Top

നിയമ വിരുദ്ധ ലൈറ്റുകളും മ്യൂസിക് സിസ്റ്റവും; റാന്നിയിലെ സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് പിടികൂടി

7 Oct 2022 7:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയമ വിരുദ്ധ ലൈറ്റുകളും മ്യൂസിക് സിസ്റ്റവും; റാന്നിയിലെ സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് പിടികൂടി
X

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ ടൂറിസ്റ്റ് ബസ് ആർടിഒ സ്ക്വാഡ് പിടികൂടി. റാന്നിയിലെ സ്‌കൂളിൽ നിന്നും വിദ്യാർത്ഥികളുമായി പഠനയാത്ര പോയ ടൂറിസ്റ്റ് ബസാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. നിയമ വിരുദ്ധ ലൈറ്റുകളും മ്യൂസിക് സംവിധാനവും ബസിൽ കണ്ടെത്തി.

അടൂർ ബൈപ്പാസിൽ നടത്തിയ വാഹനപരിശോധനയിലാണ് ബസ് പിടികൂടിയത്. സ്‌കൂൾ അധികൃതർ യാത്രയ്ക്ക് അനുമതി വാങ്ങിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ അധ്യാപകരോട് മോട്ടോർ വാഹന വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. അമിതമായി ഘടിപ്പിച്ചിട്ടുള്ള ലൈറ്റുകളും ശബ്ദസംവിധാനങ്ങളും മാറ്റി നാളെ ഉച്ചയ്ക്ക് മുമ്പ് ബസ് ആർടിഒയ്ക്ക് മുന്നിൽ ഹാജരാക്കണമെന്ന് ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്.

അതേസമയം വടക്കഞ്ചേരി അപകടത്തിൽ ഡ്രൈവർ ജോമോനെതിരെ പുതിയ വകുപ്പ് ചുമത്തി നരഹത്യയ്ക്ക് കേസെടുത്തു. മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. ജോമോന്റെ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അപകടസമയത്ത് മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനാണിത്. കാക്കനാട് ലാബിലേക്കാണ് രക്തസാമ്പിൾ അയച്ചിരിക്കുന്നത്.

ബ്ലാക്ക് ലിസ്റ്റ് ചെയ്ത ബസുകളുടെ പട്ടിക തയ്യാറാക്കാൻ ഗതാഗത സെക്രട്ടറി നിർദേശം നൽകി. ബ്ലാക്ക് ലിസ്റ്റ് ചെയ്ത വാഹനങ്ങളിൽ സ്‌കൂൾ, കോളേജ് ടൂറുകൾ അനുവദിക്കില്ലെന്നും സെക്രട്ടറി അറിയിച്ചു. അതേസമയം എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിക്കാൻ കർശന നിർദേശം നൽകിയെന്ന് ഗതാഗത മന്ത്രി പറഞ്ഞു.

STORY HIGHLIGHTS: RTO squad caught the tourist bus at Adoor in Pathanamthitta

Next Story