Top

'കത്തുകള്‍ സിപിഐഎമ്മിനെ കുത്തുകയാണ്'; തുടര്‍ ഭരണം കേരളത്തിന് ശാപമായെന്ന് ചെന്നിത്തല

'വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും മറ്റ് അഴിമതികള്‍ കൊണ്ടും ഈ സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മടുത്തിരിക്കുന്നു'

16 Nov 2022 5:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കത്തുകള്‍ സിപിഐഎമ്മിനെ കുത്തുകയാണ്; തുടര്‍ ഭരണം കേരളത്തിന് ശാപമായെന്ന് ചെന്നിത്തല
X

തിരുവനന്തപുരം: തുടര്‍ ഭരണം കേരളത്തിന് ശാപമായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനങ്ങള്‍ സര്‍ക്കാരിന് എതിരാണെന്നും ചെന്നിത്തല ആരോപിച്ചു. വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും മറ്റ് അഴിമതികള്‍ കൊണ്ടും ഈ സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മടുത്തിരിക്കുന്നു. സര്‍ക്കാരിനെതിരെ പോരാട്ടം ശക്തിപ്പെടുത്തേണ്ട സന്ദര്‍ഭമാണിത്. അതിനാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കത്തുകള്‍ സിപിഐഎമ്മിനെ കുത്തിക്കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പരിഹസിച്ചു. നാട്ടില്‍ ഗുരുതര അഴിമതിയാണ് നടക്കുന്നത്. ഇതിനെതിരെ മുഖ്യമന്ത്രി ഒരുവാക്കുപോലും സംസാരിച്ചിട്ടില്ല. ഇത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

സാധാരണ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് സമയമില്ലെന്നും ഗവര്‍ണറുമായി ഏറ്റുമുട്ടാനാണ് സമയമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തിരുവനന്തപുരം കോര്‍പറേഷനില്‍ നടക്കുന്നത് പകല്‍ക്കൊള്ളയാണ്. എന്തുകൊണ്ടാണ് അതില്‍ നടപടിയുണ്ടാകാത്തത്. വിജിലന്‍സ് അന്വേഷണം എന്ന് പറയുന്നത് പ്രഹസനമാണ്. അത് ആരും വിശ്വസിക്കാന്‍ പോകുന്നില്ല.

ന്യായമായി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിക്കേണ്ട അവസരങ്ങള്‍ നഷ്ടപ്പെടുത്തി, പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മാത്രമായി കേരളത്തിലെ ജോലികള്‍ മുഴുവന്‍ മാറ്റിവെച്ചിരിക്കുകയാണ്. തുടര്‍ഭരണം കേരളത്തിന് ശാപമായി മാറിയിരിക്കുകയാണ്. ഇതാണ് ബംഗാളില്‍ സംഭവിച്ചത്. ഇത്രയും ജനവിരുദ്ധമായ സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. സര്‍ക്കാരിനെതിരായ സമരം ശക്തിപ്പെടുത്താന്‍ യുഡിഎഫ് മുന്നോട്ട് വരുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

Story Highlights: Ramesh Chennithala Against CPIM And Government

Next Story