Top

'എന്റേത് പട്ടയം ലഭിച്ച ഭൂമിയാണ്'; കളക്ടറുടെ ഉത്തരവ് നീതിബോധമില്ലാത്ത തരത്തിലെന്ന് എസ് രാജേന്ദ്രന്‍

'പത്ത് സെന്‍റില്‍ താഴെയുള്ളവരുടെ ഭൂമി ഒഴുപ്പിക്കേണ്ടെന്ന് ഇടത് സര്‍ക്കാരിന്‍റെ തീരുമാനമുണ്ട്'

26 Nov 2022 4:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്റേത് പട്ടയം ലഭിച്ച ഭൂമിയാണ്; കളക്ടറുടെ ഉത്തരവ് നീതിബോധമില്ലാത്ത തരത്തിലെന്ന് എസ് രാജേന്ദ്രന്‍
X

ഇടുക്കി: വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് സബ് കളക്ടർ നോട്ടീസ് അയച്ച സംഭവത്തിൽ പ്രതികരണവുമായി ദേവിക്കുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. തന്റേത് പട്ടയം ലഭിച്ച ഭൂമിയാണ്. പത്ത് സെന്‍റില്‍ താഴെയുള്ളവരുടെ ഭൂമി ഒഴുപ്പിക്കേണ്ടെന്ന് ഇടത് സര്‍ക്കാരിന്‍റെ തീരുമാനമുണ്ട്. അതിന് വിപരീതമായാണ് ഇപ്പോഴത്തെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

സബ് കളക്ടറുടെ ഉത്തരവ് നീതിബോധമില്ലാത്ത തരത്തിലാണെന്നും അദ്ദേഹം വിമർശിച്ചു. ഉത്തരവിൽ സ്റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമ നടപടിയുമായി മുമ്പോട്ട് പോകുമെന്നും എസ് രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

മുപ്പത് പേര്‍ക്ക് കാരണംകാണിക്കൽ നോട്ടീസ് അയച്ചപ്പോള്‍ തനിക്ക് നല്‍കിയത് വീട് ഒഴിവാകാനുള്ള നോട്ടീസ് ആണ്. തന്റേത് സർക്കാർ പുറംമ്പോക്ക് ഭൂമിയാണെന്നാണ് നോട്ടീസിൽ എഴുതിയിരിക്കുന്നത്. മറ്റെല്ലാവരും കയ്യേറിയത് കെഎസ്ഇബി ഭൂമിയാണെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഇത് രാഷ്ട്രീയ പകപോക്കലാണോയെന്ന് ഇപ്പോൾ പറയുന്നില്ല. തന്റേത് മാത്രം സർക്കാർ പുറമ്പോക്ക് എന്നെഴുതിയതിൽ ഗൂഢാലോചനയുണ്ടെന്നും രാജേന്ദ്രൻ ആരോപിച്ചു.

ഇക്കാനഗറിലെ എസ് രാജേന്ദ്രന്റെ വീടിരിക്കുന്ന ഭൂമി പുറമ്പോക്കായതിനാല്‍ ഏഴു ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസ്. സ്ഥലം ഒഴിപ്പിക്കാന്‍ പൊലീസ് സംരക്ഷണം തേടി സബ് കളക്ടര്‍ ജില്ലാ പൊലീസ് മേധാവിക്ക് കത്തും നല്‍കിയിട്ടുണ്ട്. ഏഴു ദിവസത്തിനകം ഒഴിഞ്ഞു പോയില്ലെങ്കില്‍ ബലമായി ഒഴിപ്പിക്കുമെന്നും നോട്ടീസിലുണ്ട്.

ഭൂമിയുടെ പട്ടയവുമായി ബന്ധപ്പെട്ട് സര്‍വേ നമ്പര്‍ മാറികിടക്കുന്നുവെന്ന് കാട്ടി രാജേന്ദ്രന്‍ തന്നെ റവന്യൂ വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. ഇതിന്മേല്‍ വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് ഇത് പുറമ്പോക്ക് ഭൂമിയാണെന്ന് വ്യക്തമായതെന്നാണ് റവന്യൂ അധികൃതരുടെ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

STORY HIGHLIGHTS: S Rajendran that the Collector's order is not fair

Next Story