പി വി അൻവറിന്റെ ഭാര്യപിതാവിന്റെ പേരിലുള്ള തടയണ പൊളിച്ചുനീക്കൽ ആരംഭിച്ചു
നിർമ്മിതികൾ പൊളിക്കാനായി പഞ്ചായത്ത് ചിലവിടുന്ന തുക പി വി അൻവറിന്റെ ഭാര്യ പിതാവ് അബ്ദുൽ ലത്തീഫിൽ നിന്നും ഈടാക്കും.
11 Feb 2022 7:56 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പിവി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണി പാലിയിലെ ഭൂമിയിൽ അനധികൃതമായി നിർമിച്ച തടയണയും അനുബന്ധ നിർമ്മിതികളുടെയും പൊളിച്ചു നീക്കൽ ആരംഭിച്ചു. ഓംബുഡ്സ്മാന്റെ ഉത്തരവിനെ തുടര്‍ന്ന് ഊര്‍ങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടി. അനുമതിയില്ലാതെ കെട്ടിയ തടയണ പൊളിച്ചു നീക്കാന്‍ നേരെത്തെ ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു.
2015-16 കാലയളവിലാണ് ചീങ്കണ്ണി പാലിയിൽ അനുമതിയില്ലാതെ പ്രവർത്തികൾ നടന്നത്. റോപ്പ് വേ പൊളിച്ചുനീക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂർ സ്വദേശി എം പി വിനോദ് നൽകിയ പരാതിയിന്മേലാണ് നടപടി. റസ്റ്റോറന്റിനായുള്ള അനുമതിയുടെ മറവില്‍ നിയമ വിരുദ്ധമായി കെട്ടിയ റോപ് വേ പൊളിച്ച് മാറ്റി നവംബര്‍ 30ന് റിപ്പോര്‍ട്ട് നല്കാന് ഓംബുഡ്സ്മാന് നേരത്തെ ഉത്തരവ് നല്‍കിയിരുന്നെങ്കിലും നടപ്പിലായില്ല. തുടര്‍ന്ന് റോപ് വേ പൊളിച്ച് മാറ്റാനുള്ള ഉത്തരവ് നടപ്പിലാക്കുന്ന കാര്യത്തില്‍ വീഴ്ച സംഭവിച്ചാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്ന് ഓംബുഡ്സ്മാന് ജസ്റ്റിസ് പി.എസ്. ഗോപിനാഥന് മുന്നറിയിപ്പ് നല്കി.
അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ച് നീക്കി ജനുവരി 25ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ വീണ്ടും നടപടികള്‍ വൈകുകയായിരുന്നു. കരാറടിസ്ഥാനത്തിൽ സ്വകാര്യ കമ്പനിക്കാണ് നിർമ്മിതികൾ പൊളിച്ചുമാറ്റാൻ പഞ്ചായത്ത് അനുമതി നൽകിയിരിക്കുന്നത്. 10 ദിവസം ആണ് കരാർ കാലാവധി. ഒന്നരലക്ഷം രൂപയുടെ അടുത്താണ് നിർമ്മിതികൾ പൊളിക്കാനായി പഞ്ചായത്ത് ചിലവിടുന്നത്. ഈ തുക പി വി അൻവറിന്റെ ഭാര്യ പിതാവ് അബ്ദുൽ ലത്തീഫിൽ നിന്നും ഈടാക്കും.