Top

'19 എണ്ണമല്ല, നിലവിൽ ഡൽഹിയിൽ 28 തികച്ചുമുണ്ട്'; ധനമന്ത്രിക്ക് രമ്യ ഹരിദാസ് എംപിയുടെ മറുപടി

അതിർത്തി ഗ്രാമങ്ങളിൽ പെട്രോൾപമ്പുകളിൽ സ്ഥാപിച്ചിരിക്കുന്ന വിലക്കുറവിന്റെ ബോർഡുകൾ കേരളത്തിലെ ധനമന്ത്രിക്കും സർക്കാരിനും എതിരെയുള്ള ചൂണ്ടുപലകയാണ്.

11 Nov 2021 12:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

19 എണ്ണമല്ല, നിലവിൽ ഡൽഹിയിൽ 28 തികച്ചുമുണ്ട്; ധനമന്ത്രിക്ക് രമ്യ ഹരിദാസ് എംപിയുടെ മറുപടി
X

ഇന്ധന നികുതി വിഷയത്തിലെ കോണ്‍ഗ്രസ് സമരത്തെ പരിഹസിച്ച ധനമന്ത്രി കെ എന്‍ ബാലഗോപാലിന് മറുപടിയുമായി രമ്യ ഹരിദാസ് എംപി. താങ്കൾ കാളവണ്ടിയിൽ പോയി സമരം നടത്താൻ പറഞ്ഞവർ പാർലമെന്റിനകത്തും പുറത്തും വ്യത്യസ്ത സമരങ്ങൾ നടത്തിയിട്ടുണ്ട്. അതിന്റെയൊക്കെ കൂടി ഫലമാണ് കഴിഞ്ഞദിവസം കേന്ദ്ര സർക്കാർ നടത്തിയ താൽക്കാലിക വിലക്കുറവെന്നും രമ്യ ഹരിദാസ് എംപി പറഞ്ഞു.

കേരളത്തിൽ ഇന്ധന വില കുറയ്ക്കാൻ പറയുമ്പോൾ റൊമാനിയ യിലേക്കും ഉത്തരകൊറിയ യിലേക്കും വിയറ്റ്നാമിലേക്കും നോക്കാൻ പറയുന്ന 'സന്ദേശ'ത്തിലെ കോട്ടപ്പള്ളി പ്രഭാകരൻ ആകാതെ സാധാരണക്കാരനെ സഹായിക്കാൻ ഇന്ധനവിലയിലെ അമിത നികുതി കുറയ്ക്കുകയാണ് വേണ്ടതെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു

എംപിയുടെ പ്രതികരണം:

19 എണ്ണമല്ല ,നിലവിൽ ഡൽഹിയിൽ 28 തികച്ചുമുണ്ട് ധനമന്ത്രി...

താങ്കൾ കാളവണ്ടിയിൽ പോയി സമരം നടത്താൻ പറഞ്ഞവർ പാർലമെന്റിനകത്തും പുറത്തും വ്യത്യസ്ത സമരങ്ങൾ നടത്തിയിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികൾ യോജിച്ചും കക്ഷികൾ പ്രത്യേകമായും സമരം നടത്തിയിട്ടുണ്ട്.ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് പാർലമെന്റിലേക്ക് സൈക്കിളിൽ സഞ്ചരിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ വ്യാപകമായി കേന്ദ്ര സർക്കാരിനെതിരെ ക്യാമ്പയിൻ നടത്തിയിട്ടുണ്ട്. അതിന്റെയൊക്കെ കൂടി ഫലമാണ് ധനമന്ത്രീ കഴിഞ്ഞദിവസം കേന്ദ്ര സർക്കാർ നടത്തിയ താൽക്കാലിക വിലക്കുറവ്.

