Top

നാളെ സൂര്യനുദിക്കുന്നതിന് മുമ്പ് ഗവര്‍ണര്‍ ഒപ്പിടും; എഴുതിവെച്ചോളുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഭരണഘടനയ്ക്ക് അതീതമായി പ്രവര്‍ത്തിക്കാനുള്ള അവകാശം ഗവര്‍ണര്‍ക്ക് ഇല്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

17 Feb 2022 1:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാളെ സൂര്യനുദിക്കുന്നതിന് മുമ്പ് ഗവര്‍ണര്‍ ഒപ്പിടും; എഴുതിവെച്ചോളുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
X

നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ മുമ്പും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം മുഖ്യമന്ത്രിയും ഗവര്‍ണറും സംസാരിച്ച് പരിഹരിക്കുകയാണ് പതിവ്. കാരണം ഭരണഘടനയ്ക്ക് അതീതമായി പ്രവര്‍ത്തിക്കാനുള്ള അവകാശം ഗവര്‍ണര്‍ക്ക് ഇല്ലാത്തതുകൊണ്ടു തന്നെയാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

സ്വന്തം ഗവണ്‍മെന്റിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടില്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ക്ക് പറയാന്‍ സാധിക്കുന്നതെന്നും ഉണ്ണിത്താന്‍ ചോദിച്ചു. ഗവര്‍ണര്‍ക്ക് വിയോജിപ്പുള്ള ഭാഗങ്ങള്‍ നയപ്രഖ്യാപനത്തില്‍ ഉണ്ടാകാം അതിലെല്ലാം ഗവര്‍ണര്‍മാര്‍ ഒപ്പുവെച്ചിട്ടുമുണ്ട്. എന്നാല്‍ ഇവിടെ അതല്ലാ സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞിട്ടുള്ള എന്തെങ്കിലും കാര്യത്തില്‍ ഗവര്‍ണര്‍ ഉറച്ചുനിന്നിട്ടുണ്ടോ എന്നും അദ്ദേഹം വ്യക്തിത്വമില്ലാത്തയാളാണെന്നുന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.

അധികാരത്തില്‍ ആര്‍ത്തിമൂത്താണ് അദ്ദേഹം ബിജെപിയിലേക്ക് പോയതും ഗവര്‍ണറായത്. ഗവര്‍ണര്‍ പദവിയുടെ അന്തസ് അദ്ദേഹം കളഞ്ഞ് കുളിച്ചുവെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. നാളെ സൂര്യനുദിക്കുന്നതിന് മുമ്പ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവെയ്ക്കുമെന്നും വേണമെങ്കില്‍ അത് എഴുതിവെച്ചുകൊള്ളുവെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു.

പിണറായി വിജയന്‍ സര്‍ക്കാരില്‍ നിന്നും ഗവര്‍ണര്‍ക്ക് എന്തോ നേടിയെടുക്കാനുണ്ട് എന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.അതിന് വേണ്ടിയുള്ള ഒരു അടവുനയം മാത്രമാണ് ഗവര്‍ണറുടെ നീക്കത്തിന് പിന്നിലുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിരട്ടിലില്‍ മുഖ്യമന്ത്രി വീഴുമോ എന്ന് അറിയില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ സമ്മേളനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെയാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടില്ലെന്ന് ഗവർണർ അറിയിച്ചത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകേണ്ടതില്ലെന്ന നിലപാട് ​ഗവർണർ നേരത്തെ സ്പീക്കറോട് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ട് നയപ്രഖ്യാപനം പ്രസംഗം കൈമാറിയത്. എന്നാൽ മുഖ്യമന്ത്രിയോടും ​ഗവർണർ നിലപാട് ആവർത്തിക്കുകയായിരുന്നു.

​ഗവർണർ മുന്നോട്ടുവെച്ച ഉപാധികൾ അം​ഗീകരിക്കില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയതോടെ സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ അപൂർവ്വ നാടകീയ സംഭവങ്ങൾക്കാണ് കേരളം സാക്ഷിയായത്. ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്. കര്‍ത്തയെ ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചതില്‍ സർക്കാരും ആരിഫ് മുഹമ്മദ് ഖാനും ഏറ്റുമുട്ടിയിരുന്നു. വിഷയത്തിൽ സർക്കാർ നടത്തിയ നിരീക്ഷണങ്ങൾ പുറത്തുവിട്ടത് ​ഗവര്‍ണറെ ചൊടിപ്പിച്ചുവെന്നാണ് സൂചന.

അതേസമയം ​ഗവർണറുടെ നീക്കത്തിൽ വിമർശനുമായി ഭരണഘടന വിദ​ഗദ്ധൻ കാളീശ്വരം രാജ് രം​ഗത്തുവന്നു. കക്ഷി രാഷ്ട്രീയത്തിന് അതീതമായിട്ടുള്ള ഭരണഘടനാ ബാധ്യതയാണിത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള നിസഹകരണം ​ഗവർണർ തുടരുകയാണെങ്കിൽ, അദ്ദേഹത്തിന്റെ പ്രാഥമികമായ ദൗത്യത്തിൽ നിന്നുള്ള പിന്മാറ്റമാണ്. അങ്ങനെ വന്നാൽ കോടതിക്ക് വരെ ഇടപേടേണ്ടി വന്നേക്കുമെന്നും കാളീശ്വരം രാജ് വ്യക്തമാക്കിയിരുന്നു.

STORY HIGHLIGHTS: Rajmohan Unnithan MP Criticizes Governor Aariff Muhammed Khan

Next Story