Top

'ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല'; ദുഃഖവും ഖേദവും രേഖപ്പെടുത്തുന്നുവെന്ന് സജി ചെറിയാന്‍

'പ്രസംഗം ഏതെങ്കിലും രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു'

19 July 2022 5:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല; ദുഃഖവും ഖേദവും രേഖപ്പെടുത്തുന്നുവെന്ന് സജി ചെറിയാന്‍
X

തിരുവനന്തപുരം: പത്തനംതിട്ട മല്ലപ്പള്ളിയിലെ തന്റെ പ്രസംഗം വളച്ചൊടിക്കപ്പെട്ട് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് സജി ചെറിയാന്‍ നിയമസഭയില്‍. ഒരിക്കലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ, എതിര്‍ത്ത് കാര്യങ്ങള്‍ പറയാനോ ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രിസ്ഥാനം രാജിവെച്ച സാഹചര്യത്തെ കുറിച്ച് നിയമസഭയില്‍ പ്രത്യേക പരാമര്‍ശം നടത്തവെ സജി ചെറിയാന്‍ പറഞ്ഞു.

മൗലിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നായിരുന്നു തന്റെ പ്രസംഗത്തിന്റെ കാതല്‍. കേന്ദ്ര ഏജന്‍സികളുടെ കടന്നു കയറ്റം ഉള്‍പ്പടെ പ്രസംഗത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്. തന്റെ പ്രസംഗം ഏതെങ്കിലും രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

സജി ചെറിയാന്റെ വാക്കുകള്‍:

'പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. ഞാന്‍ ഉള്‍പ്പെടുന്ന പ്രസ്ഥാനം ഭരണഘടനയെയും അതില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയര്‍ത്തിപ്പിടിക്കുന്നവരുടെ മുന്‍പന്തിയിലാണ്. പ്രസംഗത്തില്‍ രാജ്യത്തിന്റെ മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങല്‍ പരാമര്‍ശിക്കുകയുണ്ടായി. സമത്വത്തിന് വേണ്ടിയുള്ള അവകാശം, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അവകാശം, ചൂഷണത്തിനെതിരായിട്ടുള്ള അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം തുടങ്ങിയ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നതായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. ആശങ്കകളാണ് പ്രസംഗത്തില്‍ പ്രകടിപ്പിച്ചത്, ഒരിക്കല്‍ പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ, അതിനെതിരായി കാര്യങ്ങള്‍ പറയാനോ ഉദ്ദേശിച്ചിട്ടില്ല.

രാജ്യത്തെ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളെ ഭൂരിപക്ഷം നോക്കാതെ അട്ടിമറിക്കുന്ന ഭരണകൂടത്തിന്റെ നിലപാടുകള്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളാണ് ഭരണഘടനയുടെ അന്തസത്തയെയും മൂല്യങ്ങളെയും തകര്‍ക്കുന്നത് എന്നാണ് ചൂണ്ടിക്കാട്ടിയത്. പ്രസംഗവുമായി ബന്ധപ്പെട്ട് കോടതിയില്‍ പരാതി വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയോടും പാര്‍ട്ടിയോടും സംസാരിച്ച് അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രാജിവെക്കുകയായിരുന്നു. നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ പരിശോധനയ്ക്ക് മന്ത്രിസ്ഥാനം തടസമാകാന്‍ പാടില്ലെന്ന് കരുതി.

43 വര്‍ഷത്തെ സുതാര്യമായ പൊതുജീവിതത്തില്‍ നിരവധി ചുമതലകളും ഉത്തരവാദിത്തവും പ്രസ്ഥാനവും ജനങ്ങളും ഏല്‍പ്പിച്ചിട്ടുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും നീതിന്യായ വ്യവസ്ഥയെ ബഹുമാനിച്ചുകൊണ്ടുമുള്ള നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഭരണഘടനാശില്‍പിയായ അംബേദ്കറെ പോലും ഞാന്‍ അപമാനിച്ചുവെന്ന നിലയില്‍ പറയാത്ത കാര്യം പ്രചരിപ്പിക്കുകയുണ്ടായി.

പിണറായി സര്‍ക്കാരിന്റെ വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കേരള ജനതയുടെ പ്രതീക്ഷയാണ്. ആ പ്രതീക്ഷ തകര്‍ക്കാമെന്ന് ചിലര്‍ വ്യാമോഹിക്കുന്നു. അത് കേരള ജനത അനുവദിക്കില്ല. 43 വര്‍ഷം പ്രതിസന്ധി അതിജീവിച്ചാണ് മുന്നോട്ട് പോയത്. എത്ര ആക്രമണം നേരിട്ടാലും, ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും, എന്റെ മഹാപ്രസ്ഥാനത്തിന്റെ നിലപാടുകളും എന്നും ഉയര്‍ത്തിപിടിച്ച്, ജനങ്ങളോടൊപ്പം ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കും.

മല്ലപ്പള്ളിയിലെ പ്രസംഗം ഏതെങ്കിലും രീതിയില്‍ തെറ്റായി വ്യാഖ്യാനിച്ച്, ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ക്ക് പ്രചരണം ലഭിക്കാനും ഇടവന്നിട്ടുണ്ടെങ്കില്‍ വ്യക്തിപരമായും ആത്മാര്‍ത്ഥമായും രാജ്യത്തോടുള്ള കൂറും പ്രതിബന്ധതയും നിലനിര്‍ത്തിക്കൊണ്ട് ഭരണഘടനയോടുള്ള വിശ്വാസം നിലനിര്‍ത്തിക്കൊണ്ട് ദുഖവും ഖേദവും രേഖപ്പെടുത്തുന്നു.'

Story Highlights: Saji Cheriyan's Response In Assembly On His Resignation

Next Story