Top

'കറുത്തവന്‍, മേക്കപ്പിട്ട് നടക്കുന്നവന്‍, എന്റെ കൂടെ ഇരിക്കില്ലെന്ന്'; സാബുവിനും ട്വന്റി ട്വന്റിക്കും സവര്‍ണ ചിന്താഗതിയെന്ന് ശ്രീനിജന്‍ എംഎല്‍എ

അതൊരു സവര്‍ണ ചിന്താഗതിയുടെ ഭാഗമാണെന്ന് കരുതുന്നു

8 Aug 2022 1:00 PM GMT
അനുശ്രീ പി.കെ

കറുത്തവന്‍, മേക്കപ്പിട്ട് നടക്കുന്നവന്‍, എന്റെ കൂടെ ഇരിക്കില്ലെന്ന്; സാബുവിനും ട്വന്റി ട്വന്റിക്കും സവര്‍ണ ചിന്താഗതിയെന്ന് ശ്രീനിജന്‍ എംഎല്‍എ
X

കൊച്ചി: ട്വന്റി ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിലെ സര്‍ക്കാര്‍ പരിപാടികളിലും ഔദ്യോഗിക യോഗങ്ങളിലും പങ്കെടുക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന അപ്രഖ്യാപിത വിലക്ക് തൊട്ടുകൂടായ്മയുടെ മറ്റൊരു വശമാണെന്ന് പി വി ശ്രീനിജന്‍ എംഎല്‍എ. ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ പോലും ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബും ട്വന്റി ട്വന്റിയും സവര്‍ണ ചിന്താഗതിയാണ് പേറുന്നതെന്നും കുന്നത്തുനാട് എംഎല്‍എ വിമര്‍ശിച്ചു.

'ഒരു എംഎല്‍എക്കെതിരെ പല വ്യക്തിപരമായ പരാമര്‍ശങ്ങളും നടത്തിയിട്ടുണ്ട്. കറുത്തവന്‍, മേക്കപ്പ് ഇട്ട് നടക്കുന്നവന്‍ തുടങ്ങി നിരവധി. എന്നെ വിലക്കുന്നു, എന്റെ കൂടെയിരിക്കില്ലെന്ന് പറയുന്നു. ഇതെല്ലാം തൊട്ടുകൂടായ്മയല്ലേ. അതൊരു സവര്‍ണ ചിന്താഗതിയുടെ ഭാഗമാണെന്ന് കരുതുന്നു.' പി വി ശ്രീനിജന്‍ എംഎല്‍എ റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു.

'സാബു എം ജേക്കബിനെ ഞാന്‍ വണങ്ങില്ല'; കിഴക്കമ്പലത്ത് അടിയാളന്മാരെ വെച്ച് രാജവാഴ്ച്ചയെന്ന് എംഎല്‍എ ശ്രീനിജന്‍

കൊച്ചി: ട്വന്റി ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിലെ സര്‍ക്കാര്‍ പരിപാടികളിലും ഔദ്യോഗിക യോഗങ്ങളിലും പി വി ശ്രീനിജന്‍ എംഎല്‍എക്ക് അപ്രഖ്യാപിത 'വിലക്ക്'. എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗങ്ങളില്‍ പങ്കെടുക്കാതെ പഞ്ചായത്ത് പ്രസിഡണ്ടും ട്വന്റി ട്വന്റി അംഗങ്ങളും മാറി നില്‍ക്കുകയാണെന്ന് കുന്നത്തുനാട് എംഎല്‍എ ആരോപിച്ചു. ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ നിര്‍ദേശപ്രകാരമാണ് ജനപ്രതിനിധികള്‍ ഈ നിലപാട് സ്വീകരിക്കുന്നതെന്നാണ് പി വി ശ്രീനിജന്‍ എംഎല്‍എയുടെ ആരോപണം. ഇത് പഞ്ചായത്തിലെ പദ്ധതി ഏകോപനത്തെ തന്നെ തടസ്സപ്പെടുത്തുന്നുണ്ടെന്നും സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം ഇതിലൂടെ നഷ്ടപ്പെടുകയാണെന്നും പി വി ശ്രീനിജന്‍ എംഎല്‍എ റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു.

'കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ ചേര്‍ന്ന കൃഷി വകുപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ എത്തിയപ്പോള്‍ പ്രസിഡണ്ടുമാരും ട്വന്റി ട്വന്റി അംഗങ്ങളും ഒന്നടങ്കം എഴുന്നേറ്റ് പോയി. പഞ്ചായത്തുകള്‍ക്ക് ഫണ്ട് അനുവദിക്കാന്‍ എന്‍ഒസി ചോദിച്ചാല്‍ തരില്ല. ഈ പ്രവണത ശരിയല്ല. താന്‍ പോയി സാബു ജേക്കബിനെ വണങ്ങിയാല്‍ തീരുന്ന വിഷയം ആണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ച് കഴിഞ്ഞെങ്കില്‍ അത് ഉണ്ടാവില്ല. 'പി വി ശ്രീനിജന്‍ എംഎല്‍എ പറഞ്ഞു.

സാബു എം ജേക്കബിന് പരസ്പര ബഹുമാനം അറിയില്ലെങ്കിലും പ്രസിഡണ്ടിനും എംഎല്‍എയും തമ്മില്‍ അത് ഉണ്ടാവണം. എന്നാല്‍ സാബു എം ജേക്കബിന്റെ അടിയാളന്മാരായി പഞ്ചായത്ത് പ്രസിഡണ്ടും അംഗങ്ങളും മാറി കഴിഞ്ഞാല്‍ നമുക്ക് അവരെ തിരുത്താന്‍ കഴിയില്ല. രാജവാഴ്ച്ചയാണ് കിഴക്കമ്പലത്ത് നടക്കുന്നതെന്നും പി വി ശ്രീനിജന്‍ പറഞ്ഞു.

കിറ്റെക്‌സ് കമ്പനിയുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ താന്‍ എടുക്കുന്ന നിലപാടുകളായിരിക്കാം സാബു എം ജേക്കബിനെ പ്രകോപിപ്പിക്കുന്നതെന്നും പി വി ശ്രീനിജന്‍ സൂചിപ്പിച്ചു. വ്യക്തിപരമായി ട്വന്റി ട്വന്റിയെ എതിര്‍ക്കേണ്ടതില്ല. നല്ല രീതിയില്‍ കമ്പനി പ്രവര്‍ത്തിച്ചാല്‍ അതിനെ ആരും എതിര്‍ക്കില്ല. പഞ്ചായത്തില്‍ പദ്ധതി ഏകോപനത്തില്‍ ബുദ്ധിമുട്ട് വന്നാല്‍ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും പി വി ശ്രീനിജന്‍ പറഞ്ഞു.

അതേസമയം ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് എംഎല്‍എയെ വിളിക്കേണ്ട കാര്യമില്ലെന്ന് നിലപാടിലാണ് സാബു എം ജേക്കബ്. പി വി ശ്രീനിജന്‍ തങ്ങളുടെ ശത്രുവാണെന്നും ശത്രുവിന്റെ പരിപാടിയില്‍ ഇരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും സാബു എം ജേക്കബ് പറയുന്നു. കിഴക്കമ്പലത്ത് ഉള്‍പ്പെടെ ഭരണസമിതി പണം മുടക്കി നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് മുമ്പില്‍ വന്ന് ഫോട്ടോ എടുക്കലാണ് പി വി ശ്രീനിജന്റെ ജോലി. ഇത് കൈ നനയാതെ മീന്‍പിടിക്കലാണെന്നും സാബു എം ജേക്കബ് പറഞ്ഞു.

Next Story