Top

'മാടമ്പിത്തരങ്ങളുടെ കുടുസ്സായ ഇടിമുറികളാകരുത് ഗവേഷണ കേന്ദ്രങ്ങള്‍'; ദീപയുടെ സമരത്തില്‍ മന്ത്രി ആർ ബിന്ദു

വിദ്യാർത്ഥികളെ, അവരുടെ സാമൂഹ്യമായ അവസ്ഥകളെ മനസ്സിലാക്കേണ്ടത്, സാമൂഹ്യ നീതിയുടെ ഉത്തരവാദിത്തപൂർണ്ണമായ തലങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് അദ്ധ്യാപകരുടെ ഉദാത്തമായ കടമയാണ്.

8 Nov 2021 3:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാടമ്പിത്തരങ്ങളുടെ കുടുസ്സായ ഇടിമുറികളാകരുത് ഗവേഷണ കേന്ദ്രങ്ങള്‍; ദീപയുടെ സമരത്തില്‍ മന്ത്രി ആർ ബിന്ദു
X

ജാതി വിവേചനത്തിനെതിരായ എം ജി സര്‍വകലാശാല ഗവേഷണ വിദ്യാര്‍ഥിനി ദീപ മോഹനന്റെ സമരം ആത്മപരിശോധനയോടെ ജാഗ്രത പുലർത്താനുള്ള സന്ദേശമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സർവ്വകലാശാലകളും കലാലയങ്ങളും ആത്യന്തികമായി വിദ്യാർത്ഥികളുടേതാണ്. അതാരും മറക്കരുത്. പ്രത്യേകിച്ച് അദ്ധ്യാപകർ. തങ്ങൾ പറയുന്ന ഓരോ വാക്കും വിദ്യാർത്ഥിയുടെ വ്യക്തിത്വത്തിലും ആത്മവിശ്വാസത്തിലും അന്തസ്സിലും സ്പർശിക്കും എന്ന ഓർമ്മയുണ്ടാകണം. അദ്ധ്യാപനം വലിയ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രി ആർ ബിന്ദുവിന്റെ കുറിുപ്പ്:

എം.ജി. സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനി ദീപ നടത്തിവന്നിരുന്ന നിരാഹാര സമരത്തിന് ആശ്വാസകരമായ പര്യവസാനമായി. നമ്മുടെ ഗവേഷണ കേന്ദ്രങ്ങൾ കൂടുതൽ സ്വതന്ത്രവും നിർഭയവും സ്വച്ഛന്ദവുമായ അറിവന്വേഷണങ്ങളുടെ തുറന്ന ഇടങ്ങളാകട്ടെ!.... ജാതി/ മത/ ലിംഗ/ വർഗ്ഗപരമായ വിവേചനങ്ങൾ അവയെ തീണ്ടാതിരിക്കട്ടെ ... വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും ഏതെങ്കിലും വിധത്തിലുള്ള മാടമ്പിത്തരങ്ങളുടെ കിടുസ്സായ ഇടിമുറികളായി നമ്മുടെ ഗവേഷണ കേന്ദ്രങ്ങളും കലാലയങ്ങളും മാറാതിരിക്കാൻ അദ്ധ്യാപക/ അക്കാദമിക വ്യക്തിത്വങ്ങൾ നിതാന്തമായ ആത്മപരിശോധനയോടെയുള്ള ജാഗ്രത പുലർത്തട്ടെ! സർവ്വകലാശാലകളും കലാലയങ്ങളും ആത്യന്തികമായി വിദ്യാർത്ഥികളുടേതാണ് ! അതാരും മറക്കരുത്. പ്രത്യേകിച്ച് അദ്ധ്യാപകർ. തങ്ങൾ പറയുന്ന ഓരോ വാക്കും വിദ്യാർത്ഥിയുടെ വ്യക്തിത്വത്തിലും ആത്മവിശ്വാസത്തിലും അന്തസ്സിലും സ്പർശിക്കും എന്ന ഓർമ്മയുണ്ടാകണം. അദ്ധ്യാപനം വലിയ ഉത്തരവാദിത്തമാണ്.

വിദ്യാർത്ഥികളെ, അവരുടെ സാമൂഹ്യമായ അവസ്ഥകളെ മനസ്സിലാക്കേണ്ടത്, സാമൂഹ്യ നീതിയുടെ ഉത്തരവാദിത്തപൂർണ്ണമായ തലങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് അദ്ധ്യാപകരുടെ ഉദാത്തമായ കടമയാണ്. പാരസ്പര്യമാണ് പഠനത്തിന്റെ ശരിയായ മാർഗ്ഗം. വിദ്യാർത്ഥി കേന്ദ്രിതവും സർഗ്ഗാത്മകവും വിശാലവുമായ പാരസ്പര്യത്തിന്റെ ഇടങ്ങളായി നമ്മുടെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങൾ മാറട്ടെ. ഉച്ചനീചത്വങ്ങളുടെ, മേൽ / കീഴ് നിലകളുടെ അഴുക്കുചാലുകളാകാതെ, സമീകരണത്തിന്റെയും സാഹോദര്യത്തിന്റേയും മാനവികതയുടേയും ജീവജലധാരകളായി അവ സമൂഹത്തെ പുഷ്ക്കലമാക്കട്ടെ!

ആരോപണവിധേയനായ അധ്യാപകന്‍ നന്ദകുമാറിനെ നാനോ സെന്ററില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന ആവശ്യം യൂണിവേഴ്‌സിറ്റി അംഗീകരിച്ചതോടെയാണ് ദീപ സമരം അവസാനിപ്പിച്ചത്. അധ്യാപകന്‍ നന്ദകുമാറിനെ ഫിസിക്‌സ് വിഭാഗത്തിലേക്കാണ് മാറ്റിയത്. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. വൈസ് ചാന്‍സലര്‍ സാബു തോമസ് നേരിട്ട് നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരമായത്.

ഗവേഷണത്തിന് എല്ലാ സൗകര്യങ്ങളും സര്‍വകലാശാല ഉറപ്പുനല്‍കിയെന്ന് ദീപ അറിയിച്ചു. മുമ്പ് മേല്‍നോട്ടം വഹിച്ചിരുന്ന അധ്യാപകന്‍ രാധാകൃഷ്ണന് തന്നെ വീണ്ടും മേല്‍നോട്ട ചുമതല നല്‍കി. 2024നുള്ളില്‍ ഗവേഷണം പൂര്‍ത്തിയാക്കിയാല്‍ മതി. ഗവേഷണ കാലയളവില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് സര്‍വകലാശാല ഉറപ്പ് നല്‍കിയതായും ദീപ മാധ്യമങ്ങളോട് പറഞ്ഞു. 11 ദിവസമായി നടന്നു വന്ന നിരാഹാര സമരമാണ് ഇതോടെ അവസാനിച്ചത്.

Next Story