Top

'സിസിടിവിയിലെ ബോഡി ലാംഗ്വേജ് നോക്കിയാല്‍ മതിയല്ലോ'; പരാതിക്കാരിയെ അധിക്ഷേപിച്ച് രാഹുല്‍ ഈശ്വര്‍

2 May 2022 5:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിസിടിവിയിലെ ബോഡി ലാംഗ്വേജ് നോക്കിയാല്‍ മതിയല്ലോ; പരാതിക്കാരിയെ അധിക്ഷേപിച്ച് രാഹുല്‍ ഈശ്വര്‍
X

കൊച്ചി: വിജയ് ബാബുവിനെതിരെ ലെെം​ഗിക പീഡന പരാതി ഉന്നയിച്ച യുവതിയെ അധിക്ഷേപിച്ച് രാഹുൽ ഈശ്വർ. സമ്മതത്തോട് കൂടി നല്ല നിമിഷങ്ങൾ പങ്കുവെച്ചിട്ട് ഒടുക്കം എന്റെ സമ്മതമില്ലാതെയാണ് ബന്ധം നടന്നതെന്ന് പറഞ്ഞാൽ അം​ഗീകരിക്കാനാവില്ലെന്ന് രാഹുൽ ഈശ്വർ റിപ്പോർട്ടർ ടിവി ചർച്ചയിൽ പറഞ്ഞു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് നിയമപ്രകാരം തെറ്റ് തന്നെയാണ്. അത് ശരിയായില്ലെന്ന് വിജയ് ബാബുവിനോട് തന്നെ പറഞ്ഞതാണ്. പക്ഷെ ആ തെറ്റ് കാരണം വിജയ് ബാബുവിന് തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം ഇല്ലാതാക്കരുതെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ പരാതിക്കാരിയുടെ ശരീര ഭാഷ നോക്കിയാൽ ബലാത്സം​ഗത്തിനിരയായെന്ന് പറയില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

'സിസിടിവികൾ തെളിവായിട്ടുണ്ടല്ലോ. ഹോട്ടലിൽ നിന്നിറങ്ങി വരുമ്പോൾ ഈ കുട്ടിയുടെ ബോഡി ലാം​ഗ്വേജ് നോക്കിയാൽ മതിയല്ലോ. ഇവർ തമ്മിൽ വ്യക്തി ബന്ധം ഉണ്ടായിരുന്നു. അത് ഓപ്പൺ ആയല്ലോ ഇപ്പോൾ. ഇരുവരും തമ്മിൽ ഒരു മാസത്തോളം ബന്ധമുണ്ടായി. ഡിപ്രഷനിലാണെന്ന് പറഞ്ഞ് ആ കുട്ടി അങ്ങോട്ട് അപ്രോച്ച് ചെയ്തതാണ്. ആ ബന്ധം തുടങ്ങി ഒരു മാസം കഴിഞ്ഞ് അത് റേപ്പ് ആണെന്ന് പറഞ്ഞാൽ പുരുഷന് എന്ത് ചെയ്യാൻ പറ്റും. അറിയപ്പെടുന്ന ഫൈവ് സ്റ്റാർ ഹോട്ടലിലും മറ്റ് സ്ഥലങ്ങളിലും പോയി നല്ല നിമിഷങ്ങൾ പങ്ക് വെച്ചു,' രാഹുൽ ഈശ്വർ പറഞ്ഞു.

രാഹുലിന്റെ പരാമർശത്തിനെതിരെ ചർച്ചയിൽ പങ്കെടുത്ത മറ്റ് പാനലിസ്റ്റുകളിൽ നിന്നും രൂക്ഷ വിമർശനമുണ്ടായി. രാഹുൽ പറഞ്ഞത് പരാതിക്കാരിയെ അങ്ങേയറ്റം അധിക്ഷേപിക്കലാണെന്ന് മാധ്യമ പ്രവർത്തക ധന്യ രാജേന്ദ്രനും സംവിധായക കുഞ്ഞില മസിലാമണിയും ചൂണ്ടിക്കാട്ടി. എന്നാൽ പരാമർശം പിൻവലിക്കാൻ രാഹുൽ തയ്യാറായില്ല.

ധന്യാ രാജേന്ദ്രന്റെ വാക്കുകള്‍:

വളരേ തെറ്റും മോശവുമായ കാര്യങ്ങളാണ് രാഹുല്‍ പറയുന്നത്. രാഹുല്‍ ചെറുപ്പത്തില്‍ മലയാളം, ഹിന്ദി, തമിഴ് സിനിമകളില്‍ ആളുകള്‍ റേപ്പ് ചെയ്യുമ്പോള്‍ നിലവിളിച്ച് കരയുന്ന സ്ത്രീകളെ കണ്ടിട്ടുണ്ടാവാം. എല്ലാവരും അതുപോലെ പ്രതികരിക്കണം, അവരുടെ ശരീര ഭാഷ നോക്കണം എന്നുള്ള വാക്കുകള്‍ രാഹുല്‍ തിരിച്ചെടുത്തേ പറ്റൂ. രാഹുല്‍ പറയുന്ന സിസിടിവി ദൃശ്യങ്ങളെക്കുറിച്ച് എനിക്കൊരു അഭിപ്രായമില്ല. വിജയ് ബാബുവിനെ എനിക്ക് അറിയില്ല. എനിക്ക് ഈ പരാതി അറിയാം. ആ സിസിടിവി ദൃശ്യങ്ങള്‍ രാഹുല്‍ കണ്ടോ. രാഹുല്‍ കണ്ടാല്‍പ്പോലും അവരുടെ ശരീര ഭാഷയുമായി അതിന് എന്താണ് ബന്ധം. ഇങ്ങനെ തന്നെയാണ് ഫ്രാങ്കോ കേസില്‍ ജഡ്ജി പറഞ്ഞത് ഒരു ജനലുണ്ടായിരുന്നു, അതുവഴി എന്തുകൊണ്ട് ശബ്ദം കേട്ടില്ല എന്ന്.

ഇങ്ങനെ സ്ത്രീകള്‍ അവര്‍ക്കെതിരെ ഒരു ലൈംഗിക അതിക്രമം ഉണ്ടായാല്‍ ഒരു പ്രത്യേക രീതിയില്‍ പ്രതികരിക്കണം, അവര്‍ നിലവിളിക്കണം, അവര്‍ കയ്യും കാലിട്ടടിക്കണം എന്ന് പറയുന്നത് ശരിയല്ല.

story highlight: Rahul Easwar defends Vijay Babu in reporter tv editors hour

Next Story