Top

കൈക്കൂലി കേസ്; സൈബിയ്ക്ക് പണം നല്‍കിയെന്ന് വെളിപ്പെടുത്തിയ സിനിമാ നിര്‍മാതാവിനെ ചോദ്യം ചെയ്തു

ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് നിര്‍മാതാവ് ഹൈക്കോടതിയിലെ മറ്റൊരു അഭിഭാഷകനോട് പറഞ്ഞിരുന്നു

8 Feb 2023 6:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൈക്കൂലി കേസ്; സൈബിയ്ക്ക് പണം നല്‍കിയെന്ന് വെളിപ്പെടുത്തിയ സിനിമാ നിര്‍മാതാവിനെ ചോദ്യം ചെയ്തു
X

കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ ആരോപണ വിധേയനായ അഡ്വ. സൈബി ജോസ് കിടങ്ങൂരിന്റെ കക്ഷിയായ സിനിമാ നിര്‍മാതാവിനെ ചോദ്യം ചെയ്ത് പൊലീസ്. തിങ്കളാഴ്ചയാണ് അന്വേഷണസംഘം സൈബിയ്ക്ക് പണം നല്‍കിയെന്ന് വെളിപ്പെടുത്തിയ നിര്‍മാതാവിനെയും ഭാര്യയേയും ചോദ്യംചെയ്തത്. 25 ലക്ഷം രൂപ നല്‍കിയെന്ന സിനിമാ നിര്‍മാതാവിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സൈബിക്കെതിരേയുള്ള അന്വേഷണം ആരംഭിച്ചിരുന്നത്.

ബലാത്സംഗക്കേസില്‍ പ്രതിയായ സിനിമാ നിര്‍മാതാവിനേയും ഭാര്യയേയുമാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നിര്‍മാതാവിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം അന്വേഷിച്ച് വരികയാണ്. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് നിര്‍മാതാവ് ഹൈക്കോടതിയിലെ മറ്റൊരു അഭിഭാഷകനോട് പറഞ്ഞിരുന്നു. ഇതോടെയാണ് കൈക്കൂലി കാര്യം പുറത്തറിയുന്നത്.

അഞ്ച് ശതമാനം പലിശയ്ക്ക് വാങ്ങിയാണ് പണം നല്‍കിയതെന്നും നിര്‍മാതാവ് പറഞ്ഞിരുന്നു. തുടര്‍ന്ന് ഈ അഭിഭാഷകന്‍ മറ്റു അഭിഭാഷകരെ വിവരമറിയിക്കുകയും സൈബിയുടെ വിഷയം ഹൈക്കോടതി ജഡ്ജിയുടെ മുന്നിലെത്തുകയുമായിരുന്നു. നിലവില്‍ പോലീസിന്റെ പ്രത്യേക സംഘമാണ് സൈബിക്കെതിരായ കേസില്‍ അന്വേഷണം നടത്തുന്നത്. കൈക്കൂലിക്കേസില്‍ സൈബിയുടെയും കക്ഷികളുടെയും ഫോണ്‍വിളി വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു.

Story Highlights: Bribery Case; The filmmaker was questioned

Next Story