Top

'ഗള്‍ഫിലേക്ക് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തീവ്രവാദികള്‍ക്ക് ലൈംഗിക സേവയ്ക്ക്'; ഹിന്ദു മഹാ സമ്മേളനത്തില്‍ ഖത്തര്‍ മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍

3 May 2022 10:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗള്‍ഫിലേക്ക് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തീവ്രവാദികള്‍ക്ക് ലൈംഗിക സേവയ്ക്ക്; ഹിന്ദു മഹാ സമ്മേളനത്തില്‍ ഖത്തര്‍ മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍
X

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മാഹാസമ്മേളനത്തില്‍ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയവരില്‍ ഖത്തര്‍ മലയാളം മിഷന്‍ കോര്‍ഡിനേറ്ററും. തീവ്ര ക്രിസ്ത്യന്‍ സംഘടനയായ സംഘടനായ 'കാസ' സംസ്ഥാന പ്രസിഡന്റ് കെവിന്‍ പീറ്ററും ഹിന്ദു മഹാസമ്മേളനത്തിന്റെ സംഘാടകരില്‍ ഒരാളായ അഡ്വ. കൃഷ്ണരാജും രാജേഷ് നാഥനും പങ്കെടുത്ത പരിപാടിയില്‍ പങ്കെടുത്തായിരുന്നു മലയാളം മിഷന്‍ ഖത്തര്‍ കോര്‍ഡിനേറ്ററായ ദുര്‍ഗാദാസ് അധിക്ഷേപ പരാമര്‍ശം നടത്തിയത്. സദസ്സിന്റെ ഭാഗമായി കാസ നേതാവ് കെവിന്‍ പീറ്ററിനോട് ചോദ്യമെന്ന രീതിയിലായിരുന്നു ദുര്‍ഗാദാസ് വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനെ അധിക്ഷേപിച്ചത്.

ഗള്‍ഫ് രാജ്യങ്ങളിലാണ് ഇന്ത്യയിലേക്കാള്‍ കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നതെന്നും റിക്രൂട്ട്‌മെന്റ് എന്ന പേരില്‍ തീവ്രവാദികള്‍ക്കുള്ള ലൈംഗിക സേവയ്ക്കായി നഴ്‌സുകളെ കൊണ്ടുപോകുന്നു എന്നുമായിരുന്നു ദുര്‍ഗാദാസിന്റെ പ്രസ്താവന. ഹിന്ദു കുടുംബത്തിലെ കുട്ടികളെ സനാതന ധര്‍മ്മത്തില്‍ വളര്‍ത്താന്‍ ന്യൂനപക്ഷ വകുപ്പിന്റെ മാതൃകയില്‍ സംവിധാനം ആവശ്യമാണെന്നും ഇയാള്‍ ആവശ്യപ്പെടുന്നു.

താന്‍ പ്രവാസിയാണെന്ന് തന്നെ പറഞ്ഞായിരുന്നു ദുര്‍ഗാദാസ് സംസാരം ആരംഭിക്കുന്നത്. തുടര്‍ന്നാണ് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനെതിരെ കടുത്ത അധിക്ഷേപ പരാമര്‍ശനം നടത്തുന്നത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇയാളുടെ മലയാളം മിഷനിലെ സ്ഥാനം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്ത് വന്നത്. ഈ വര്‍ഷം ഏപ്രില്‍ 22ന് മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട പങ്കെടുത്ത പരിപാടിയില്‍ അതിഥിയായി സംസാരിച്ചവരില്‍ ദുര്‍ഗാദാസും ഉണ്ടായിരുന്നു.

ഹിന്ദു മഹാസമ്മേളനത്തില്‍ മികച്ച സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് കേന്ദ്രമന്ത്രി വി മുരളീധരനില്‍ നിന്നും ഇയാള്‍ ഏറ്റുവാങ്ങുന്നു എന്ന് അവകാശപ്പെടുന്ന ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പരിപാടിയില്‍ ദുര്‍ഗാദാസിന്റെ വാക്കുകള്‍:

പീറ്റര്‍ സാറിന്റെ ഒരു പ്രസ്താവന കേട്ടിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയെക്കാള്‍ ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടന്ന് കൊണ്ടിരിക്കുന്നത്. നമുക്ക് അവിടെ ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ഞാന്‍ ഗള്‍ഫ് നാട്ടിന്നാണ് വരുന്നത്. ഈ പരിപാടിക്ക് വേണ്ടി വന്നതാണ്. ജമാ അത്തെ ഇസ്ലാമിയുടെ ഒക്കെത്തന്നെ വലിയ ബിസിനസ്മാനും ആളുകളും ഉണ്ടും. ഗള്‍ഫ് നാടുകളില്‍ വലിയ സ്ഥാപനങ്ങളും ഒക്കെയായിട്ട്. നഴ്‌സ് റിക്രൂട്ടിംഗ് എന്ന പേരില്‍ തീവ്രവാദികള്‍ക്കുള്ള ലൈംഗിക സേവയ്ക്കാണ് ഇവരെ കൊണ്ടു പോകുന്നതെന്ന് വരെ അറിയാന്‍ കഴിയുന്നു. അതിനെ തടയാന്‍ വല്ല നടപടിയോ മറ്റ് കാര്യങ്ങളോ ഇവിടെ നിന്ന് നമുക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ. അതിന് എന്തെങ്കിലും പ്രവര്‍ത്തനം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് അറിയാന്‍ പറ്റിയാല്‍ നന്നായിരുന്നു.

STORY HIGHLIGHTS: Qatar Malayalam Mission Coordinator Durgadas Sisupalan hate speech at Ananthapuri Hindu Mahasammelanam

Next Story