'മൊഹമ്മദ് സുബൈറിന്റെ അറസ്റ്റ് ബാലന്‍സിംഗിന് വേണ്ടി'; 'സംഘപരിവാര്‍ പദ്ധതി വെളിപ്പെടുത്തി' രാഹുല്‍ ഈശ്വര്‍
''പക്ഷെ ഉദയ്പൂര്‍ കൊലപാതകം ഉണ്ടായതോടെ കാര്യങ്ങള്‍ മാറി പോയി..''
1 July 2022 3:23 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മൊഹമ്മദ് സുബൈറിന്റെ അറസ്റ്റ് ബാലന്‍സിംഗിന് വേണ്ടിയായിരുന്നെന്ന് രാഹുല്‍ ഈശ്വര്‍. വിദ്വേഷപ്രസംഗ കേസില്‍ ബിജെപി നേതാവ് നുപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ബാലന്‍സിംഗിന് വേണ്ടിയാണ് സുബൈറിനെ അറസ്റ്റ് ചെയ്തതെന്നാണ് രാഹുല്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞത്.
സുബൈറിനെ ആദ്യം അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ നുപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ ഇതിനിടെ ഉദയ്പൂര്‍ കൊലപാതകം നടന്നതോടെ കാര്യങ്ങള്‍ മാറി മറിയുകയായിരുന്നെന്ന് രാഹുല്‍ പറഞ്ഞു.
രാഹുല്‍ ഈശ്വര്‍ പറഞ്ഞത്: ''എനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളാണ് നുപുര്‍ ശര്‍മ. പറയുന്നത് ശരിയാണോയെന്ന് അറിയില്ല. മൊഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ നുപുര്‍ ശര്‍മയെയും അറസ്റ്റ് ചെയ്യുമെന്നാണ് ഞങ്ങള്‍ മനസിലാക്കിയത്. നുപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഒരു ബാലന്‍സിംഗിന് വേണ്ടിയാണ് യഥാര്‍ത്ഥത്തില്‍ സുബൈറിനെ അറസ്റ്റ് ചെയ്തത്. പക്ഷെ ഉദയ്പൂര്‍ കൊലപാതകം ഉണ്ടായതോടെ കാര്യങ്ങള്‍ മാറി പോയി. സത്യസന്ധമായി ഞാന്‍ പറയുന്നതാണ്. സുബൈറാണ് നുപുര്‍ ശര്‍മ്മയുടെ വീഡിയോ അന്താരാഷ്ട്രതലത്തില്‍ പ്രചരിപ്പിച്ചത്. ഇതോടെ വലതുപക്ഷത്തിലെ ഒരുപാട് പേര്‍ക്ക് സുബൈറിനോട് ദേഷ്യമായി. അതുകൊണ്ട് സുബൈറിനെ ആദ്യം അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ നുപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യുമെന്ന നിലപാടാണെന്നാണ് ഞങ്ങള്‍ അറിഞ്ഞത്. പക്ഷെ അതിന് ശേഷമാണ് കൊലപാതകം നടന്നത്.''
2018ലെ ഒരു ട്വീറ്റിന്റെ അടിസ്ഥാനത്തിലായിരുന്നു മതസ്പര്‍ദ്ധ വളര്‍ത്തി, മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് ഡല്‍ഹി പൊലീസ് സുബൈറിനെ അറസ്റ്റ് ചെയ്തത്. മറ്റൊരു കേസില്‍ ചോദ്യം ചെയ്യാനെന്ന വ്യാജേന ഡല്‍ഹിയില്‍ വിളിച്ചുവരുത്തിയ മൊഹമ്മദ് സുബൈറിനെ അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും വിശ്വാസ്യതയുള്ള വസ്തുതാന്വേഷണ വാര്‍ത്താ മാധ്യമങ്ങളിലൊന്നാണ് ആള്‍ട്ട് ന്യൂസ്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട് ന്യൂസ് 2017ലാണ് സ്ഥാപിതമാകുന്നത്. വര്‍ഗീയ കലാപങ്ങള്‍ ലക്ഷ്യമിട്ട് സമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ട ഒട്ടേറെ വ്യാജ വാര്‍ത്തകളും പോസ്റ്റുകളും ആള്‍ട്ട് ന്യൂസ് വസ്തുതാന്വേഷണത്തിലൂടെ തുറന്നുകാട്ടിയിട്ടുണ്ട്. ആള്‍ട്ട് ന്യൂസ് സഹസ്ഥാപകരായ പ്രതീക് സിന്‍ഹയും മൊഹമ്മദ് സുബൈറും വര്‍ഷങ്ങളായി അധിക്ഷേപങ്ങളും സൈബര്‍ ആക്രമണങ്ങളും നേരിടുന്നുണ്ട്. തീവ്ര വലതുപക്ഷ സംഘടനങ്ങള്‍ ദീര്‍ഘനാളുകളായി ആള്‍ട്ട് ന്യൂസിനെ ലക്ഷ്യമിടുകയും ഇരുവര്‍ക്കുമെതിരെ കേസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഒരു മാസം മുന്‍പ് യുപിയിലെ സീതാപൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തതാണ് മൊഹമ്മദ് സുബൈറിനെതിരെയുള്ളവയില്‍ അവസാനത്തേത്. ഈ കേസിലേതിന് സമാനമായ വകുപ്പുകള്‍ ചുമത്തിയാണ് ഡല്‍ഹിയില്‍ മൊഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.