Top

'ആര്‍എസ്എസ് പ്രതിലോമകതയുടെ അലയൊലികള്‍'; നരബലി പ്രാകൃത ആചാരങ്ങളുടെ പ്രതിഫലനമെന്ന് മന്ത്രി ആര്‍ ബിന്ദു

വളരെ യാഥാസ്ഥികവും പിന്തിരിപ്പനും കാലഹരണപ്പെട്ടതുമായ കാര്യങ്ങള്‍ ആരാണ് പുനരുജ്ജീവിപ്പിക്കുന്നതും തിരികെ കൊണ്ടുവരുന്നതെന്നും മന്ത്രി ചോദിച്ചു

22 Oct 2022 1:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആര്‍എസ്എസ് പ്രതിലോമകതയുടെ അലയൊലികള്‍; നരബലി പ്രാകൃത ആചാരങ്ങളുടെ പ്രതിഫലനമെന്ന് മന്ത്രി ആര്‍ ബിന്ദു
X

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് സ്ത്രീകളെ നരബലിക്ക് വിധേയമാക്കി കൊലപ്പെടുത്തിയ സംഭവം ആഗോളവല്‍ക്കരണത്തിന്റെ കൂടി പ്രതിഫലനമാണെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. പൊള്ളയായതും കാലഹരണപ്പെട്ടതുമായ മൂല്യവ്യവസ്ഥകളെ തിരികെ കൊണ്ടുവരാനുള്ള ചില പിന്തിരിപ്പന്‍ ശക്തികളുടെ ശ്രമങ്ങള്‍ മൂലമുണ്ടായ നിരാശയുടെ ഫലവും ഇത്തരം കൊലപാതകങ്ങള്‍ക്ക് കാരണമായെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക അഭിവൃദ്ധിക്കായി കുറ്റകൃത്യം നടത്തിയ ഭഗവല്‍ സിംഗും ഭാര്യ ലൈലയും ഇതിന് ഉദാഹരണമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അവരുടെ ജീവിതത്തില്‍ കുറച്ചുകൂടി സാമ്പത്തിക സ്ഥിരതയാണ് അവര്‍ ആഗ്രഹിച്ചത്. അതിനാല്‍ മുഖ്യപ്രതിയും ജന്മനാ കുറ്റവാളിയുമായ ഷാഫിയുമായി ചേര്‍ന്ന് കുറ്റകൃത്യം നടത്തുകയായിരുന്നെന്നും മന്ത്രി വ്യക്തമാക്കി.

മറ്റൊരു കാരണം കാലഹരണപ്പെട്ട മൂല്യ വ്യവസ്ഥകളെ തിരികെ കൊണ്ടുവരാനുള്ള ചില പ്രതിലോമകരമായ ശക്തികളുടെ ശ്രമങ്ങളാണെന്ന് മന്ത്രി വിമര്‍ശിച്ചു. വളരെ യാഥാസ്ഥികവും പിന്തിരിപ്പനും കാലഹരണപ്പെട്ടതുമായ കാര്യങ്ങള്‍ ആരാണ് പുനരുജ്ജീവിപ്പിക്കുന്നതും തിരികെ കൊണ്ടുവരുന്നതെന്നും മന്ത്രി ചോദിച്ചു. ആര്‍എസ്എസ് ചെയ്യുന്നതിന്റെ അലയൊലികള്‍ എല്ലായിടത്തും കാണുകയും അനുഭവപ്പെടുകയും ചെയ്യുകയാണ്. തങ്ങള്‍ ഇത് ഭയത്തോട് കൂടിയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

'കേരളത്തില്‍ മാത്രം പ്രചരിക്കുന്ന ഒന്നായി ഇതിനെ കാണരുത്. ഇന്ത്യയിലുടനീളം ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇവിടെയുള്ള സമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ പെട്ടെന്ന് വെളിച്ചത്ത് വരുന്നത്. അന്ധവിശ്വാസങ്ങള്‍ വ്യാപകമാകുന്ന മറ്റ് സംസ്ഥാനങ്ങളില്‍ ആരും ഇതൊന്നും അറിയുന്നില്ല. അവിടെ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്', മന്ത്രി പറഞ്ഞു.

Story highlights: R Bindu said that Elanthoor incident is ripples of RSS reaction

Next Story