Top

'ഇലന്തൂര്‍ നരബലിക്ക് പിന്നില്‍ ആഗോളവല്‍കരണം സൃഷ്ടിച്ച നിരാശ'; പെട്ടെന്ന് പണം സമ്പാദിക്കാന്‍ തീവ്ര ആഗ്രഹമെന്ന് മന്ത്രി ആര്‍ ബിന്ദു

'കേരളം പോലെ ഉയര്‍ന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ഗൗരവത്തോടെയാണ് കാണുന്നത്'

22 Oct 2022 1:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇലന്തൂര്‍ നരബലിക്ക് പിന്നില്‍ ആഗോളവല്‍കരണം സൃഷ്ടിച്ച നിരാശ; പെട്ടെന്ന് പണം സമ്പാദിക്കാന്‍ തീവ്ര ആഗ്രഹമെന്ന് മന്ത്രി ആര്‍ ബിന്ദു
X

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് സ്ത്രീകളെ നരബലിക്ക് വിധേയമാക്കി കൊലപ്പെടുത്തിയ സംഭവം ആഗോളവല്‍ക്കരണത്തിന്റെ കൂടി പ്രതിഫലനമാണെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. പൊള്ളയായതും കാലഹരണപ്പെട്ടതുമായ മൂല്യവ്യവസ്ഥകളെ തിരികെ കൊണ്ടുവരാനുള്ള ചില പിന്തിരിപ്പന്‍ ശക്തികളുടെ ശ്രമങ്ങള്‍ മൂലമുണ്ടായ നിരാശയുടെ ഫലവും ഇത്തരം കൊലപാതകങ്ങള്‍ക്ക് കാരണമായെന്നും മന്ത്രി പറഞ്ഞു.

'മുന്‍കാലങ്ങളെ അപേക്ഷിച്ച് മനുഷ്യര്‍ക്കിടയില്‍ ആക്രമണ വാസന കൂടിയിട്ടുണ്ട്. ആളുകള്‍ക്കിടയില്‍ ഒരു ദയാരാഹിത്യമുണ്ട്. ലോകത്തെല്ലായിടത്തും ഇത് സംഭവിക്കുന്നു. ആഗോളവല്‍കരണമാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ആളുകള്‍ പര്‌സ്പര വൈകാരികബന്ധമില്ലാതെ അകലുന്നു. അതുകൊണ്ടാണ് ഇത്ര നീചമായ കൊലകള്‍ സംഭവിക്കുന്നത്,' മന്ത്രി പിടിഐ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

ഇത്തരം സംഭവങ്ങള്‍ കൂടിവരുന്നതിനുള്ള കാരണം ആഗോളവല്‍ക്കരണം സൃഷ്ടിച്ച നിരാശയാണെന്ന് ആര്‍ ബിന്ദു ചൂണ്ടിക്കാട്ടി. ആഗോളവല്‍ക്കരണം കാരണം ആളുകള്‍ പെട്ടെന്ന് പണം സമ്പാദിക്കാന്‍ തീവ്രമായി ശ്രമിക്കുന്നതിനാല്‍ അപകടങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അത്തരമൊരു സാഹചര്യത്തില്‍ നരബലി പോലുള്ള അന്ധവിശ്വാസങ്ങളിലൂടെ അഭിവൃദ്ധി ലഭിക്കുമെന്ന് ചില ആളുകള്‍ തെറ്റിദ്ധരിക്കുന്നു. അതിനാല്‍ ഭയാനകമായ കുറ്റകൃത്യങ്ങളും അഴിമതികളും സംഭവിക്കുന്നതായി ബിന്ദു പറഞ്ഞു.

സാമ്പത്തിക അഭിവൃദ്ധിക്കായി കുറ്റകൃത്യം നടത്തിയ ഭഗവല്‍ സിംഗും ഭാര്യ ലൈലയും ഇതിന് ഉദാഹരണമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അവരുടെ ജീവിതത്തില്‍ കുറച്ചുകൂടി സാമ്പത്തിക സ്ഥിരതയാണ് അവര്‍ ആഗ്രഹിച്ചത്. അതിനാല്‍ മുഖ്യപ്രതിയും ജന്മനാ കുറ്റവാളിയുമായ ഷാഫിയുമായി ചേര്‍ന്ന് കുറ്റകൃത്യം നടത്തുകയായിരുന്നെന്നും മന്ത്രി വ്യക്തമാക്കി.

കേരളം പോലെ ഉയര്‍ന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ഗൗരവത്തോടെയാണ് കാണുന്നത്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമായ കാര്യമാണ്. ഇതിനായി 'നോ ടു ഡ്രഗ്‌സ്' ക്യാമ്പയിന് സമാനമായ ഒരു ബോധവല്‍ക്കരണ പരിപാടി സംസ്ഥാനത്തുടനീളം ആരംഭിക്കുമെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.

Story highlights: R Bindu said that Desperation created by globalization is behind the Elanthoor Incident

Next Story