നേമം പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയില്‍വെ; 'മള്‍ട്ടി മോഡല്‍ പഠനം നടന്നു കൊണ്ടിരിക്കുന്നു'
പഠനം ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി.
28 July 2022 3:06 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നേമം കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്മാന് വി കെ തൃപാഠി അറിയിച്ചതായി മന്ത്രി വി ശിവന്‍കുട്ടി. മള്‍ട്ടി മോഡല്‍ പഠനം നടന്നു കൊണ്ടിരിക്കുകയാണ് എന്നാണ് ചെയര്മാന് പറഞ്ഞത്. പഠനം ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു.
''ഇന്നത്തെ കൂടിക്കാഴ്ചയെ വളരെ പോസിറ്റീവ് ആയാണ് കാണുന്നത്. അനുകൂല നിലപാട് ആണ് എന്നാണ് കൂടിക്കാഴ്ചകളില്‍ നിന്ന് ഞങ്ങള്‍ക്ക് കിട്ടിയ ഫീല്‍. പദ്ധതി ഉപേക്ഷിച്ചിട്ടില്ല എന്ന് ബോര്‍ഡ് ചെയര്മാന് വ്യക്തമാക്കിയിട്ടുണ്ട്. മള്‍ട്ടി മോഡല്‍ പഠനം നടന്നു കൊണ്ടിരിക്കുകയാണ് എന്നാണ് ചെയര്മാന് പറഞ്ഞത്. പഠനം ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.''-മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി, ഗതാഗതമന്ത്രി ആന്റണി രാജു, ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ എന്നിവരാണ് മന്ത്രിമാരെ കാണാനായി ദില്ലിയില്‍ എത്തിയത്. നേമം ടെര്‍മിനല്‍, തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് വികസനം എന്നിവയെക്കുറിച്ച് റെയില്‍വേ സഹമന്ത്രി, റെയില്‍വേ ബോര്‍ഡ് ചെയര്മാന് എന്നിവരുമായി കൂടിക്കാഴ്ച നടന്നു.
നേമം പദ്ധതി ഉപേക്ഷിച്ചാല്‍ ഭൂമി വിട്ടുനല്കിയവരും കടുത്ത പ്രതിസന്ധി നേരിടേണ്ടിവരുമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് റെയില്‍വേ സഹമന്ത്രി ദര്‍ശന ജര്‍ദോഷിന് നല്കിയ നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രിമാര്‍ അറിയിച്ചു.
''പദ്ധതി കേരളത്തിന്റെ റെയില്‍ വികസനത്തിന് വലിയ ഉത്തേജനം മാത്രമല്ല,നടപ്പാക്കിയാല്‍ രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക പുരോഗതിക്ക് സമൃദ്ധമായ സംഭാവന നല്‍കും. പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുവാനും2019ല്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ച പദ്ധതിയുടെ ഡിപിആറിന് അനുമതി നല്‍കാനും അഭ്യര്‍ത്ഥിച്ചു. ഇതൊക്കെ കേന്ദ്ര റെയില്‍വേ സഹമന്ത്രിയുടെയും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്റെയും ശ്രദ്ധയില്‍പ്പെടുത്തി''.-മന്ത്രിമാര്‍ അറിയിച്ചു.