ചന്ദ്രികയ്ക്കെതിരെ സമസ്ത; 'പ്രവര്‍ത്തകര്‍ വഞ്ചിതരാകരുത്', മുശാവറ യോഗം സംബന്ധിച്ച വാര്‍ത്ത തെറ്റ്
പൂര്‍ണമായും ലീഗിന് വിധേയപ്പെടേണ്ടതില്ല എന്ന അഭിപ്രായമാണ് മുശാവറ യോഗത്തില്‍ ഉയര്‍ന്നത്.
13 Jan 2022 2:57 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുസ്ലിലീഗ് മുഖപത്രമായ ചന്ദ്രികയ്ക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. സമസ്ത മുശാവറ യോഗം സംബന്ധിച്ച ചന്ദ്രിക ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് സമസ്ത നേതാക്കള്‍. ലീഗുമായി ബന്ധം തുടരുമെന്ന് സമസ്ത ഉന്നതാധികര സമിതി തീരുമാനിച്ചെന്നായിരുന്നു ചന്ദ്രിക ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും പ്രവര്‍ത്തകര്‍ വഞ്ചിതരാകരുതെന്ന് സമസ്തയിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
മുശാവറ തീരുമാനമെന്ന പേരിലാണ് ചന്ദ്രിക വാര്‍ത്ത നല്‍കിയത്. എന്നാല്‍ സമസ്തയുടെ പത്രക്കുറിപ്പിലില്ലാത്ത വാചകമാണ് ചന്ദ്രിക ഓണ്‍ലൈനില്‍ നല്കിയെതെന്നും നേതാക്കള്‍ പറഞ്ഞു.
സാമുദായിക പ്രശ്നങ്ങളില്‍ ലീഗിനോട് സഹകരിക്കുന്ന രീതി തുടരും. എന്നാല്‍ പൂര്‍ണമായും ലീഗിന് വിധേയപ്പെടേണ്ടതില്ല എന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്.രാഷ്ട്രീയ നിലപാട് വ്യക്തമാക്കികൊണ്ടുളള പ്രസ്താവനകള്‍ വേണ്ട എന്നും കോഴിക്കോട് നടന്ന സമസ്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനങ്ങളാണ് ചന്ദ്രിക ഓണ്‍ലൈന്‍ വളച്ചൊടിച്ചതെന്നാണ് സമസ്തയിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.