Top

എസ് രാജേന്ദ്രൻ കൈവശപ്പെടുത്തിയ സർക്കാർ ഭൂമി ഒഴിയണമെന്ന് റവന്യൂ വകുപ്പ്

കത്തിലെ നിർദേശങ്ങൾ ലംഘിച്ചാൽ നിയമ നടപടി നേരിടേണ്ടി വരും

15 Jan 2022 4:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എസ് രാജേന്ദ്രൻ കൈവശപ്പെടുത്തിയ സർക്കാർ ഭൂമി ഒഴിയണമെന്ന് റവന്യൂ വകുപ്പ്
X

മുൻ ദേവികുളം എംഎൽഎ എസ്.രാജേന്ദ്രനെതിരെ റവന്യൂ വകുപ്പ്. മുൻ എംഎൽഎ അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി ഒഴിയണമെന്ന് റവന്യൂ വകുപ്പ് നിർദേശിച്ചു. ഭൂമിയിൽ ഇപ്പോൾ നടക്കുന്ന നിർമ്മാണ പ്രവർത്തികൾ നിർത്തിവെക്കാൻ റവന്യൂ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മൂന്നാർ ഇക്കാ നഗറിലുള്ള എട്ട് സെൻ്റ് ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്.

കത്തിലെ നിർദേശങ്ങൾ ലംഘിച്ചാൽ നിയമ നടപടി നേരിടേണ്ടി വരും. ദേവികുളം സബ് കളക്ടറുടെ നിർദേശാനുസരണം മൂന്നാർ വില്ലേജ് ഓഫീസറാണ് കത്ത് നൽകിയത്. അതേസമയം ഉദ്യോ​ഗസ്ഥരുടെ പ്രവൃത്തി വസ്തുതകൾ മനസിലാക്കാതെയാണെന്ന് മുൻ എംഎൽഎ പ്രതികരിച്ചു. സിപിഐഎമ്മിൽ നിന്ന് പുറത്താക്കൽ ഭീഷണി നേരിടുന്ന എസ് രാജേന്ദ്രന് റവന്യൂ വകുപ്പിന്റെ നീക്കം കൂടുതൽ തലവേദനയാകും.

നേരത്തെ പാർട്ടി അംഗത്വത്തിൽ തുടരാൻ അനുവദിക്കണമെന്ന് എസ് രാജേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. പള്ളൻ എന്ന ജാതിയുടെ പേരിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രാജേന്ദ്രൻ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് അയച്ച കത്തിൽ പറയുന്നു. എംഎ മണി എംഎൽഎയെ കണ്ട് കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം അപമാനിച്ചെന്നും നേതൃത്വത്തെ അറിയിച്ചു. കാര്യം വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ കുടുംബത്തെ നോക്കി വീട്ടിലിരിക്കാനായിരുന്നു എംഎം മണിയുടെ മറുപടി.

"തിരുവനന്തപുരം എംഎൽഎ ഓഫീസിൽ സഖാവ് എംഎം മണിയെ കണ്ട് പുതിയ പ്രശ്‌നങ്ങൾ ഉയർന്നു വരുന്ന സാഹചര്യം പറഞ്ഞു. എന്നോട് അപ്പനേയും അമ്മയേയും മക്കളേയും കുടുംബത്തേയും നോക്കി മര്യാദക്ക് വീട്ടിൽ ഇരുന്നു കൊള്ളണമെന്നും നിനക്ക് ആവശ്യത്തിന് പെൻഷൻ കിട്ടുമല്ലോ. അതുകൊണ്ട് ലീവ് എടുത്ത് വീട്ടിൽ പോയിരിക്കണമെന്നും വളരെ ദേഷ്യത്തിൽ പ്രതികരിച്ചു. വളരെ മുൻവിധിയോട് കൂടി തന്നെയാണ് എന്നോടുള്ള പെരുമാറ്റം എന്ന് അപ്പോൾ എനിക്ക് മനസ്സിലായി. ഇനി കമ്മിറ്റികളിലും സമ്മേളനങ്ങളിലും പോയാൽ ഇതിനേക്കാൾ മോശമായി പരസ്യമായി എനിക്ക് എതിരെ പ്രതികരിക്കുനെന്നും എനിക്ക് തോന്നി. ഇനി കമ്മിറ്റികളിൽ പങ്കെടുക്കാത്തതിനെ കുറിച്ച് ജില്ലാ സെക്രട്ടറിയെ കൃത്യമായി അറിയിച്ചിട്ടുണ്ട്.' കത്തിൽ പറയുന്നു.

'പള്ളൻ എന്ന ജാതിയുടെ പ്രതിനിധിയായി എസ്റ്റേറ്റിൽ പോകുവാനോ ഈ പാർട്ടിയിൽ പ്രവർത്തിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല, എന്നെ ഉപദ്രവിക്കരുതേ എന്ന് ഞാൻ വീണ്ടും അഭ്യർത്ഥിക്കുകയാണ്. മൂന്നാർ, മറയൂർ തുടങ്ങിയ ഏരിയാ സമ്മേളനങ്ങളിൽ എംഎം മണിയുടേയും നേതാക്കളുടേയും പ്രസംഗങ്ങളും ഇടപെടലുകളും എനിക്കെതിരായ നീങ്ങളുടെ വേദിയായി സമ്മേളനങ്ങളെ ഉപയോഗിച്ചു എന്നത് വസ്തുതയാണ്. കെവി ശശിയും, ശശി കുമാറും വിജയനും മറ്റുള്ളവരെ ചേർത്ത് എനിക്കെതിരായ പ്രചരണങ്ങൾ ചില പാർട്ടി അംഗങ്ങളിലൂടെ നടത്തുകയാണ്. ' രാജേന്ദ്രൻ കത്തിൽ വ്യക്തമാക്കി.

Next Story

Popular Stories