കേരളത്തിൽ ഇന്ധന വില കുറയ്ക്കാൻ പറയുമ്പോൾ റൊമാനിയ യിലേക്കും ഉത്തരകൊറിയ യിലേക്കും വിയറ്റ്നാമിലേക്കും നോക്കാൻ പറയുന്ന 'സന്ദേശ'ത്തിലെ കോട്ടപ്പള്ളി പ്രഭാകരൻ ആകാതെ സാധാരണക്കാരനെ സഹായിക്കാൻ ഇന്ധനവിലയിലെ അമിത നികുതി കുറയ്ക്കുകയാണ് വേണ്ടത്.

കർണാടകത്തിലെയും മാഹിയിലെയും അതിർത്തി ഗ്രാമങ്ങളിൽ പെട്രോൾപമ്പുകളിൽ സ്ഥാപിച്ചിരിക്കുന്ന വിലക്കുറവിന്റെ ബോർഡുകൾ കേരളത്തിലെ ധനമന്ത്രിക്കും സർക്കാരിനും എതിരെയുള്ള ചൂണ്ടുപലകയാണ്. സാധാരണക്കാരോട് ഒപ്പമെന്ന പതിവ് പല്ലവി സമ്മേളനങ്ങളിലും സെമിനാറുകളിലും മാത്രം പോരാ, പ്രായോഗിക വൽക്കരിക്കാൻ കൂടി ശ്രമിക്കണം. ഒരു ലിറ്റർ പെട്രോളിനും ഡീസലിനും 25 രൂപയ്ക്ക് മുകളിൽ സംസ്ഥാനം വാങ്ങിക്കുന്ന നികുതിയിൽനിന്ന് അഞ്ചു രൂപയെങ്കിലും കുറവ് വരുത്തി കാണിക്കൂ.. എന്നിട്ട് പോരേ മറ്റുള്ളവരോടുള്ള പരിഹാസമെന്നും രമ്യ ഹരിദാസ് എംപി ചോദിച്ചു.

6 വര്‍ഷമായി സംസ്ഥാനം ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടില്ല. 3 വര്‍ഷം മുന്‍പ് കുറയ്ക്കുകയും ചെയ്തു. ഇന്ധന നികുതി വര്‍ധിപ്പിച്ചത് കേന്ദ്ര സര്‍ക്കാരാണ്, കൂട്ടിയവരാണ് കുറയ്‌ക്കേണ്ടത്. ഇവിടെ നിന്ന് 19 പേര്‍ അവിടെ പാര്‍ലമെന്റില്‍ ഉണ്ടെല്ലോയെന്ന് സൂചിപ്പിച്ച ധനമന്ത്രി പാര്‍ലമെന്റിലേക്ക് അവര്‍ കാളവണ്ടിയില്‍ പോകട്ടേയെന്നായിരുന്നു സഭയില്‍ നടത്തിയ പരിഹാസം.

ഓയില്‍ പൂള്‍ അക്കൗണ്ട് ഇല്ലാതാക്കിയത് കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചപ്പോളായിരുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിട്ടില്ല. 2018 ല്‍ ഇത് കുറയ്ക്കുകയും ചെയ്തു. കൊവിഡ് സമയത്ത് എല്ലാ സംസ്ഥാനങ്ങളും നികുതി വര്‍ധിപ്പിച്ചപ്പോള്‍ കേരളം നികുതി വര്‍ധിപ്പിച്ചില്ല. അത് പാതകമായി കാണരുത്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ കോവിഡ് സമയത്ത് 6 ശതമാനം ഇന്ധന നികുതി വര്‍ധിപ്പിച്ചിരിന്നു. സര്‍ചാര്‍ജിന്റെ പേരില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കടന്നു കയറുകയാണ്. ഇവിടെ നിന്ന് എംഎല്‍എമാര്‍ ഒരുമിച്ച് സൈക്കിളിലും, കാളവണ്ടിയിലും ഡല്‍ഹിക്കാണ് പോകേണ്ടതെന്നും മന്ത്രി പറഞ്ഞു.

Next Story