിയുടെ മരണ ശേഷം അഭിപ്രായ പ്രകടനം നടത്തിയവർക്കെതിരെ പിണറായി സർക്കാർ സ്വീകരിച്ച ഫാസിസ്റ്റ് നടപടികൾ.' സന്ദീപ് വാര്യർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

"ബാൽ താക്കറെയെ പോലെയുള്ള ആളുകൾ ദിവസവും ജനിക്കുകയും മരിക്കുകയും ചെയ്യുന്നു . ഞങ്ങൾ സ്മരിക്കേണ്ടത് ഭഗത് സിങ്ങിനെയും സുഖ്ദേവിനെയുമാണ് . ധീര രക്ത സാക്ഷികൾ " എന്ന് പോസ്റ്റിട്ട കുറ്റത്തിനാണ് 21 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഷഹീൻ ദാദ എന്ന പെൺകുട്ടിയെയും പോസ്റ്റ് ലൈക്ക് ചെയ്ത രേണു എന്ന പെൺകുട്ടിയെയും മഹാരാഷ്ട്രയിലെ കോൺഗ്രസ് എൻസിപി സർക്കാർ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത് . കേരളത്തിലെ സകലഗുലാബി സാംസ്കാരിക നായകരും പേനയുന്തുകാരും പ്രതിഷേധവുമായി രംഗത്തിറങ്ങി . അവർ ബാലാസാഹിബിനെ ആവോളം പുലഭ്യം പറഞ്ഞു . മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന തിസീസിന്മേൽ തിസീസിറക്കി .

പക്ഷെ മരണത്തിലൂടെ വിശുദ്ധരാകുന്നത് കേരളത്തിൽ ഇടതു പക്ഷക്കാർ മാത്രമാണ് . ഇടതു വിരുദ്ധർ ആ പദവിക്ക് അർഹരല്ല . എം എൻ വിജയൻ മാസ്റ്റർ മരണ ശേഷം ' മികച്ച ഒരു അധ്യാപകനായിരുന്നു ' എന്ന് മാത്രം അനുസ്മരിക്കപ്പെടും. ടിപി ചന്ദ്രശേഖരൻ കുലം കുത്തി തന്നെയെന്ന് ആവർത്തിക്കപ്പെടും . കെടി ജയകൃഷ്ണൻ മാസ്റ്ററെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ വീണ്ടും വീണ്ടും വെട്ടി നുറുക്കും . പിടി തോമസിനെ മരണ ശേഷവും കുരിശിൻമേൽ തറക്കും. മരണം പികെ കുഞ്ഞനന്തനെ മാടപ്രാവാക്കും. കോടിയേരി ബാലകൃഷ്ണനെ മഹാനാക്കും. കാരണം അവർ ഇടതുപക്ഷക്കാരാണ് .

മരിച്ചവരെ കുറ്റം പറയരുത് എന്നാണല്ലോ. അതുകൊണ്ട് കോടിയേരി ബാലകൃഷ്ണനെ ഈ സമയത്ത് സോഷ്യൽ ഓഡിറ്റിങ്ങ് നടത്തുന്നത് ശരിയല്ല എന്നതിനാൽ അതിന് മുതിരുന്നില്ല. പക്ഷെ കോടിയേരി ബാലകൃഷ്ണനെ സോഷ്യൽ മീഡിയയിൽ വിമർശിച്ച കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഗിരിജയ്ക്ക് എതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. കോടിയേരിക്കെതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട ചിതറ സബ് റജിസ്ട്രാര്‍ ഓഫിസിലെ ഹെഡ് ക്ലര്‍ക്ക് സന്തോഷ് രവീന്ദ്രൻ , പൊലീസുകാരനായ ഉറൂബ് എന്നിവരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട് . കേസും എടുത്തിട്ടുണ്ട് .

അഭിപ്രായ സ്വാതന്ത്ര്യത്തിന് പുല്ലു വില കൊടുത്ത് നല്ല ഒന്നാന്തരം ഫാസിസം കേരളത്തിൽ നടപ്പിലാവുമ്പോൾ സാംസ്കാരിക നായകരും മാധ്യമ വരയൻ പുലികളും ഉത്തർപ്രദേശിലേക്ക് നോക്കിയിരിക്കുകയാണ് . പോരാതെ രവിചന്ദ്രനെതിരെ ഉറഞ്ഞ് തുള്ളുന്നു . കേരളത്തിൽ ഒന്നും രണ്ടും ഭീഷണി കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും ആണെന്ന് രവി ചന്ദ്രൻ പറഞ്ഞത് മഹാപരാധമത്രെ . സത്യമല്ലേ രവിചന്ദ്രൻ പറഞ്ഞത് ? ഭയം ജനിപ്പിക്കുന്നതല്ലേ ഭീഷണി ? കേരളത്തിൽ ആർക്കെതിരെ എഴുതാനും പറയാനുമാണ് ഭയം തോന്നുന്നത് ? ഒന്നാമതായി കമ്മ്യൂണിസ്റ്റുകാർക്കെതിരെയും രണ്ടാമതായി ഇസ്‌ലാമിസ്റ്റുകൾക്കെതിരെയും തന്നെ. ജീവനിൽ കൊതി ഉള്ളത് കൊണ്ട് കേരളത്തിൽ ഇരുവർക്കുമെതിരെ ആരും ഒന്നും പറയില്ല. രവിചന്ദ്രൻ പറഞ്ഞ അഭിപ്രായത്തെ ഊട്ടിയുറപ്പിക്കുന്നതാണ് കോടിയേരിയുടെ മരണ ശേഷം അഭിപ്രായ പ്രകടനം നടത്തിയവർക്കെതിരെ പിണറായി സർക്കാർ സ്വീകരിച്ച ഫാസിസ്റ്റ് നടപടികൾ. പിണറായി വിജയന്റെ വിരട്ടലും വിലപേശലുമൊന്നും ഏൽക്കാത്ത സ്വാഭിമാനമുള്ള മലയാളികൾ പ്രതികരിക്കുക തന്നെ ചെയ്യും.

STORY HIGHLIGHTS: Sandeep Varier's facebook post against late communist leader Kodiyeri Balakrishnan


Next Story