Top

'ബുൾഡോസർ രാഷ്ട്രീയമല്ല ഇന്ത്യക്കാവശ്യം'; ജനാധിപത്യവിശ്വാസികൾ ഒന്നിച്ചുനിന്ന് എതിർക്കണമെന്ന് ചെന്നിത്തല

കോടതി ഉത്തരവിനെ മറികടന്നുകൊണ്ട് കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ നടത്തിയ ശ്രമം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്

20 April 2022 3:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബുൾഡോസർ രാഷ്ട്രീയമല്ല ഇന്ത്യക്കാവശ്യം; ജനാധിപത്യവിശ്വാസികൾ ഒന്നിച്ചുനിന്ന് എതിർക്കണമെന്ന് ചെന്നിത്തല
X

തിരുവനന്തപുരം: ഡൽഹിയിലെ ജഹാംഗിർപുരിയിലെ പൊളിക്കൽ നടപടി രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നഗ്നമായ നിയമലംഘനമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതിയുടെ ഉത്തരവിനെപ്പോലും ബഹുമാനിക്കാതെയാണ് കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള ശ്രമം നടന്നത്. ഇത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

'സുപ്രീംകോടതിയിൽ നിന്ന് കെട്ടിടം പൊളിക്കുന്നത് സ്റ്റേ ചെയ്യാനുള്ള വിധി പുറത്തുവന്നതിന് മണിക്കൂറുകൾക്ക് ശേഷവും കോടതിവിധിയെ തെല്ലും മാനിക്കാതെയാണ് ബിജെപി ഭരിക്കുന്ന കോർപറേഷൻ മുന്നോട്ടുപോയത്. സുപ്രീംകോടതി ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ മഹത്തായ മൂല്യങ്ങളുടെ നെഞ്ചിൽ ബുൾഡോസർ കയറ്റിയിറക്കുന്ന ജനാധിപത്യവിരുദ്ധതയെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. ഇത്തരം നീക്കങ്ങളെ രാജ്യത്തെ എല്ലാ ജനാധിപത്യവിശ്വാസികളും ഒന്നിച്ചുനിന്ന് എതിർത്ത് പരാജയപ്പെടുത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ബുൾഡോസർ രാഷ്ട്രീയമല്ല, ഭരണഘടനയെയും നിയമവ്യവസ്ഥയെയും ജനാധിപത്യത്തെയും അംഗീകരിക്കാൻ കഴിയുന്ന രാഷ്ട്രീയമാണ് ഇന്ത്യക്കാവശ്യം', എന്നും ചെന്നിത്തല പറഞ്ഞു.

ജഹാംഗീര്‍പുരിയില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ടും ബിജെപി ഭരിക്കുന്ന വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനാണ് പൊളിക്കല്‍ തുടര്‍ന്നത്. കോടതി ഉത്തരവ് കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി തുടര്‍ന്നത്. ഉത്തരവ് ലഭിക്കുന്നതിനിടെ പരമാവധി കെട്ടിടങ്ങള്‍ പൊളിക്കാനായിരുന്നു അധികൃതരുടെ നീക്കം.വന്‍ പൊലീസ് സന്നാഹത്തോടെയാണ് ബുധനാഴ്ച രാവിലെ ബംഗാളി മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനെന്ന പേരില്‍ അധികൃതര്‍ എത്തിയത്. എന്നാല്‍, ഇതിനെതിരായ ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി ജഹാംഗീര്‍പുരിയില്‍ തല്‍സ്ഥിതി തുടരണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

Story highlights: Ramesh Chennithala against demolition of building at Jahangirpuri

Next Story