Top

'തെരുവില്‍ കിടക്കുന്നവന്റെ സംസ്‌ക്കാരമുള്ളവനെന്ന് പറഞ്ഞു, എംഎല്‍എ പദവിയെ അവഹേളിച്ചു'; സാബു ജേക്കബിനെതിരെ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി പി വി ശ്രീനിജന്‍

എംഎല്‍എ എന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് സമ്മതിക്കാത്ത തരത്തില്‍ സാബു ജേക്കബ് പരസ്യമായി ആക്ഷേപിക്കുന്നതായും പി വി ശ്രീനിജന്‍ എംഎല്‍ നോട്ടീസില്‍ പറയുന്നു.

12 Jan 2022 7:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെരുവില്‍ കിടക്കുന്നവന്റെ സംസ്‌ക്കാരമുള്ളവനെന്ന് പറഞ്ഞു, എംഎല്‍എ പദവിയെ അവഹേളിച്ചു; സാബു ജേക്കബിനെതിരെ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി പി വി ശ്രീനിജന്‍
X

കിറ്റെക്‌സ് എം ഡി സാബു എം ജേക്കബിനെതിരെ അവകാശലംഘനത്തിന് സ്പീക്കര്‍ക്ക് നോട്ടീസ് അയച്ച് പി വി ശ്രീനിജന്‍ എംഎല്‍എ. തന്നെ പരസ്യമായി അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ സാബു ജേക്കബിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ എംബി രാജേഷിന് എംഎല്‍എ നോട്ടീസ് നല്‍കിയത്. 'കിറ്റെക്‌സ് കലാപവുമായി' ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവിയിലെ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് നോട്ടീസ്. എംഎല്‍എ എന്ന ഭരണഘടനാ പദവിയെ മോശമായി പരാമര്‍ശിച്ചെന്ന് ചൂണ്ടിക്കാട്ടി നടത്തിയ പ്രസ്താവന ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ശ്രീനിജന്‍ എംഎല്‍എ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.

എംഎല്‍എ സ്ഥാനത്തെ മോശമായി പരാമര്‍ശിച്ചു. തെരുവില്‍ കിടക്കുന്നവന്റെ സംസ്‌ക്കാരമുള്ളവനുമായി സംസാരിക്കാനില്ല തുടങ്ങി നിരവധി മോശം പരാമര്‍ശങ്ങള്‍ സാബു നടത്തിയതായും എംഎല്‍എ സ്പീക്കര്‍ക്ക് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കി. എംഎല്‍എ എന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് സമ്മതിക്കാത്ത തരത്തില്‍ സാബു ജേക്കബ് പരസ്യമായി ആക്ഷേപിക്കുന്നതായും പി വി ശ്രീനിജന്‍ എംഎല്‍ നോട്ടീസില്‍ പറയുന്നു.



കിറ്റെക്സ് കമ്പനി ജീവനക്കാര്‍ പൊലീസിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതികരിച്ച കുന്നത്ത്നാട് എംഎല്‍എയ്ക്കെതിരെ എംഎല്‍എ എന്ന് നെഞ്ചിലൊട്ടിച്ചാല്‍ എംഎല്‍എ ആവില്ലെന്നും ഇത്തരം ആള്‍ക്കാരുടെ വിമര്‍ശനത്തില്‍ പ്രതികരിക്കാനില്ലെന്നുമായിരുന്നു സാബു ജേക്കബിന്റെ പ്രതികരണം. അക്രമം നടത്തിയ ജീവനക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇവരെ തങ്ങള്‍ തന്നെ പൊലീസിനെ ഏല്‍പ്പിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.

കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം കിറ്റക്സ് കമ്പനിക്കെന്ന് കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്റെ പ്രസ്താവന. കിറ്റക്സ് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടൊയെന്ന് പരിശോധിക്കണമെന്നും കമ്പനിക്കെതിരെ കേസ് എടുക്കണമെന്നും ശ്രീനിജന്‍ ആവശ്യപ്പെട്ടിരുന്നു.

കമ്പനിയുടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പില്‍ നടന്ന തര്‍ക്കമാണ് പിന്നീട് പുറത്തേക്ക് വ്യാപിച്ചത്. അവിടെയുളള അതിഥി തൊഴിലാളികള്‍ അഞ്ചു പേര്‍ക്ക് കഴിയാവുന്ന കൂരകളില്‍ പത്തും പതിനഞ്ചും പേരുമായി തിങ്ങി പാര്‍ക്കുകയാണ്. അവര്‍ക്കിടയിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്നും എംഎല്‍എ വിമര്‍ശിച്ചു.

കമ്പനിയുടെ കീഴില്‍ തൊഴില്‍ ചെയ്യുന്ന അതിഥി തൊഴിലാളികള്‍കള്‍ക്കെതിരെ കിഴക്കമ്പലത്തെ നാട്ടുകാര്‍ മുമ്പും പരാതി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് സ്ഥലത്ത് പരിശോധനക്ക് എത്തിയപ്പോള്‍ തങ്ങളെ വേട്ടയാടുന്നുവെന്നാണ് കിറ്റക്സ് കമ്പനി അന്ന് ആരോപിച്ചത്. കേരളം വ്യവസായ സൗഹൃദമല്ലെന്ന് പ്രചരിപ്പിക്കാനും കമ്പനി ശ്രമിച്ചതായി എംഎല്‍എ പറഞ്ഞു.

അന്ന് പ്രശ്നങ്ങള്‍ കൃത്യമായി പരിഹരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഈ സംഭവം നടക്കില്ലായിരുന്നു. നാട്ടുകാര്‍ക്ക് സ്വസ്ഥമായി ജീവിക്കാനുളള സാഹചര്യമുണ്ടാക്കണമെന്നും എംഎല്‍എ ശ്രീനിജന്‍ ആവശ്യപ്പെട്ടു. ഇന്നലെ രാത്രിയാണ് ക്രിസ്മസ് കരോളിനിടെ തൊഴിലാളികള്‍ പരസ്പരം ഏറ്റുമുട്ടിയത്. ഇത് തടയാന്‍ വന്ന പൊലീസിനെ തൊഴിലാളികള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയും രണ്ട് പൊലീസ് ജീപ്പ് അഗ്‌നിക്കിരയാക്കുകയും ചെയ്തു. സംഭവത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Next Story

Popular Stories