'മുജാഹിദ് ബാലുശ്ശേരിയും ഫസല്‍ ഗഫൂറും ഓ അബ്ദുള്ളയും വിശുദ്ധരാക്കപ്പെടുന്നത് ഇരട്ടത്താപ്പ്'; പിസി ജോര്‍ജ്ജിന് പിന്തുണയുമായി വീണ്ടും സുരേന്ദ്രന്‍
'പിസി ജോര്‍ജ്ജ് എന്തു പറഞ്ഞു എന്നതിലല്ല കാര്യം'
1 May 2022 7:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചി: പിസി ജോര്‍ജ്ജിനെ കസ്റ്റഡിയില്‍ എടുത്ത് ജാമ്യത്തില്‍ വിട്ട പൊലീസ് നടപടിയില്‍ പ്രതികരണവുമായി വീണ്ടും കെ സുരേന്ദ്രന്‍. ഇത് രണ്ടാം തവണയാണ് സുരേന്ദ്രന്‍ പിസി ജോര്‍ജ്ജിന് പിന്തുണ പ്രഖ്യാപിച്ചത് രംഗത്തെത്തിയത്. ഇരകളോടൊപ്പം നില്‍ക്കാനാണ്, വേട്ടക്കാരെ മഹത്വവത്കരിക്കാനല്ല തങ്ങള്‍ക്ക് താത്പര്യമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മുജാഹിദ് ബാലുശ്ശേരിയും ഫസല്‍ ഗഫൂറും വാഴ്ത്തപ്പെടുകയും പിസി ജോര്‍ജ്ജ് ക്രൂശിക്കപ്പെടുകയും ചെയ്യുന്നിടത്താണ് വിയോജിപ്പെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
'പിസി ജോര്‍ജ്ജ് എന്തു പറഞ്ഞു എന്നതിലല്ല കാര്യം. പിസി ജോര്‍ജ്ജിന്റെ പേരില്‍ ചാര്‍ത്തപ്പെട്ട കുറ്റം ആരോപിക്കപ്പെട്ട തീവ്രമുസ്ലിം പണ്ഡിതന്മാരോട് സര്‍ക്കാര്‍ എന്തു സമീപനം സ്വീകരിച്ചു എന്നുള്ളതാണ് ഞങ്ങളെ സംബന്ധിച്ചുള്ള തര്‍ക്കം. മുജാഹിദ് ബാലുശ്ശേരിയും ഫസല്‍ ഗഫൂറും വാഴ്ത്തപ്പെടുകയും പിസി ക്രൂശിക്കപ്പെടുകയും ചെയ്യുന്നിടത്താണ് ഞങ്ങളുടെ വിയോജിപ്പ്. മതനിരപേക്ഷത വണ്‍വേ ട്രാഫിക്ക് ആവരുത്', സുരേന്ദ്രന്‍ പറഞ്ഞു.
പിസി ജോര്‍ജിനെ വീട്ടില്‍ അതിക്രമിച്ച് കയറി പൊലീസ് കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഒരു പ്രസംഗത്തിന്റെ പേരില്‍ പുലര്‍ച്ചെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത് കേരളത്തിലെ അറിയപ്പെടുന്ന മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെയാണ്. അദ്ദേഹത്തെ മൂന്ന് മണിക്കൂര്‍ ദൂരെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നത് പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനത്തിനുള്ള തെളിവാണെന്നും കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.
'മുസ്ലിം മതമൗലികവാദികള്‍ വര്‍ഗീയ വിഷം ചീറ്റിയിട്ടും ഒരു നടപടിയും എടുക്കാത്ത സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് പിസി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തതോടെ വ്യക്തമാകുന്നത്. ഇസ്ലാമിക വര്‍ഗീയ ശക്തികള്‍ക്ക് എന്തും പറയാം എന്തും ചെയ്യാം, എന്നാല്‍ ആരും ഇതിനെതിരെ പ്രതികരിക്കരുതെന്നാണ് പിണറായി പറയുന്നത്. അത് അംഗീകരിച്ചു തരാന്‍ ബിജെപി തയ്യാറല്ല. ജിഹാദികള്‍ക്ക് മുമ്പില്‍ മുട്ടിലിഴയുന്ന സര്‍ക്കാര്‍ ഹൈന്ദവ-ക്രൈസ്തവ നേതാക്കളെ വേട്ടയാടുകയാണ'്. ഇടത് സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ ബിജെപി ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും സുരേന്ദ്രന്‍ നേരത്തെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. വിദ്വേഷ പ്രസംഗം പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്.പുഞ്ഞാറിലെ വീട്ടില്‍ നിന്നും ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കസ്റ്റഡിയില്‍ എടുത്ത പിസി ജോര്‍ജിനെ പത്ത് മണിയോടെ തിരുവനന്തപുരത്ത് എത്തിച്ചായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെയാണ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. 153 എ, 295 എ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. വിദ്വേഷ പ്രസംഗത്തിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസ്. ഇക്കഴിഞ്ഞ 29 നായിരുന്നു പിസി ജോര്‍ജിന്റെ അറസ്റ്റിലേക്ക് വഴിവച്ച പ്രസംഗം അരങ്ങേറിയത്. ഹിന്ദു മഹാസമ്മേളനത്തിന്റെ മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പി സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം.
കെ സുരേന്ദ്രന്റെ വാക്കുകള്‍:
പിസി ജോര്‍ജ്ജ് എന്തു പറഞ്ഞു എന്നതിലല്ല കാര്യം ഇരിക്കുന്നത്. പിസി. ജോര്‍ജ്ജിനുപേരില്‍ ചാര്‍ത്തപ്പെട്ട അതേ കുറ്റം ആരോപിക്കപ്പെട്ട തീവ്ര മുസ്‌ലീം പണ്ഡിതന്മാരോട് സര്‍ക്കാര്‍ എന്തു സമീപനം സ്വീകരിച്ചു എന്നതാണ് ഞങ്ങളെ സംബന്ധിച്ചുള്ള തര്‍ക്കം. മുജാഹിദ് ബാലുശ്ശേരിയും ഫസല്‍ ഗഫൂറും വാഴ്ത്തപ്പെടുകയും പിസി ക്രൂശിക്കപ്പെടുകയും ചെയ്യുന്നിടത്താണ് ഞങ്ങളുടെ വിയോജിപ്പ്. മതനിരപേക്ഷത വണ്‍വേ ട്രാഫിക്ക് ആവരുത് ആയിക്കൂട താനും. പാലാ ബിഷപ്പും ജോര്‍ജ്ജ് എം തോമസും പിസി ജോര്‍ജ്ജും വേട്ടയാടപ്പെടുമ്പോള്‍ മുജാഹിദ് ബാലുശ്ശേരിയും ഫസല്‍ ഗഫൂറും ഓ. അബ്ദുള്ളയും വിശുദ്ധരാക്കപ്പെടുന്നതിലെ ഇരട്ടത്താപ്പാണ് ഞങ്ങള്‍ ശരിക്കും ചോദ്യം ചെയ്യുന്നത്. ഇരകളോടൊപ്പം നില്‍ക്കാനാണ് മറിച്ച് വേട്ടക്കാരെ മഹത്വവല്‍ക്കരിക്കാനല്ല ഞങ്ങള്‍ക്ക് താല്‍പ്പര്യമെന്നത് പരസ്യനിലപാട്.
STORY HIGHLIGHTS: 'Sanctification of Mujahid Balussery, Fazal Ghafoor and Abdullah is a double standard'; Surendran again with support for PC George