'പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് നല്ല കാര്യം'; ആര്‍എസ്എസിനെയും നിരോധിക്കണമെന്ന് ചെന്നിത്തല
വര്‍ഗീയ തീവ്രവാദം ആളിക്കത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ അധികാരം നേടാനമുള്ള എല്ലാ ശ്രമങ്ങളെയും കോണ്‍ഗ്രസ് എതിര്‍ക്കും
28 Sep 2022 3:05 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് നല്ല കാര്യമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതേപോലെ ആര്‍എസ്എസിനെയും നിരോധിക്കണം. വര്‍ഗീയത ആളിക്കത്തിക്കുന്ന കാര്യത്തില്‍ രണ്ടുകൂട്ടര്‍ക്കും ഒരേ നിലപാടാണെന്നും ചെന്നിത്തല പറഞ്ഞു.
'ആര്‍എസ്എസിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും സമീപനം തെറ്റാണ്. കോണ്‍ഗ്രസ് എന്നും ഭൂരിപക്ഷ വര്‍ഗീയതയ്ക്കും ന്യൂനപക്ഷ വര്‍ഗീയതയ്ക്കും എതിരാണ്. വര്‍ഗീയ തീവ്രവാദം ആളിക്കത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ അധികാരം നേടാനമുള്ള എല്ലാ ശ്രമങ്ങളെയും കോണ്‍ഗ്രസ് എതിര്‍ക്കും', ചെന്നിത്തല പ്രതികരിച്ചു.
പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താല്‍ നേരിടുന്ന കാര്യത്തില്‍ കേരള സര്‍ക്കാര്‍ കാണിച്ച അലംഭാവം ചര്‍ച്ച ചെയ്യപ്പെടുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഏത് തരത്തിലുള്ള വര്‍ഗീയതയെയും ചെറുക്കണമെന്നുള്ള നിലപാടാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എന്നുമുള്ളതെന്ന് ചെന്നിത്തല വ്യക്തമാക്കി.
എന്നാല്‍ ഏതെങ്കിലും സംഘടനയെ നിരോധിച്ചത് കൊണ്ട് മാത്രം കാര്യമില്ല. അവര്‍ വേരെ പേരില്‍ വരും. സിമിയെ നിരോധിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന പേരില്‍ വന്നു. അങ്ങനത്തെ സാഹചര്യത്തില്‍ വര്‍ഗീയതയെ എതിര്‍ക്കാന്‍ രാജ്യത്തെ എല്ലാ മതേതര ശക്തികളും യോജിച്ച് നിന്ന് കൊണ്ട് പോരാട്ടം നടത്തണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Story highlights: Ramesh Chennithala says that banning popular front is a good thing