Top

എട്ട് പേര്‍ക്ക് 50,000 രൂപ കൂടി നല്‍കണം; എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാര വിതരണത്തില്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ ശകാരം

ദുരിതബാധിതര്‍ക്ക് എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

13 May 2022 7:57 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എട്ട് പേര്‍ക്ക് 50,000 രൂപ കൂടി നല്‍കണം; എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാര വിതരണത്തില്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ ശകാരം
X

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നഷ്ട പരിഹാര വിതരണത്തിലുണ്ടാവുന്ന കാലതാമസത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രോഷം പ്രകടിപ്പിച്ച് സുപ്രീംകോടതി. ദുരിതബാധിതര്‍ക്ക് എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

അഞ്ച് ലക്ഷം രൂപ വീതം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നല്‍കാന്‍ 2017 ജനുവരിയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടികാട്ടി കോണ്‍ഫെഡറേഷന്‍ ഓഫ് എന്‍ഡോസള്‍ഫാന്‍ റൈറ്റ്‌സ് വിക്ടിംസ് കലക്ടിവിന്റെ നേത്യത്വത്തില്‍ എട്ട് ഇരകള്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.

കോടതിയെ സമീപിച്ച എട്ട് പേര്‍ക്ക് നഷ്ടപരിഹാരത്തിന് പുറമെ മൂന്നാഴ്ച്ചക്കകം 50,000 രൂപ കൂടി സര്‍ക്കാര്‍ നല്‍കാനും കോടതി ഉത്തരവിട്ടു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇരകള്‍ക്കുള്ള ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പുവരുത്തണം, നഷ്ടപരിഹാര വിതരണത്തിലെ പുരോഗതി പ്രതിമാസം വിലയിരുത്തണം എന്നീ നിർദേശങ്ങളും നൽകി.

ഇരകള്‍ സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്, ഉത്തരവ് പുറപ്പടുവിച്ച് അഞ്ച് വര്‍ഷമായിട്ടും നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും കോടതി ചൂണ്ടികാട്ടി. എൻഡോസൾഫാൻ ദുരിത ബാധിതരായ 3,704പേര്‍ക്ക് അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്.

കോടതിയില്‍ വന്ന എട്ട്‌പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത്. മറ്റുള്ളവര്‍ക്ക് നല്‍കിയിട്ടില്ല. ഇരകളില്‍ അര്‍ബുദം ഉള്ളവരും മാനസിക വൈകല്യമുള്ളവരുമുണ്ട്. എന്തിനാണ് ഈ പാവങ്ങള്‍ നീതിക്കായി ഡല്‍ഹിയില്‍ വരെ വരുന്നത്. സര്‍ക്കാര്‍ അത് സ്വയം ചെയ്യണമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഇരകള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും ബെഞ്ച് ചൂണ്ടികാട്ടി. ഇതുവരെയുള്ള പുരോഗതി വ്യക്തമാക്കി പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്യാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജുലൈ മൂന്നാം വാരത്തില്‍ ഹര്‍ജി വീണ്ടും പരിഗണിക്കും.

Story highlights: Rs 50,000 more for eight; Supreme Court insults govt over endosulfan compensation

Next Story

Popular Stories