Top

റിപ്പോര്‍ട്ടര്‍ ഇംപാക്ട്; ദിലീപിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് പരിശോധന

13 Jan 2022 6:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റിപ്പോര്‍ട്ടര്‍ ഇംപാക്ട്; ദിലീപിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച്  പരിശോധന
X

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സംഭവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ വീട്ടില്‍ പൊലീസ് പരിശോധന. ആലുവയിലെ വീട്ടിലാണ് പരിശോധന. നടിയെ ആക്രമിച്ച കേസിലെ കൂടുതല്‍ തെളിവുകള്‍ തേടിയാണ് പരിശോധന. വീട് അടച്ചിട്ട നിലയിലാണ്. ദിലീപ് സ്ഥലത്തില്ലെന്നാണ് ലഭിക്കുന്ന വിവരം. ദിലീപിന്റെ ആലുവ പറവൂര്‍ കവലയിലുള്ള പത്മസരോവരം വീട്ടിലേക്കാണ് ക്രൈംബ്രാഞ്ച് എത്തിയത്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വധഭീഷണിയുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥരെത്തിയതെന്നാണ് വിവരം. ദിലീപിന്‍റെ സഹോദരന്‍ അനൂപിന്‍റെ വീട്ടിലും ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള വന്‍ പൊലീസ് സന്നാഹത്തോടെയാണ് ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്.

അന്വേഷണ ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താൻ ​ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചയിലേക്ക് മാറ്റിയിരുന്നു. അതുവരെ അറസ്റ്റുണ്ടാവില്ലെന്ന് സർക്കാരും വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ക്രൈബ്രാഞ്ച് വീട്ടിൽ പരിശോധനയ്ക്കെത്തിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്,. റിപ്പോര്‍ട്ടര്‍ ടിവി പുറത്ത് വിട്ട ശബ്ദ രേഖകളുടെ അടിസ്ഥാനത്തിലാണ് നടപടി. ദിലീപ്, അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനാവാത്ത വിഐപി, ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരുടെ ശബ്ദരേഖയാണ് കേസിനാധാരം. ഇതിനു പുറമെ ഇതുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു.

'ഇവര്‍ അനുഭവിക്കും, ഒന്നരക്കോടി കൂടി കണ്ടേക്കണേ'; പുതിയ കേസിന് കാരണമായ ദിലീപിന്റെ ശബ്ദരേഖ

ശബ്ദരേഖയില്‍ പറയുന്നത്,ദിലീപ്: 'അഞ്ച് ഉദ്യോഗസ്ഥന്‍മാര്‍ നിങ്ങള്‍ കണ്ടോ അനുഭവിക്കാന്‍ പോവുന്നത്'

വിഐപി: 'കോപ്പന്‍മാര്‍ ഒക്കെ ഇറങ്ങിയാല്‍ അല്ലേ നമുക്ക് വൈരാഗ്യം കാണിക്കാന്‍ പറ്റത്തുള്ളൂ'

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ്: 'ബൈജു പൗലോസിന്റെ സൈഡില്‍ ട്രക്കോ ലോറിയോ കയറിയാല്‍ ഒരു ഒന്നരക്കോടി കൂടി നമ്മള്‍ കാണേണ്ടി വരും'. ( പൊട്ടിച്ചിരിക്കുന്നു)

ദിലീപിന്റെ സഹോദരന്‍ അനൂപും വിഐപിയും തമ്മിലുള്ള സംഭാഷണം: 'നമുക്ക് അറിയാം നിങ്ങളിത് ചെയ്തിട്ടുണ്ടെന്ന്. ഇനിയിപ്പോള്‍ ചെയ്തതിന്റെ ആണെങ്കില്‍ തന്നെ 90 ദിവസം കിട്ടിയില്ലേ. ചെയ്തതിന്റെ അനുഭവിച്ചില്ലേ നിങ്ങള്‍'.

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരന്‍. കേസില്‍ ഒന്നാം പ്രതിയാണ് ദിലീപ്. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, ബൈജു ചെങ്ങമണ്ട്, ഇതുവരെ കണ്ടെത്താനാവാത്ത വിഐപി എന്നിവരാണ് മറ്റ് പ്രതികള്‍. തന്റെ ദേഹത്ത് കൈ വെച്ച സുദര്‍ശന്‍ എന്ന പൊലീസുദ്യോഗസ്ഥന്റെ കൈ വെട്ടണം എന്ന് ദിലീപ് പറഞ്ഞതായി എഫ്‌ഐആറിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരായ ബൈജു പൗലോസ്, സുദര്‍ശന്‍, സന്ധ്യ, സോജന്‍ എന്നിവര്‍ അനുഭവിക്കാന്‍ പോവുകയാണെന്ന് ദിലീപ് പറഞ്ഞതായി എഫ്‌ഐആറിലുണ്ട്. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വെച്ചാണ് ഗൂഡാലോചന നടന്നത്.

Next Story

Popular Stories