Top

കേരള ഷോളയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട്; പുഴയുടെ തീരങ്ങളിലുള്ളവ‍ർക്ക് ജാ​ഗ്രത നിർദേശം

31 Aug 2022 5:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരള ഷോളയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട്; പുഴയുടെ തീരങ്ങളിലുള്ളവ‍ർക്ക് ജാ​ഗ്രത നിർദേശം
X

കോഴിക്കോട് : ജലനിരപ്പ് 2661 അടി ആയതിനെ തുടര്‍ന്ന് കേരള ഷോളയാര്‍ ഡാമില്‍ ജില്ലാ കളക്ടര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്നാട് ഷോളയാര്‍ ഡാമില്‍നിന്ന് എത്തിച്ചേരുന്ന വെള്ളവും ഡാമിലേക്കുള്ള നിലവിലെ നീരൊഴുക്കും കണക്കിലെടുത്ത് ഡാമിലെ ജലനിരപ്പ് വരും ദിവസങ്ങളില്‍ പൂര്‍ണ സംഭരണ ശേഷിയില്‍ എത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ ഡാമിലെ അധികജലം പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ഒഴുക്കുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായാണ് മൂന്നാം ഘട്ട മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. 2663 അടിയാണ് കേരള ഷോളയാര്‍ ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി. വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് 417.05 മീറ്ററാണ് പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ്.

10 മണിക്കു ശേഷം ഡാമിന്റെ രണ്ട് ഗേറ്റുകള്‍ 0.25 അടിയും 0.5 അടിയും തുറന്നേക്കും. കേരള ഷോളയാറില്‍ നിന്നുള്ള ജലം പെരിങ്ങല്‍ക്കുത്ത് ഡാം വഴി ചാലക്കുടി പുഴയിലാണ് എത്തിച്ചേരുക. ചാലക്കുടി പുഴക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. തൃശൂർ ജില്ലയിലെ മലയോര മേഖലയിലേക്ക് വൈകിട്ട് ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെയുള്ള രാത്രിയാത്ര നിരോധിച്ചു.

അതേസമയം, പാലക്കാട്‌ മലമ്പുഴ ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തി. ഡാമിന്റെ ഷട്ടറുകൾ 45 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. ഡാമിന്റെ വൃഷ്ടിപ്രദേശത്തു മഴ കനത്തത്തോടെയാണ് ഇന്ന് രാവിലെ ഡാമിന്റെ ഷട്ടറുകൾ തുറന്നത്. അതി തീവ്ര മഴയെത്തുടര്‍ന്ന് നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Next Story