ഷംസീറല്ല; എസി മൊയ്തീന്‍ വീണ്ടും മന്ത്രി സ്ഥാനത്തേക്കെന്ന് റിപ്പോര്‍ട്ട്
28 Aug 2022 11:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി നടക്കുമെന്ന കാര്യത്തില്‍ സാധ്യതയേറിയെന്ന് റിപ്പോര്‍ട്ട്. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന കെകെ ശൈലജയെയും എസി മൊയ്തീനെയും മടക്കികൊണ്ടുവരാനും എംബി രാജേഷിനെ മന്ത്രിയാക്കാനുമാണ് നീക്കമെന്നാണ് വിവരം.
സജി ചെറിയാന്‍ രാജിവെച്ച ഒഴിവിലേക്കാണ് എസി മൊയ്തീനെ പരിഗണിക്കുന്നതെന്നാണ് തലസ്ഥാനത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എഎന്‍ ഷംസീറിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കണ്ണൂരില്‍ നിന്നായതിനാല്‍ ഇനിയൊരു മന്ത്രി കൂടി കണ്ണൂരില്‍ നിന്ന് വേണ്ട എന്നാലോചനയിലാണ് പാര്‍ട്ടി നേതൃത്വമെന്നാണ് വിവരം.
നിലവില്‍ ആരോഗ്യമന്ത്രിയായ വീണ ജോര്‍ജിനെ സ്പീക്കറാക്കിയേക്കും. ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും കെകെ ശൈലജയെ മടക്കികൊണ്ടുവരും. നിലവില്‍ സ്പീക്കറായ എംബി രാജേഷിനെ വിദ്യാഭ്യാസ മന്ത്രിയാക്കാനാണ് ആലോചിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയായ വി ശിവന്‍കുട്ടിയെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചേക്കും.
എംവി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിന് പിന്നാലെയാണ് മന്ത്രിസഭ അഴിച്ചുപണിക്ക് സിപിഐഎം ഒരുങ്ങുന്നത്. ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കാന്‍ കോടിയേരി ബാലകൃഷ്ണന് കഴിയാത്ത സാഹചര്യത്തില്‍ എം വി ഗോവിന്ദനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തുവെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി, എ വിജയരാഘവന്‍ തുടങ്ങിയവര്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.
Story Highlights: reports says cpim trying to expand ldf government