Top

കനത്ത മഴക്ക് ശമനം; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ഓഗസ്റ്റ് ഏഴ് മുതൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ വിലയിരുത്തൽ.

5 Aug 2022 9:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കനത്ത മഴക്ക് ശമനം; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴക്ക് ശക്തി കുറയുമെന്ന് കലാവസ്ഥ വകുപ്പ്. ഇന്ന് നാല് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കി കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. മറ്റിടങ്ങളില്‍ സാധാരണ മഴക്ക് മാത്രം സാധ്യതയുള്ളതിനാല്‍ ഗ്രീന്‍ അലര്‍ട്ടാണ്.

മലയോര മേഖലകളിൽ അതീവ ജാഗ്രത നിർദേശം തുടരുകയാണ്. മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്തും സംഭരണികളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനാലും ജാഗ്രത തുടരാനാണ് സര്‍ക്കാര്‍ നിര്‍ദേശം. നാളെയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും കലാവസ്ഥ വകുപ്പിന്റ പ്രവചനമുണ്ട്.

മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ആന്ധ്രാ പ്രദേശ് തീരത്തിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതിന് പുറമേ മധ്യ കർണാടകക്ക് മുകളിൽ മറ്റൊരു ചക്രവാതചുഴി കൂടി രൂപം കൊണ്ടതാണ് മഴ തുടരാൻ കാരണം.

ഓഗസ്റ്റ് ഏഴ് മുതൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ വിലയിരുത്തൽ. ഇതുമൂലം കേരളത്തിൽ ആഗസ്റ്റ് ഏഴ് മുതൽ 9 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കനത്ത മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2381.52 അടിയിൽ എത്തിയതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു അടി കൂടി ജലനിരപ്പ് ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. പൊതുജനങ്ങൾ അധികൃതർ നൽകുന്ന മുൻകരുതൽ നിർദേശങ്ങൾ പാലിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ രേണു രാജ് നിർദേശിച്ചു.

STORY HIGHLIGHTS: Relief from heavy rains; Yellow alert in four districts today

Next Story