'ആടിനെ പട്ടിയാക്കുന്ന വിദ്യ' സാബു, അത് നിങ്ങള്‍ക്കേ സാധിക്കൂ'; കിറ്റെക്സിനെതിരെ ശ്രീനിജിന്‍
''സാബു ജേക്കബ് ആയിരം നുണക്കഥകള്‍ പ്രചരിപ്പിച്ചാലും നിലപാടില്‍ മാറ്റമില്ല''
16 Jan 2022 9:39 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കിറ്റെക്സ് കമ്പനിയിലെ ജലചൂഷണം അന്വേഷിക്കാന്‍ ചെന്ന ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഗുണ്ടകളെന്ന് വിശേഷിപ്പിച്ചതിനെതിരെ പി.വി ശ്രീനിജിന്‍ എംഎല്‍എ രംഗത്ത്. ആടിനെ പട്ടിയാക്കുന്ന വിദ്യ സാബു ജേക്കബിന് മാത്രമേ സാധിക്കൂയെന്നാണ് ശ്രീനിജിന്‍ പറഞ്ഞത്. സാബു ജേക്കബ് നുണക്കഥകള്‍ പ്രചരിപ്പിച്ചാലും തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ജനങ്ങള്‍ക്കൊപ്പം താന്‍ ഉണ്ടാവുമെന്നും ശ്രീനിജിന്‍ വ്യക്തമാക്കി.
ശ്രീനിജിന്‍ എംഎല്‍എ പറഞ്ഞത്: 'ആടിനെ പട്ടിയാക്കുന്ന വിദ്യ' ശ്രീ സാബു ജേക്കബ് അത് നിങ്ങള്‍ക്കേ സാധിക്കൂ...പെരിയാര്‍വാലി കനാലില്‍ നിന്ന് അനധികൃതമായി ജലം ഊറ്റി കിറ്റക്സ്സിലേക്ക് കൊണ്ടു പോകുന്നതിനാല്‍ നാട്ടുകാര്‍ക്ക് കുടിവെള്ളം കിട്ടുന്നില്ല എന്ന പരാതി കിഴക്കമ്പലം പഞ്ചായത്ത് മെമ്പര്‍ ശ്രീമതി അസ്മ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പെരിയാര്‍വാലി ഉദ്യോഗസ്ഥരോടൊപ്പം ആ സ്ഥലം സൗര്ശിച്ചത്. പരിശോധനയില്‍ പരാതിയില്‍ സത്യം ഉണ്ടെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി ആവശ്യമായ നിയമനടപടി എടുക്കുന്നതിന് ഉദ്യോസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. സാധാരണക്കാരന്റെ കുടിവെള്ളംവരെ ഊറ്റി സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് അത് അന്വേഷിക്കാന്‍ ചെന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കിറ്റക്സിന് ഗുണ്ടകള്‍. അരിയും തിന്ന്... മുറുമുറുക്ക്.. ശ്രീ സാബു ജേക്കബ് നിങ്ങള്‍ ആയിരം നുണക്കഥകള്‍ പ്രചരിപ്പിച്ചാലും എന്റെ നിലപാടില്‍ മാറ്റമില്ല.. ജനങ്ങള്‍ക്കൊപ്പം ഞാന്‍ ഉണ്ടാവും.''
പെരിയാര്‍ വാലിയില്‍ നിന്നുള്ള കനാലിലെ ജനം കിറ്റെക്സ് കമ്പനി അനധികൃതമായി ഉപയോഗിക്കുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി. പെരിയാര്‍വാലിയില്‍ നിന്നുള്ള കനാലിലൂടെ നിലവില്‍ ആഴ്ചയില്‍ ഒരിക്കലാണ് വെള്ളം എത്തുന്നത്. ഈ വെള്ളം കിറ്റ്ക്സ് കമ്പനി അനധികൃതമായി ഉപയോഗിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. തൊഴിലുറപ്പ് ജോലിക്കെത്തിയ സ്ത്രീകള്‍ ആണ് കനാലിന്റെ വശങ്ങള് തകര്‍ത്ത് വെള്ളം ഒഴുക്കുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് ശ്രീനിജിനും പെരിയാര്‍വാലി ഇറിഗേഷന്‍ പ്രൊജക്റ്റിലെ ഉദ്യഗസ്ഥനും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇതോടെയാണ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം കിറ്റെക്സിന്റെ സ്വകാര്യ സ്ഥലത്ത് അനധികൃതമായി കടന്ന് ഗുണ്ടായിസം കാണിക്കുവെന്ന് സാബു പറഞ്ഞത്.