Top

ടെൻഡർ നടപടികൾ തുടങ്ങി; പിവി അൻവറിന്റെ റിസോർട്ടിലെ തടയണകൾ പൊളിക്കുന്നു

ജില്ലാ കലക്ടര്‍ ഒരു മാസം സമയം അനുവദിച്ചിട്ടും പൊളിച്ചു മാറ്റാത്തതിനെതുടര്‍ന്നാണ് തടയണകള്‍ പൊളിക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് തീരുമാനിച്ചത്.

20 Oct 2021 1:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടെൻഡർ നടപടികൾ തുടങ്ങി; പിവി അൻവറിന്റെ റിസോർട്ടിലെ തടയണകൾ പൊളിക്കുന്നു
X

കക്കാടംപൊയിലിലെ പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിലെ തടയണകള്‍ കൂടരഞ്ഞി പഞ്ചായത്ത് പൊളിച്ചു നീക്കും. ടെന്‍ഡറിനുള്ള നടപടികള്‍ തുടങ്ങി. പൊളിച്ചുമാറ്റുന്നതിന്റെ ആദ്യപടിയായി തടയണകളിലെ വെള്ളം ഒഴുക്കി കളഞ്ഞിരുന്നു.

ആകെ അറുപതിനായിരം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലാ കലക്ടര്‍ ഒരു മാസം സമയം അനുവദിച്ചിട്ടും പൊളിച്ചു മാറ്റാത്തതിനെതുടര്‍ന്നാണ് തടയണകള്‍ പൊളിക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് തീരുമാനിച്ചത്. അതേസമയം ശുദ്ധജലക്ഷാമം നേരിട്ടിരുന്ന പ്രദേശത്തെ ജലദൗര്‍ബല്യം ഇല്ലാതായത് തടയണ നിര്‍മ്മിച്ചതോടെയാണെന്നാണ് നാട്ടുകാരുടെ വാദം. അതിനാല്‍ ഇവ ജലസംഭരണികളായി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കലക്ടറെ സമീപിച്ചിരുന്നു.എന്നാല്‍ ഈ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.

പിവി ആര്‍ നാച്വറോ റിസോര്‍ട്ടില്‍ സ്വാഭാവിക നീകരൊഴുക്ക് തടഞ്ഞ് നിര്‍മ്മിച്ച നാല് തടയണകളും പൊളിക്കാനാണ് കലക്ടര്‍ ഉത്തരവിട്ടത്. സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തില്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച തടയണകളും വില്ലകളും പൊളിച്ചു നീക്കണമെന്ന ഹര്‍ജി പരിഗണിച്ച് രണ്ട് മാസത്തിനകം തീരുമാനമെടുക്കാന്‍ കോഴിക്കോട് കലക്ടര്‍ക്ക് ഹൈേേക്കാടതി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 ന് ഉത്തരവിട്ടിരുന്നു.

കേരളത്തിലെ ബിസിനസ് പൂർണമായും വിട്ടെന്ന് പിവി അൻവർ

കേരളത്തിലെ ബിസിനസുകൾ പൂർണമായും താൻ വിട്ടെന്ന് പിവി അൻവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇവിടെ ഒരുപെട്ടിക്കട പോലും തുടങ്ങാൻ പാടില്ലെന്ന് തീരുമാനിച്ചെന്നും കേരളത്തിൽ രാഷ്ട്രീയവും പാർട്ടിയോടുള്ള ആത്മാർത്ഥതയും നിലനിർത്തി പ്രവർത്തിക്കണമെങ്കിൽ ഒരു കച്ചവടവും ഇവിടെ പാടില്ലെന്നാണ് തീരുമാനിച്ചവനാണ് താനെന്നും അൻവർ പറ‍ഞ്ഞു. "കേരളം ഞാന്‍ പൂര്‍ണമായും വിട്ടു. കടയണ പൊളിക്കുകയോ മണ്ണ് മാന്തുകയോ എന്ത് വേണമെങ്കിലും ചെയ്യാം. ഈ മണ്ണില്‍ രാഷ്ട്രീയവും വ്യക്തിത്വവും പാര്‍ട്ടിയോടുള്ള ആത്മാര്‍ത്ഥതയും നിലനിര്‍ത്തി പ്രവര്‍ത്തിക്കണമെങ്കില്‍ ഇവിടെ ഒരു കച്ചവടവും പാടില്ലെന്ന് തീരുമാനിച്ചവനാണ് ഞാന്‍. ഇവിടെ ഒരു പെട്ടിക്കട പോലും നടത്താന്‍ പിവി അന്‍വര്‍ ആഗ്രഹിക്കുന്നില്ല," അന്‍വര്‍ പറഞ്ഞു. ആഫ്രിക്കയിലെ സിയറ ലിയോണില്‍ നിന്നെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍വര്‍.

Next Story