Top

റോപ്പ് വേ പൊളിച്ചു നീക്കി; പി വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥയിലുള്ള അനധികൃത നിര്‍മ്മാണത്തില്‍ നടപടി തുടരുന്നു

ഓംബുഡ്‌സ്മാന്റെ അന്ത്യശാസനത്തെ തുടര്‍ന്നാണ് നടപടി.

20 Feb 2022 7:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റോപ്പ് വേ പൊളിച്ചു നീക്കി; പി വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥയിലുള്ള അനധികൃത നിര്‍മ്മാണത്തില്‍ നടപടി തുടരുന്നു
X

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഭാര്യാപിതാവ് സി കെ അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥയിലുള്ള റോപ്പ് വേ പൊളിച്ചു നീക്കി. കക്കാടം പൊയില്‍ ചീങ്കണ്ണിപ്പാലിയിലെ റോപ്പ് വേയാണ് പൊളിച്ച് നീക്കിയത്. ഓംബുഡ്‌സ്മാന്റെ അന്ത്യശാസനത്തെ തുടര്‍ന്നാണ് നടപടി. കോണ്‍ക്രീറ്റ് അടിത്തറ ഉള്‍പ്പെടെയുള്ളവ വൈകാതെ പൊളിച്ചു നീക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കക്കാടം പൊയിലിലെ അരുവിക്ക് കുറുകെയുള്ള മൂന്ന് മലകളെ ബന്ധിപ്പിക്കുന്ന റോപ്പ് വേയുടെ മൂന്ന് ഇരുമ്പു ടവറുകളാണ് പൊളിച്ച് നീക്കിയത്. അഞ്ച് വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ പൊളിച്ച് നീക്കാന്‍ ഉത്തരവിട്ടിരുന്നെങ്കിലും നടപടിയെടുക്കാത്തതിനെതിരെ ഓംബുഡ്‌സ്മാന്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഇതോടെയാണ് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് സികെ അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതിയിലുള്ള ഭൂമിയിലെ അനധികൃത നിര്‍മാണം പൊളിച്ച നീക്കുന്നത്.

കോണ്‍ക്രീറ്റ് അടിത്തറയും ഉടന്‍ പൊളിച്ച് നീക്കും. മാര്‍ച്ചോടെ അനധികൃത നിര്‍മ്മാണപ്രവര്‍ത്തനം പൂര്‍ണമായും പൊളിച്ച് നീക്കാനാണ് ഔബുഡ്‌സ്മാന്റെ ഉത്തരവ്. നടപടി നിര്‍ത്തിവെക്കാന്‍ ഭൂ ഉടമ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചെങ്കിലും കോടതി ഇടപെട്ടിരുന്നില്ല. കേസ് 22ന് വീണ്ടും പരിഗണിക്കും. ഇതിനിടെ പൊളിച്ച് നീക്കുന്നതിന് ചെലവ് വന്ന 1.47 ലക്ഷം രൂപ ഭൂ ഉടമയില്‍ നിന്നും ഈടാക്കുമെന്നും പഞ്ചായത്ത് വ്യക്തമാക്കി.

അനുമതിയില്ലാതെ കെട്ടിയ തടയണ പൊളിച്ചു നീക്കാന്‍ നേരെത്തെ ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. 2015- 16 കാലയളവിലാണ് ചീങ്കണ്ണി പാലിയില്‍ അനുമതിയില്ലാതെ പ്രവര്‍ത്തികള്‍ നടന്നത്. റോപ്പ് വേ പൊളിച്ചുനീക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂര്‍ സ്വദേശി എം പി വിനോദ് നല്‍കിയ പരാതിയിന്മേലാണ് നടപടി.

റസ്റ്റോറന്റിനായുള്ള അനുമതിയുടെ മറവില്‍ നിയമ വിരുദ്ധമായി കെട്ടിയ റോപ് വേ പൊളിച്ച് മാറ്റി നവംബര്‍ 30ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഓംബുഡ്‌സ്മാന്‍ നേരത്തെ ഉത്തരവ് നല്‍കിയിരുന്നെങ്കിലും നടപ്പിലായില്ല. തുടര്‍ന്ന് റോപ് വേ പൊളിച്ച് മാറ്റാനുള്ള ഉത്തരവ് നടപ്പിലാക്കുന്ന കാര്യത്തില്‍ വീഴ്ച സംഭവിച്ചാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്ന് ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

STORY HIGHLIGHTS: Ropeway in the illegal construction of PV Anwar was demolished

Next Story