Top

'നേര്‍ച്ച കോഴികളെ പോരിനിറക്കുന്നത് പോലെയാണ് അന്ന് ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിപ്പിച്ചത്'; ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്കെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

എകെ ആന്റണി, ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിഡി സതീശനും കെ സുധാകരനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചെറിയാന്‍ ഫിലിപ്പുമായി കൂടികാഴ്ച്ച നടത്തിയിട്ടുണ്ട്.

21 Oct 2021 5:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നേര്‍ച്ച കോഴികളെ പോരിനിറക്കുന്നത് പോലെയാണ് അന്ന് ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിപ്പിച്ചത്; ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്കെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
X

ഇടതു നിരീക്ഷകന്‍ ചെറിയാന്‍ ഫിലിപ്പിന്റെ കോണ്‍ഗ്രസ് പ്രവേശനം ഉറപ്പാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. അക്കാര്യത്തില്‍ രണ്ട് പക്ഷമില്ലന്നും അധികകാലം അപമാനിതനായി ഇടതു മുന്നണിയില്‍ തുടരാനാകില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

'കേരളത്തിന്റെ ഒരു ഭൗദ്ധിക സ്തംബമാണ് ചെറിയാന്‍ ഫിലിപ്പ്. ദീര്‍ഘകാലത്തെ കോണ്‍ഗ്രസ് പാരമ്പര്യമുള്ളയാളാണ്. ഒരുപാട് ആഗ്രഹിച്ച രാജ്യസഭ അദ്ദേഹത്തിന് ഇടതുപക്ഷം കൊടുത്തില്ല. ഉമ്മന്‍ചാണ്ടിയുടെ വാത്സല്യഭാജനമായിരുന്ന ചെറിയാന്‍ ഫിലിപ്പിനെ പുതുപ്പള്ളിയില്‍ മത്സരിപ്പിച്ചത് ഉമ്മന്‍ചാണ്ടിയോടുള്ള പ്രതികാരം തീര്‍ക്കാനാണ്. ചില നേര്‍ച്ച കോഴികളെ പോരിനിറക്കുന്നത് പോലെയാണത്.

ഇടതുപക്ഷം ചെറിയാന്‍ ഫിലിപ്പിനെ ഫലപ്രദമായി ഉപയോഗിച്ച ശേഷം കരിമ്പിന്‍ ചണ്ടിപോലെ വലിച്ചെറിയുകയായിരുന്നു. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങിവരും എന്നതില്‍ രണ്ട് പക്ഷമില്ല. വന്നിരിക്കും. അധികകാലം അപമാനിതനായി നില്‍ക്കാന്‍ കഴിയില്ല.' എന്നായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് നേതാക്കളുമായി കൂടികാഴ്ച്ച നടത്തിയെന്ന വാര്‍ത്തകള്‍ക്കിടെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം.

എകെ ആന്റണി, ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിഡി സതീശനും കെ സുധാകരനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചെറിയാന്‍ ഫിലിപ്പുമായി കൂടികാഴ്ച്ച നടത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും ചെറിയാന്‍ ഫിലിപ്പും പങ്കെടുക്കുന്ന ഒരു ചടങ്ങ് അടുത്തയാഴ്ച്ച തിരുവനന്തപുരത്ത് നടക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണെന്നാണ് ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം.

2001 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കോണ്‍ഗ്രസ് വിട്ട് പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിക്കുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. പിന്നീട് രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴയപ്പെട്ട ചെറിയാന്‍ ഫിലിപ്പിന് ഖാദി ബോര്‍ഡ് ഉപാധ്യക്ഷ സ്ഥാനം നല്‍കുകയായിരുന്നു സര്‍ക്കാര്‍.

ഒന്നാം പിണറായി സര്‍ക്കാറില്‍ നവകേരള മിഷന്‍ കോഓര്‍ഡിനേറ്റര്‍ കൂടിയായിരുന്നു ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു കേരള സര്‍ക്കാറിനെതിരെ രൂക്ഷമായി വിമര്‍ശിച്ചത്. ഭരണാധികാരികള്‍ ദുരന്തനിവാരണത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ, ദുരന്തം വന്ന ശേഷം ദുരിതാശ്വാസ ക്യാംപില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജന വഞ്ചനയാണെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ ആക്ഷേപം. നെതര്‍ലന്‍ഡ്സ് മാതൃകയെക്കുറിച്ച് അവിടെപ്പോയി പഠിച്ചശേഷം തുടര്‍ നടപടിയെക്കുറിച്ച് ആര്‍ക്കുമറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Next Story