Top

റോഡിലെ കുഴി; 'മന്ത്രി റിയാസിന്റെ വിമര്‍ശനം ഗൗരവതരം'; സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് റോഷി

സംസ്ഥാനത്തെ റോഡുകളിലെ കുഴികള്‍ സംബന്ധിച്ച മന്ത്രി മുഹമ്മദ് റിയാസിന്റെ വിമര്‍ശനം ഗൗരവതരമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍

26 Nov 2021 5:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റോഡിലെ കുഴി; മന്ത്രി റിയാസിന്റെ വിമര്‍ശനം ഗൗരവതരം; സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് റോഷി
X

സംസ്ഥാനത്തെ റോഡുകളിലെ കുഴികള്‍ സംബന്ധിച്ച മന്ത്രി മുഹമ്മദ് റിയാസിന്റെ വിമര്‍ശനം ഗൗരവതരമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.സാങ്കേതികമായ ചില പ്രശ്‌നങ്ങള്‍ കൊണ്ടാണ് ജനസേചന വകുപ്പിന്റെ പണികള്‍ വൈകാന്‍ കാരണം, മമന്ത്രിതല ചര്‍ച്ച അടുത്തയാഴ്ച്ച നടക്കും. ജനങ്ങളുടെ പ്രശ്‌നത്തിനു പരിഹാരം കാണുകയാണ് ആത്യന്തികമായ ലക്ഷ്യമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

'കേരളത്തിലെ റോഡുകള്‍ തകര്‍ന്നുകിടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അതിന് പലവിധ കാരണങ്ങളുണ്ട്. ഒരു കാരണം വാട്ടര്‍ അതോറിറ്റി എടുത്തിട്ടുള്ള വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചുകൊടുക്കുന്നതിനുള്ള താമസമായിരിക്കാം. അതിനെ എതിര്‍ക്കേണ്ടതായിട്ടില്ല. വിഷയം പരിശോധിക്കും. സാങ്കേതികമായ ചില പ്രശ്‌നങ്ങള്‍ കൊണ്ടാണ് ജലസേചന വകുപ്പിന്റെ പണികള്‍ വൈകാന്‍ കാരണം. മന്ത്രിതല ചര്‍ച്ച അടുത്ത ആഴ്ച ഉണ്ടാകും. ജനങ്ങളുടെ പ്രശ്‌നത്തിനു പരിഹാരം കാണുകയാണ് ആത്യന്തികമായ ലക്ഷ്യം.' റോഷി അഗസ്റ്റിന്‍ പറഞ്ഞു.

റോഡിലെ കുഴികള്‍ സംബന്ധിച്ച വിഷയത്തില്‍ ജലവിഭവ വകുപ്പിനെ പഴിചാരുന്ന നിലപാടാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സ്വീകരിച്ചത്. കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡ് പൊളിക്കുന്നവര്‍ പിന്നീട് അത് നന്നാക്കാന്‍ ഉത്തരവാദിത്തം കാണിക്കുന്നില്ലെന്നും എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിന്റേത് അല്ലെന്നുമാണ് മന്ത്രി പറഞ്ഞത്.

'ടാര്‍ ചെയ്ത റോഡുകള്‍ ജനങ്ങളുടെ ആവശ്യമെന്ന നിലക്ക് തന്നെ കുടിവെള്ളത്തിന് വേണ്ടി വെട്ടിപൊളിക്കുന്നത് തെറ്റായ രീതിയാണ്. കുടിവെള്ളം ആവശ്യമാണ്. പക്ഷെ കുത്തിപൊളിച്ച റോഡുകള്‍ പഴയപോലെ ആക്കാന്‍ അത് പൊളിച്ചവര്‍ക്കും ഉത്തരവാദിത്തം ഉണ്ട്. വാട്ടര്‍ അതോറിറ്റി അത്തരത്തില്‍ റോഡുകള്‍ കുത്തിപൊളിക്കുകയാണെങ്കില്‍ പഴയപോലെ ആക്കാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ട്.' മുഹമ്മദ് റിയാസ് പറഞ്ഞു.

കേരളത്തില്‍ ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍ റോഡില്‍ 33000 കിലോ മീറ്റര്‍ റോഡ് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റെതെന്നും മുഹമ്മദ് റിയാസ് കൂട്ടിചേര്‍ത്തു. കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് മന്ത്രിയുടെ പ്രതികരണം.

റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്ന കാര്യത്തില്‍ നിരന്തരം ഉത്തരവിട്ട് നാണക്കേടായിത്തുടങ്ങിയെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. കൊച്ചി നഗരത്തിലെയും പരിസരങ്ങളിലെയും റോഡുകള്‍ തകര്‍ന്നെന്ന റിപ്പോര്‍ട്ട് പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വാക്കാലുള്ള പരാമര്‍ശം.

റോഡില്‍ കുഴിയുണ്ടായാല്‍ ഉടന്‍ നികത്താനുള്ള സൗകര്യമില്ലെന്ന് കോര്‍പ്പറേഷന്റെ അഭിഭാഷകന്‍ വിശദീകരിച്ചു. അത്തരം സൗകര്യം ഒരുക്കുകയല്ലേ വേണ്ടതെന്നായിരുന്നു കോടതിയുടെ ചോദ്യം. ഒരു കുഴി നികത്തുന്നതിനു പകരം ഒരു റോഡ് തന്നെ മുഴുവനായി നികത്തേണ്ട അവസ്ഥയാണുണ്ടാകുന്നത്.

ഉത്തരവുകള്‍ എല്ലാവരും മറന്നു. അത് അനുവദിക്കാനാകില്ല. കഴിഞ്ഞവര്‍ഷം തകര്‍ന്ന റോഡ് ഇത്തവണയും തകര്‍ന്നിരിക്കുകയാണ്. റോഡ് സഞ്ചാരയോഗ്യമാക്കുന്നതില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ പി.ഡബ്‌ള്യു.ഡി., കൊച്ചി കോര്‍പ്പറേഷന്‍, കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ്, ജി.സി.ഡി.എ., അര്‍ബന്‍ അഫയേഴ്സ് ഡയറക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍ എന്നിവരോട് കോടതി നിര്‍ദേശിച്ചു. അറ്റുകുറ്റപ്പണി നടത്തിയിട്ടും തകര്‍ന്ന റോഡുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.



Next Story

Popular Stories