Top

'ഇളക്കി വിടാൻ മാത്രം ചീപ്പല്ല ഞാൻ'; ഐഎന്‍ടിയുസി-വിഡി സതീശന്‍ വിവാദത്തിൽ രമേശ് ചെന്നിത്തല

4 April 2022 8:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇളക്കി വിടാൻ മാത്രം ചീപ്പല്ല ഞാൻ; ഐഎന്‍ടിയുസി-വിഡി സതീശന്‍ വിവാദത്തിൽ രമേശ് ചെന്നിത്തല
X

ന്യൂഡല്‍ഹി: ഐഎന്‍ടിയുസി-വിഡി സതീശന്‍ അസ്വാര്യത്തിന് പിന്നില്‍ താനല്ലെന്ന് രമേശ് ചെന്നിത്തല. വിഡി സതീശനെതിരെ ഐഎന്‍ടിയുസിയെ ഇളക്കി വിടാന്‍ മാത്രം ഞാനത്ര ചീപ്പല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്. പദവിക്ക് പിന്നാലെ നടക്കുന്ന ആളല്ല താന്‍. എന്നെ അറിയുന്ന ആരും ഇത് വിശ്വസിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡല്‍ഹിയില്‍ വെച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല.

ഇതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ തള്ളി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ രം​ഗത്തെത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണവെ ആയിരുന്നു പ്രതികരണം. ഐഎന്‍ടിയുസി കോണ്‍ഗ്രസിനോട് ഇഴുകി ചേര്‍ന്ന് നില്‍ക്കുന്ന പ്രസ്ഥാനമാണ്. രൂപീകരണ കാലം മുതല്‍ സംഘടന പ്രവര്‍ത്തിച്ചത് അപ്രകാരമാണ്. ഇതിന് പുറമെ പോഷക സംഘടനയാണ് എന്ന് വ്യക്തമാക്കുന്ന രേഖകള്‍ എഐസിസിയുടെ വെബ്‌സൈറ്റിലുണ്ട്. കെപിസിസിയുടെ ലിസ്റ്റിലും ഐഎന്‍ടിയുസി പോഷക സംഘടനകളുടെ കൂട്ടത്തിലുണ്ടെന്നും ആര്‍ ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി.

ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ സോണിയ ഗാന്ധി വരെയുള്ളവരുടെ വാക്കുകള്‍ ഉദ്ധരിച്ച് കൊണ്ടായിരുന്നു ചന്ദ്രശേഖരന്‍ തന്റെ വാദങ്ങളെ പ്രതിരോധിച്ചത്. സ്വാതന്ത്ര്യ സമരകാലം മുതലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രസംഗങ്ങള്‍ പരിശോധിച്ചാല്‍ ഐഎന്‍ടിയുസിയുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. ബഹുജന പ്രക്ഷേഭങ്ങളില്‍ എഐടിസിയുവിന് പങ്കാളിത്തമുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാ കാലത്തും ഐഎന്‍ടിയുസിയുമായി ചേര്‍ന്ന് നിന്നിരുന്നവരാണ്. എറണാകുളത്തെ പ്ലീനറി സമ്മേളനത്തില്‍ സോണിയ ഗാന്ധിയുടേതായ സന്ദേശത്തില്‍ ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട് എന്നും ചന്ദ്രശേഖരന്‍ ഓര്‍മ്മിപ്പിക്കുന്നു.

story highlight: Ramesh chennithala says he has no involvement in vd satheesan-intuc fight

Next Story