Top

'റിഫയെ മെഹ്നാസ് ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ട്'; റിഫയുടെ സഹോദരൻ റിജു

'പൊലീസിൽ ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ മെഹ്നാസിന് ഉത്തരമില്ല'

17 May 2022 4:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റിഫയെ മെഹ്നാസ് ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ട്; റിഫയുടെ സഹോദരൻ റിജു
X

കോഴിക്കോട്: റിഫ മെഹ്നുവിനെ ഭർത്താവ് മെഹ്നാസ് ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്ന് റിഫയുടെ സഹോദരൻ റിജു. റിഫയെ മെഹ്നാസ് ഉപദ്രവിക്കുന്നത് ഒന്ന് രണ്ട് തവണ കണ്ടിരുന്നു. എന്നാൽ അന്ന് അതിനെ കുറിച്ച് ചോദിച്ചപ്പോൾ മെഹ്നാസ് ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറുകയാണുണ്ടായത്. പൊലീസിൽ ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ മെഹ്നാസിന് ഉത്തരമില്ലെന്നും റിജു റിപ്പോർട്ടർ ടിവി ചർച്ചയിൽ പറഞ്ഞു.

'ഒളിവിൽ പോയതിന് ശേഷം മെഹ്നാസ് വാട്ട്സാപ്പിൽ ബന്ധപ്പെട്ടിരുന്നു. ഫോണിലൂടെ ഞങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഞാനും എന്റെ ബന്ധുവും ഖാദർ കരിപ്പടി എന്നയാളും ചേർന്ന് അവനെ കുറ്റക്കാരനാക്കാൻ ശ്രമിക്കുകയാണെന്നാണ് മെഹ്നാസ് ആരോപിക്കുന്നത്. ഞങ്ങളാണ് റിഫയുടെ മരണത്തിന് കാരണക്കാരെന്നുമാണ് പറയുന്നത്. സ്വയം ന്യായീകരിക്കുകയാണ് മെഹ്നാസ്. അവനൊന്നും അറിയില്ലെന്നും മുൻ വെെരാഗ്യത്തിന്റെ പുറത്ത് ഞങ്ങൾ അവനെ കുറ്റക്കാരനാക്കാൻ ശ്രമിക്കുകയാണെെന്നും പറയുന്നു. എന്തുകൊണ്ടാണ് പൊലീസിൽ ഹാജരാക്കത്ത്, അന്ന് സംഭവിച്ചത് എന്താണ്, ജംഷാദിന്റെ മൊഴി എന്നിവയെ സംബന്ധിച്ച് ചോദിച്ചാൽ അതിന് മെഹ്നാസിന് ഉത്തരമില്ല',റിജു പറഞ്ഞു.

'റിഫയുടെ മരണത്തെ സംബന്ധിച്ചും, ഈ കേസിൽ ബന്ധപ്പെട്ടിട്ടുളള പല ആളുകളെ പറ്റിയും ഞങ്ങളെക്കുറിച്ചും മെഹ്നാസ് വ്യാജ വാർത്തകൾ ചമച്ച് വിടുകയാണ്. ഇതിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് അവൻ ശ്രമിക്കുന്നത്. റിഫയെ മെഹ്നാസ് ഉപദ്രവിക്കുന്നത് ഒന്ന് രണ്ട് തവണ കണ്ടിരുന്നു. അന്ന് അതിനെ കുറിച്ച് ചോദിച്ചപ്പോൾ മെഹ്നാസ് ഒഴിഞ്ഞുമാറുകയാണുണ്ടായത്. മരണം നടന്ന സമയത്തെ മെഹ്നാസിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയില്ല. അവിടുത്തെ എല്ലാ നടപടിക്രമങ്ങളും ഞങ്ങൾ നോക്കിക്കോളാം എന്ന് പറഞ്ഞു. എന്നോട് ഒന്നിലും ഇടപെടണ്ടയെന്നും പറഞ്ഞു. അന്ന് മെഹ്നാസിന്റെ വാക്കുകളെ വിശ്വസിക്കുകയായിരുന്നു. പക്ഷെ അവിടെയും ഞാൻ കബിളിപ്പിക്കപ്പെടുകയായിരുന്നു. പിന്നീട് നാട്ടിലെത്തിയ ശേഷം ഒരു ഷോൾ മാത്രം ബാക്കിവെച്ച് മറ്റുളള എല്ലാ സാധനങ്ങളും എടുത്ത് മെഹ്നാസ് അവിടെ നിന്നും പോവുകയായിരുന്നു,'റിജു പറഞ്ഞു.

അതേസമയം റിഫ മെഹ്നുവിന്റേത് ആത്മഹത്യയാണെന്നുളള പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. റിഫയുടെ കഴുത്തിലെ അടയാളങ്ങൾ തൂങ്ങി മരണം ശരിവയ്ക്കുന്നതാണെന്നാണ് നിഗമനം. ആന്തരിക അവയവങ്ങളുടെ രാസ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഈ മാസം ഏഴിനാണ് പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തത്. മാർച്ച് ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്‌ളാറ്റിൽ റിഫയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റിഫയുടെ ഭർത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്. നാട്ടിലെത്തിച്ച മൃതദേഹം ഉടൻ മറവു ചെയ്തു. മെഹ്നാസിന്റെ പെരുമാറ്റത്തിലെ അസ്വഭാവികതയെ തുടർന്ന് റിഫയുടെ കുടുംബം ദുരൂഹതയാരോപിച്ച് പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് കാക്കൂർ പൊലീസ് മെഹ്നാസിനെതിരെ കേസെടുത്തു. മൊഴിയെടുക്കാൻ കാസർഗോട്ട് പോയെങ്കിലും മെഹ്നാസിനെ കാണാൻ സാധിച്ചിരുന്നില്ല.

STORY HIGHLIGHTS: Rifa mehnu's brother Rijun about Mehanz

Next Story