Top

ആനച്ചാലിലെ തണ്ണീർത്തടം നികത്തൽ; 'പ്രതിപക്ഷ നേതാവ് അറിഞ്ഞില്ലെന്ന ഭാവം നടിക്കുന്നു', സർക്കാർ അടിയന്തിരമായി ഇടപെടണം

12 July 2022 3:03 PM GMT
ശ്രുതി എആർ

ആനച്ചാലിലെ തണ്ണീർത്തടം നികത്തൽ; പ്രതിപക്ഷ നേതാവ് അറിഞ്ഞില്ലെന്ന ഭാവം നടിക്കുന്നു, സർക്കാർ അടിയന്തിരമായി ഇടപെടണം
X

പറവൂർ: പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തണ്ണീർത്തടം നികത്താനുള്ള ശ്രമം നടന്നതായി പരാതി. കോട്ടുവള്ളി പഞ്ചായത്തിലെ ആനച്ചാൽ- വഴിക്കുളങ്ങര ബൈപ്പാസ് റോഡിനടുത്തുള്ള 16 ഏക്കറോളം വരുന്ന തണ്ണീർത്തടം നികത്താനാണ് ശ്രമിച്ചത്. സംഭവത്തിൽ റവന്യൂ ഉദ്യോഗസ്ഥർ നടപടിയെടുത്തു. മുൻ പഞ്ചായത്ത് വൈസ് പ്രസിണ്ട് കെ സി വിനോദ് കുമാറിൻറെ നേതൃത്വത്തിൽ പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വില്ലേജ്, പഞ്ചായത്ത് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി.

പരാതി ഉയർന്നതിനെ തുടർന്ന് തഹസിൽദാർ രേഖകൾ പരിശോധിക്കാൻ ഉത്തരവിട്ടു. സബ് കളക്ടർ (ആർഡിഒ), വനംവകുപ്പ് എന്നിവർ പരിശോധന നടത്തി. അമ്പതിലധികം ലോഡ് മണ്ണാണ് പുഴയോട് ചേർന്നുള്ള തണ്ണീർത്തടത്തിലും കണ്ടൽകാടിലും അടിച്ചിരിക്കുന്നത്. പതിനാറ് ഏക്കറിൽ കൃഷി ഓഫീസറുടെ അനുമതിയോടെ ആറ് ഏക്കറോളം വരുന്ന നിലം പുരയിടമാക്കിയട്ടുണ്ട്.

വൻകിട കമ്പനികളുടെ ഗോഡൗൺ നിർമ്മാണത്തിന് വേണ്ടിയാണ് തണ്ണീർത്തടം നികത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഭൂമി തരം മാറ്റാൻ സ്ഥലം ഉടമയ്ക്ക് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ട്. ഇതിനായി സാറ്റലൈറ്റ് സർവേയിലും കൃത്രിമം നടന്നതായി പരാതിയുണ്ടായിരുന്നു. 2021ലാണ് കോടതി ഉത്തരവ് നേടിയെടുത്തത്. നാട്ടുകരുടെ പ്രതിഷേധത്തെ തുടർന്ന് നികത്തൽ താൽക്കാലികമായി നിർത്തി വച്ചിരുന്നു. പ്രതിപക്ഷ നേതാവ് വിഷയത്തിൽ അടിയന്തിരമായി ഇടപെടൽ വേണമെന്ന് എ എസ് അനിൽ കുമാർ റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു.

പതിനാറ് ഏക്കറോളം വരുന്ന തണ്ണീർത്തടം നികത്താൻ കോടതി വിധി ഉണ്ടെന്നുപറഞ്ഞ് സ്ഥലം ഉടമ പലരേയും കബിളിച്ചെന്ന് ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി അംഗം എ എസ് അനിൽ കുമാർ പറഞ്ഞു. രണ്ട് ഏക്കർ ഭൂമി മാത്രമാണ് നികത്താൻ കോടതി അനുവദിച്ചത്. ഉദ്യോഗസ്ഥരും ഇതിന് കുട പിടിച്ചെന്നും ആരോപണം ഉയരുന്നുണ്ട്. ഏക്കറു കണക്കിന് വരുന്ന തണ്ണീർത്തടം നികത്തുമ്പോൾ അറിഞ്ഞില്ലെന്ന ഭാവത്തിലാണ് പ്രതിപക്ഷ നേതാവെന്നും അദ്ദേഹം ആരോപിച്ചു.

"ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവുമായി ചേർന്ന് നടത്തിയ കള്ളക്കളിയുടെ ഭാഗമാണ്. നിയമപരമായാണ് നികത്തുന്നതെന്ന് അവർ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. പക്ഷെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിട്ടില്ല. കൊവിഡ് കാലം മുതൽ നികത്തുന്നതിനായി ശ്രമങ്ങൾ നടന്നിട്ടുണ്ട്. നാടിനോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയാണിത്. ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി വേണം. കൃഷി വകുപ്പിന്റെ രജിസ്റ്ററിൽ തണ്ണീർത്തടമാണെന്ന് ഇല്ല. ഇത് വ്യാജ രേഖകൾ നിർമ്മിച്ച് മാറ്റി. സർക്കാർ അടിയന്തിരമായി നടപടിയെടുക്കണം. സ്ഥലം ഉടമ തരം മാറ്റാൻ പണമടച്ചെന്ന് അവകാശം ഉന്നയിക്കുന്നു. നികത്തുന്നതിന് അനുമതി ലഭിച്ചിട്ടുണ്ടെന്നുമാണ് അവരുടെ വാദം. സ്വന്തം മണ്ഡലത്തിൽ നടക്കുന്ന കാര്യത്തിൽ മൗനം പാലിക്കരുത്. ശക്തമായ ഇടപെടൽ നടത്തണം." എ എസ് അനിൽ കുമാർ പറഞ്ഞു.





Next Story