Top

'വളരെ സിമ്പിള്‍ ആണ്, ബോണറ്റ് തുറന്ന് ഡീസല്‍ പൈപ്പ് വലിച്ച്, സീറ്റിന് തീയിട്ടു, ഫയര്‍ ഫോഴിസിന് വന്നു കെടുത്താമായിരുന്നു'; ആക്രമത്തെക്കുറിച്ച് സാബു എം ജേക്കബ്

കിറ്റെക്‌സിന് പുറത്ത് പൊലീസ് ജീപ്പ് കത്തിക്കാന്‍ പ്രതികള്‍ സ്‌ഫോടക വസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് എംഡി സാബു എം ജേക്കബ്

27 Dec 2021 12:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വളരെ സിമ്പിള്‍ ആണ്, ബോണറ്റ് തുറന്ന് ഡീസല്‍ പൈപ്പ് വലിച്ച്, സീറ്റിന് തീയിട്ടു, ഫയര്‍ ഫോഴിസിന് വന്നു കെടുത്താമായിരുന്നു; ആക്രമത്തെക്കുറിച്ച് സാബു എം ജേക്കബ്
X

കിറ്റെക്‌സിന് പുറത്ത് പൊലീസ് ജീപ്പ് കത്തിക്കാന്‍ പ്രതികള്‍ സ്‌ഫോടക വസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് എംഡി സാബു എം ജേക്കബ്. 'വാഹനത്തിന്റെ ബോണറ്റ് തുറന്ന് ഡീസല്‍ പൈപ്പ് വലിച്ച് തീയിട്ട് വളരെ നിസ്സാരമായിട്ടാണ് പ്രതികള്‍ കൃത്യം നടത്തിയതെന്ന്' സാബു എം ജേക്കബ് പ്രതികരിച്ചു. തീ കത്തിയപ്പോള്‍ ഫയര്‍ ഫോഴ്‌സിന് വന്ന് അത് കെടുത്താമായിരുന്നുവെന്നും സാബു എം ജേക്കബ് സംഭവത്തെ നിസ്സാരവല്‍ക്കരിച്ചു.

'എന്റെ മനസ്സിലാക്കല്‍ പ്രകാരം പൊലീസ് വാഹനത്തിന്റെ ബോണറ്റ് തുറന്ന് ഡീസല്‍ പൈപ്പ് വലിക്കുകയും അത് തീപ്പെട്ടിയോ സിഗര്‍ലൈറ്റോ ഉപയോഗിച്ച് കത്തിക്കുകയോ ചെയ്തതാവാം. സീറ്റിലാണ് ആദ്യം തീകൊളുത്തിയത്. ഒരു മണിക്കൂര്‍ കൊണ്ടാണ് തീ കത്തിപിടിച്ചത്. ഇതില്‍ പ്രത്യേകിച്ച് ദ്രാവകമോ മറ്റോ ഒന്നും ഉപയോഗിച്ചിട്ടില്ല. വളരെ സിമ്പിള്‍ ആയിട്ടുള്ള പരിപാടിയാണ്. ബോണറ്റ് തുറന്ന് ഡീസല്‍ പൈപ്പ് വലിക്കുന്നു, സീറ്റിലേക്ക് തീയിടുന്നു. വളരെ നിസ്സാരമായിട്ടാണ് അവര്‍ ചെയ്തത്. വലിയ സ്‌ഫോടക വസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ല.' സാബു എം ജേക്കബ് പറഞ്ഞു.

പ്രതികളില്‍ 12 പേരെ തങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അതിന്റെ അര്‍ത്ഥം അവര്‍ കമ്പനിക്കകത്തെ ആളുകള്‍ അല്ലായെന്നതാണ്. പൊലീസ് ആരെയൊക്കെയാണ് അറസ്റ്റ് ചെയ്തതെന്ന് തങ്ങള്‍ക്ക് മനസിലായിട്ടില്ല. ക്വാട്ടേഴ്‌സില്‍ ആരൊക്കെയാണ് മിസ്സിംഗ് എന്ന് അന്വേഷിച്ച് കണ്ടെത്തി തയ്യാറാക്കിയ ലിസ്റ്റാണ് തങ്ങളുടേതെന്നും സാബു എം ജേക്കബ് കൂട്ടിചേര്‍ത്തു.

കിറ്റെക്‌സില്‍ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ സംഭവം കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. യാദൃശ്ചികമായി സംഭവിച്ച കാര്യമാണ്, ഇനിയും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ എന്തുകൊണ്ടാണ് ഇത് നടന്നതെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ടെന്ന് സാബു എം ജേക്കബ് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം അന്വേഷണത്തില്‍ പൊലീസിന് ഗുരുതര വീഴ്ച്ചയാണ് ഉണ്ടായിട്ടുണ്ടെന്നും തന്നേയും ട്വന്റി ട്വന്റിയേയും ഇല്ലാതാക്കാനാണ് ശ്രമമെന്നും സാബു എം ജേക്കബ് ആരോപിച്ചു.

23 പേര്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ പ്രതികള്‍, 151 പേരെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും സാബു എം ജേക്കബ് പറഞ്ഞു. അസമില്‍ നിന്നും രണ്ട് പേര്‍, നാഗാലാന്റില്‍ നിന്നും ഒരാള്‍, ജാര്‍ഖണ്ഡില്‍ നിന്നും 9 പേര്‍, മണിപ്പൂരില്‍ നിന്നും 4 പേര്‍, ഒഡീഷയില്‍ നിന്നും ഒരാള്‍, ഉത്തര്‍പ്രദേശില്‍ നിന്നും അഞ്ച് പേര്‍, പശ്ചിമ ബംഗാളില്‍ നിന്നും ഒരാള്‍ അങ്ങനെ 23 പേരാണ് കമ്പനി തിരിച്ചറിഞ്ഞ 23 പേര്‍. എന്നാല്‍ പൊലീസ് കണക്ക് മറ്റൊന്നാണ്. നിരപാധികളുടെ അറസ്റ്റ് സംസ്ഥാനം തമ്മിലുള്ള യുദ്ധത്തിലേക്ക് പോകുമെന്നും സാബു എം ജേക്കബ് മുന്നറിയിപ്പ് നല്‍കി.

എല്ലാ രാഷ്ട്രീയപാര്‍ട്ടികളും എംഎല്‍എയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ച് പാവങ്ങളെയല്ല ഉപദ്രവിക്കേണ്ടത്. ഉപദ്രവിക്കണമെങ്കില്‍ തന്നെ തുറുങ്കിലടക്കൂവെന്നും സാബു എം ജേക്കബ് പറഞ്ഞു. കമ്പനി അടക്കലാണ് ലക്ഷ്യമെങ്കില്‍ അതിനും തയ്യാറാണെന്നും കിറ്റെക്‌സ് ഉള്ളിടത്തോളം ട്വന്റി ട്വന്റിയും ഉണ്ടാവുമെന്നും സാബു എം ജേക്കബ് അറിയിച്ചു.

Next Story