ചിന്നക്കനാല്‍ ആദിവാസി ഭൂമിയിലെ കയ്യേറ്റം ഒഴുപ്പിച്ച് റവന്യൂ വകുപ്പ്; തിരിച്ച് പിടിച്ചത് 13 ഏക്കര്‍
കയ്യേറ്റം നടത്തി കൃഷി നടത്തിയ ഭൂമി കയ്യേറ്റക്കാര്‍ മറ്റ് സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയായിരുന്നു
19 March 2023 7:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇടുക്കി: ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി റവന്യൂ വകുപ്പ്. ചിന്നക്കനാലില്‍ ആദിവാസി ഭൂമിയിലെ കയ്യേറ്റം ഒഴുപ്പിച്ച് റവന്യൂ വകുപ്പ് ഏറ്റെടുത്തു. സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയ ആദിവാസി പുനരധിവാസ പദ്ധതിയില്‍പ്പെട്ട 13 ഏക്കര്‍ സ്ഥലമാണ് റവന്യൂ വകുപ്പ് ഏറ്റെടുത്തത്.
കയ്യേറ്റങ്ങള്‍ക്കൊണ്ട് വിവാദ ഭൂമിയായ മാറിയ ചിന്നക്കനാലിലെ കയ്യേറ്റം പൂര്‍ണ്ണമായി ഒഴുപ്പിച്ച് സര്‍ക്കാര്‍ ഭൂമികള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികളുമായാണ് റവന്യൂ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. എല്‍ സി മത്തായി കൂനം മാക്കല്‍, പാല്‍രാജ് മകന്‍ പി ജയപാല്‍ എന്നിവര്‍ കയ്യേറി കൈവശപ്പെടുത്തിയ ചിന്നക്കനാല്‍ താവളത്തിലെ ബ്ലോക്ക് നമ്പര്‍ എട്ടില്‍പ്പെട്ട റീ സര്‍വ്വേ നമ്പര്‍ 178 ല്‍ ഉള്‍പ്പെട്ട പതിമൂന്ന് ഏക്കറോളം ഭൂമിയാണ് ഒഴുപ്പിച്ചെടുത്ത് റവന്യൂ വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചത്. മുമ്പ് കയ്യേറ്റത്തിനെതിരേ നടപടിയുമായിട്ടെത്തിയ റവന്യൂ വകുപ്പിനെതിരേ കയ്യേറ്റക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് റവന്യൂ രേഖകളുടെ വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ സ്ഥലം റവന്യൂ ഭൂമിയാണെന്നും ആദിവാസികള്‍ക്ക് വിതരണത്തിനായി മാറ്റിയിട്ടിരിക്കുന്നതാണെന്നും വ്യക്തമായ സാഹചര്യത്തിലാണ് കയ്യേറ്റം ഒഴുപ്പിച്ച് സ്ഥലം ഏറ്റെടുക്കാന്‍ കോടതി ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ കയ്യേറ്റക്കാര്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇന്ന് ഭൂമി ഏറ്റെടുത്തത്.
കയ്യേറ്റം നടത്തി കൃഷി നടത്തിയ ഭൂമി കയ്യേറ്റക്കാര്‍ മറ്റ് സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയായിരുന്നു. ഉടുമ്പന്‍ചോല എല്‍ ആര്‍ തഹസില്‍ദാര്‍ സീമ ജോസഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഹാരിസ് ഇബ്രാഹിം, സേന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഭൂമി ഏറ്റെടുത്തത്. ഭൂ സംരക്ഷണ സേനക്കൊപ്പം പൊലീസ്, വനം വകുപ്പ് എന്നിവരുടെ സഹായത്തോടെയാണ് സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ചത്.
STORY HIGHLIGHTS: Revenue Department takes strict action against encroachments in Idukki