'ഒന്നിച്ചു നില്‍ക്കുന്നവര്‍, കേരളത്തിന്റെ ഐക്യ സന്ദേശം രാജ്യം മുഴുവനെത്തിക്കും'; സംസ്ഥാനം നല്‍കിയ സ്‌നേഹത്തിന് നന്ദിയറിയിച്ച് രാഹുല്‍ ഗാന്ധി
11 Sep 2022 3:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: കേരളത്തിലെത്തിയ, രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് 'ഭാരത് ജോഡോ യാത്ര'ക്ക് തലസ്ഥാനത്ത് വന്‍ ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ തുടക്കമായി. വെങ്ങാനൂര്‍ അയ്യങ്കാളി സ്മൃതി മണ്ഡപത്തില്‍ രാഹുല്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചു.
യാത്രക്ക് സംസ്ഥാനത്ത് നല്‍കിയ സ്വീകരണത്തിന് നന്ദിയറിയിച്ചു. ശ്രീനാരായണ ഗുരുവിന്റെ സന്ദേശമാണ് ഭാരത് ജോഡോ യാത്രയിലൂടെ സാധ്യമാക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
ഒന്നിച്ച് നില്‍ക്കുന്നവരാണ് കേരളീയര്‍. ഭിന്നിപ്പിക്കുന്നവരെ അനുവദിക്കില്ലെന്നതാണ് ഈ നാടിന്റെ പ്രത്യേകത. പാര്‍ലമെന്റ് ജനപ്രതിനിധിയെന്ന നിലയില്‍ കേരളത്തെ മനസിലാക്കാന്‍ തനിക്ക് സാധിച്ചെന്നും രാഹുല്‍ പറഞ്ഞു.
നല്ല വിദ്യാഭ്യാസ സമ്പ്രദായം കേരളത്തിനുണ്ട്. പക്ഷെ എന്തുകൊണ്ടാണ് കേരളം മുന്നിലെത്തിയതെന്ന് ആരും ചോദിക്കുന്നില്ല. ഐക്യമാണ് കേരളത്തിന്റെ പ്രത്യേകത. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ കേരളം അനുവദിക്കില്ല. കേരളത്തിന്റെ ആ ഐക്യത്തിന്റെ സന്ദേശം രാജ്യം മുഴുവന്‍ പടര്‍ത്തുന്നതിനാണ് ഈ യാത്രയെന്നും രാഹുല്‍ പറഞ്ഞു.
തിരുവനന്തപുരത്തെ പാറശാലയിലാണ് കേരളത്തിലെ പര്യടനം ആരംഭിച്ചത്. യാത്രക്കിടെ കെ റെയില്‍ വിരുദ്ധ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണനുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി.
Story Highlights: Rahul Gandhi about kerala