Top

മടങ്ങിയെത്തുന്ന മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കും; നോര്‍ക്ക

26 Feb 2022 7:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മടങ്ങിയെത്തുന്ന മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കും; നോര്‍ക്ക
X

റഷ്യന്‍ അധിനിവേശം തുടരുന്ന യുക്രൈനില്‍ നിന്നും മടങ്ങിയെത്തുന്ന മലയാളികള്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് കേരളം. നോര്‍ക്ക റൂട്ട്‌സ് മുഖേന സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് സൗജന്യമായി കേരളത്തില്‍ എത്തിക്കുമെന്നാണ് അറിയിപ്പ്. യുക്രൈനില്‍ കുടുങ്ങിയവരുടെ ഓണ്‍ലൈന്‍ വിവര ശേഖരണം പുരോഗമിക്കുകയാണ്. ഇതിനായി നോര്‍ക്ക നോര്‍ക്ക വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

മടങ്ങിയെത്തുന്നവരെ മലയാളികളെ കേരളം സൗജന്യമായി ഡല്‍ഹിയില്‍ നിന്നും നാട്ടിലെത്തിക്കുമെന്നും ആവശ്യമെങ്കില്‍ മലയാളികള്‍ക്ക് വേണ്ട താമസ സൗകര്യവും ഒരുക്കാന്‍ തയ്യാറാണ് എന്ന് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണിയും അറിയിച്ചു. കേരള ഹൗസില്‍ താമസ സൗകര്യം ഒരുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതിനിടെ, യുക്രൈനില്‍ നിന്നുള്ള ആദ്യ സംഘം ഇന്ന് ഇന്ത്യയിലെത്തും. ആദ്യസംഘം ഉച്ചയോടെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചെത്തുന്നവരില്‍ 17 മലയാളികളുമുണ്ട്. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി കൂടുതല്‍ വിമാനങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും പുറപ്പെടും.

ഡല്‍ഹിയില്‍ നിന്നും 7.30 ഓടെ റുമാനിയയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു.11.30 യോടെ റുമാനിയയില്‍ നിന്നുള്ള വിമാനം ഇന്ത്യയിലേക്ക് തിരിക്കുകയും ചെയ്യും. കൂടാതെ ഡല്‍ഹിയില്‍ നിന്നും ഹംഗറിയിലേക്കുള്ള വിമാനം 9 മണിയോടെ പുറപ്പെടും. ഹംഗറിയില്‍ നിന്നും 1.15 ഓടെ വിമാനം ഇന്ത്യയിലേക്ക് തിരിക്കുക എന്ന രീതിയിലാണ് സമയക്രമീകരണങ്ങള്‍. വന്ദേ ഭാരത് മിഷന്റെ കീഴിലാണ് 256 സീറ്റുകളുള്ള ബോയിംഗ് 787 വിമാനങ്ങള്‍ സര്‍വീസ് നടത്തുകയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം രക്ഷാദൗത്യങ്ങള്‍ വിലയിരുത്താനായി ഇന്ന് കേന്ദ്ര മന്ത്രിസഭായോഗം ചേരും.സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗം ചേരുന്നത്. യുക്രൈന്‍ സാഹചര്യങ്ങളെ യോഗം വിലയിരുത്തും.

Next Story